26 May 2022 6:56 AM GMT
Summary
ഡെല്‍ഹി: രാജ്യത്തെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി. ലൈംഗീക തൊഴിലിനെ കോടതി ഒരു പ്രൊഫഷനായി അംഗീകരിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായവര്‍ ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മറ്റ് പൗരന്മാരെ പോലെ ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും നിയമത്തില്‍ തുല്യ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി […]
ഡെല്‍ഹി: രാജ്യത്തെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി. ലൈംഗീക തൊഴിലിനെ കോടതി ഒരു പ്രൊഫഷനായി അംഗീകരിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായവര്‍ ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മറ്റ് പൗരന്മാരെ പോലെ ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും നിയമത്തില്‍ തുല്യ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണ്.
വേശ്യാലയം റെയ്ഡ് ചെയ്യുമ്പോള്‍ ഉഭയസമ്മത പ്രകാരം ബന്ധത്തില്‍ ഏര്‍പ്പെടുന്ന ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. വേശ്യാലയത്തില്‍ താമസിക്കുന്നുവെന്ന് കരുതി പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക തൊഴിലാളികളാക്കി ചിത്രീകരിക്കരുതെന്നും ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്ക് അവരുടെ ഒപ്പം കഴിയാന്‍ അവകാശമുണ്ടെന്നും അവരെ വേര്‍പിരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
'അമ്മയ്ക്കൊപ്പം വേശ്യാലയത്തില്‍ കഴിയുന്ന കുട്ടികളെ കടത്തിക്കൊണ്ട് വന്നതാണെന്ന് കരുതരുത്. ലൈംഗിക പീഡനത്തിനെതിരേ ലൈംഗിക ത്തൊഴിലാളികള്‍ നല്‍കുന്ന പരാതികള്‍ പോലീസ് വിവേചനപരമായി കണക്കാക്കരുത്'. പരാതി നല്‍കുന്നവര്‍ക്ക് എല്ലാ നിയമ, വൈദ്യ സഹായങ്ങളും നല്‍കണമെന്നും കോടതി വിധിയിലുണ്ട്.
'അംഗീകാരം ഇല്ലാത്ത വര്‍ഗമെന്ന് കണക്കാക്കി ലൈംഗികത്തൊഴിലാളികള്‍ക്ക് നേരേ സ്വീകരിക്കുന്ന സമീപനരീതി പോലീസ് മാറ്റണം. ലൈംഗിക ത്തൊഴിലാളികള്‍ക്ക് എതിരായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ അവരുടെ പേരോ ചിത്രമോ പരസ്യപ്പെടുത്തരുത്'. ആളുകള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് രഹസ്യമായി കാണുന്നത് ക്രിമിനല്‍ കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗര്‍ഭനിരോധന ഉറയുടെ ഉപയോഗം പോലെ ലൈംഗികത്തൊഴിലാളികള്‍ സ്വീകരിക്കുന്ന തീരുമാനങ്ങളും അവരുടെ 'കുറ്റ'ത്തിന്റെ തെളിവായി പോലീസ് കണക്കാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല, ലൈംഗികത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് അനുവദിക്കാനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയോടു സുപ്രീം കോടതി വിധിയില്‍ നിര്‍ദ്ദേശമുണ്ട്.