9 Jun 2022 6:12 AM GMT
Summary
ഡെല്‍ഹി: ബാങ്കിംഗുമായി ബന്ധപ്പെട്ട് പരാതി പരിഹാരത്തിനായി ബാങ്കിംഗ് ഓംബുഡ്സ്മാന്‍ എന്ന 'അധികാരിയുള്ളത്' സാധാരണക്കാര്‍ക്കുള്‍പ്പടെ നല്‍കുന്ന ധൈര്യം ചെറുതല്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളെക്കാള്‍ ഒക്കെ എത്രയോ അധികമാണ് സമൂഹ മാധ്യമ (സോഷ്യല്‍ മീഡിയ) അക്കൗണ്ടുകളുടെ എണ്ണം. ഇവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ആരുടെ മുന്നില്‍ പരാതി സമര്‍പ്പിക്കുമെന്നുള്ളത് ഏറെ നാളായി പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. സമൂഹ മാധ്യമ കമ്പനികള്‍ക്കും ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ക്കും സ്വയം നിയന്ത്രിത […]
ഡെല്‍ഹി: ബാങ്കിംഗുമായി ബന്ധപ്പെട്ട് പരാതി പരിഹാരത്തിനായി ബാങ്കിംഗ് ഓംബുഡ്സ്മാന്‍ എന്ന 'അധികാരിയുള്ളത്' സാധാരണക്കാര്‍ക്കുള്‍പ്പടെ നല്‍കുന്ന ധൈര്യം ചെറുതല്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളെക്കാള്‍ ഒക്കെ എത്രയോ അധികമാണ് സമൂഹ മാധ്യമ (സോഷ്യല്‍ മീഡിയ) അക്കൗണ്ടുകളുടെ എണ്ണം. ഇവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ആരുടെ മുന്നില്‍ പരാതി സമര്‍പ്പിക്കുമെന്നുള്ളത് ഏറെ നാളായി പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന ചോദ്യമാണ്.
ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. സമൂഹ മാധ്യമ കമ്പനികള്‍ക്കും ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ക്കും സ്വയം നിയന്ത്രിത പരാതി പരിഹാര അപ്പലേറ്റ് സംവിധാനം ഒരുക്കാമെന്നും, ഇത്തരം നീക്കത്തെ സര്‍ക്കാര്‍ തുറന്ന മനസോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കമ്പനികള്‍ക്കുള്ള തര്‍ക്ക പരിഹാര സംവിധാനത്തിന് പുറമേ 'ഉന്നതാധികാര കമ്മറ്റി'യ്ക്ക് രൂപം കൊടുക്കാന്‍ പ്രാപ്തമാക്കുന്ന സര്‍ക്കാര്‍ നീക്കമാണിത്.
ഈ മാസം പകുതിയോടെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച കരട് വിജ്ഞാപനത്തോടൊപ്പമുള്ള പത്രക്കുറിപ്പില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനത്തില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി ജൂണ്‍ ആറ് മുതല്‍ 30 ദിവസമാക്കി നീട്ടി നല്‍കിയിരുന്നു. രാജ്യത്തെ എല്ലാ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വസ്തവും ഉത്തരവാദിത്വമുള്ളതുമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഭേദഗതിയെന്ന് ഐ.ടി. മന്ത്രാലയം പറഞ്ഞു.
അന്‍പത് ലക്ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ള സമൂഹ മാധ്യമ സ്ഥാപനങ്ങള്‍ പരാതികളറിയിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെയും ഒരു നോഡല്‍ ഓഫീസറെയും ചീഫ് കംപ്ലയന്‍സ് ഓഫീസറെയും നിയമിക്കണം. ഇവര്‍ ഇന്ത്യക്കാരായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സമൂഹ മാധ്യമ രംഗത്തുള്ള കോര്‍പ്പറേറ്റുകള്‍ക്കുള്‍പ്പടെ ചട്ടം ബാധകമാണ്. ഇന്റര്‍നെറ്റ് രംഗം വികസിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും നിലവിലുള്ള നിയമത്തിലെ പേരായ്മകളും വര്‍ധിക്കുന്നുണ്ട്.
ഇവ പരിഹരിച്ചുകൊണ്ടാണ് പുതിയ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ പരാതി ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ നല്‍കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ ഒരു പരാതി അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ കരട് ഭേദഗതിയില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2021 മെയ് 26-നാണ് സമൂഹ മാധ്യമ കമ്പനികള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ നിലവില്‍ വന്നത്.
ഇതു പ്രകാരം സമൂഹ മാധ്യമ കമ്പനികള്‍ രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, പൊതുക്രമം തുടങ്ങിയവയ്ക്ക് ഭീഷണിയുണ്ടാകുന്ന പോസ്റ്റുകളുടെ പ്രഥമ ഉറവിടം വ്യക്തമാക്കണമെന്നും നിബന്ധനയുണ്ട്. പരാതികള്‍ സ്വീകരിച്ച് 30 ദിവസത്തിനകം പാനല്‍ അത് തീര്‍പ്പാക്കണമെന്നും ഇതിലെടുക്കുന്ന തീരുമാനം ഇടനിലക്കാര്‍ക്കോ ബന്ധപ്പെട്ട വലിയ സമൂഹ മാധ്യമ കമ്പനികള്‍ക്കോ ബാധകമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പകര്‍പ്പവകാശ ലംഘനം, അപകീര്‍ത്തി, അശ്ലീലം, ഉള്‍പ്പടെ പത്ത് തരം ഉള്ളടക്കം സംബന്ധിച്ചു പരാതി ലഭിച്ചാല്‍ 72 മണിക്കൂറിനകം നടപടി സ്വീകരിക്കണം. വിജ്ഞാപനം അനുസരിച്ച് ഒരു ചെയര്‍പേഴ്‌സണും അംഗങ്ങളും ഉള്‍പ്പെടുന്ന ഒന്നോ അതിലധികമോ പരാതി അപ്പീല്‍ കമ്മറ്റികള്‍ സര്‍ക്കാരിന് രൂപം നല്‍കാം.
ഐടി സംബന്ധിച്ച ചട്ടങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ചില വിദേശ കമ്പനികള്‍ ഇന്ത്യ വിടാനുള്ള നീക്കത്തിലാണ്. എക്‌സ്പ്രസ് വിപിഎന്‍ കമ്പനിക്കു പിന്നാലെ, സര്‍ഫ്ഷാര്‍ക് വിപിഎന്നും ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധന അനുസരിക്കാനാവില്ല എന്നതിനാലാണിത്. ഇന്ത്യ പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന നിയമ പ്രകാരം 180 ദിവസത്തേക്ക് ആളുകളുടെ ലോഗും അവരെക്കുറിച്ച് 5 വര്‍ഷത്തിലേറെയുള്ള ഡേറ്റയും സൂക്ഷിക്കണം.
തങ്ങള്‍ ഒരു ലോഗും സൂക്ഷിക്കില്ലെന്ന് അഭിമാനത്തോടെ പറയുന്ന കമ്പനിയാണെന്നും അതിനാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും കമ്പനിയുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. നോര്‍ഡ്വിപിഎന്‍ കമ്പനിയും സേര്‍വര്‍ ഇന്ത്യയില്‍ നിന്നു മാറ്റാന്‍ തുടങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നെതര്‍ലാന്‍ഡ്സിലാണ് സര്‍ഫ്ഷാര്‍ക്കിന്റെ ആസ്ഥാനം.
വിപിഎന്‍ വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെ ഇത് ആയുധമാക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് നിയമങ്ങള്‍ കര്‍ശമാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഉത്തരവു പുറപ്പെടുവിച്ച് 60 ദിവസത്തിനുള്ളില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജൂലൈ 27 മുതലാണ് രാജ്യത്ത് ഈ നിയമം ബാധകമാകുക.
ഉപഭോക്താക്കള്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കുന്ന നെറ്റ്വര്‍ക്കാണ് വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്വര്‍ക്ക് (വിപിഎന്‍). പല വന്‍കിട കമ്പനികളും കോവിഡ് ലോക്ക് ഡൗണ്‍ സമയത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്തവര്‍ക്ക് വിപിഎന്‍ നല്‍കിയിരുന്നു. സുരക്ഷിതത്വം ഉറപ്പാക്കി സൈബര്‍ നുഴഞ്ഞുകയറ്റം തടയാനാണ് മിക്ക കമ്പനികളും വിപിഎന്‍ ഉപയോഗിക്കുന്നത്.