ഡെല്‍ഹി : രാജ്യത്തെ ഡാറ്റാ സെന്റര്‍ മേഖലയിലേക്ക് വിദേശത്ത് നിന്നുള്ള നിക്ഷേപം ഒഴുകുന്നതോടെ ആമസോണ്‍ ഉള്‍പ്പടെയുള്ള...
ഡെല്‍ഹി : രാജ്യത്തെ ഡാറ്റാ സെന്റര്‍ മേഖലയിലേക്ക് വിദേശത്ത് നിന്നുള്ള നിക്ഷേപം ഒഴുകുന്നതോടെ ആമസോണ്‍ ഉള്‍പ്പടെയുള്ള ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സര്‍വീസ് വിപുലീകരിക്കുവാന്‍ അവസരം ഒരുങ്ങുകയാണ്. ഡാറ്റാ സെന്ററുകളുടെ വിപുലീകരണം സാധ്യമാക്കും വിധം 1.2 ലക്ഷം കോടി രൂപ വരെ അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലേക്ക് നിക്ഷേപമായി എത്തുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ ചൂണ്ടിക്കാട്ടുന്നത്.
മേഖലയിലെ മുന്‍നിര കമ്പനികളായ ആമസോണ്‍ വെബ് സര്‍വീസസ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഐബിഎം, ഉബര്‍, ഡ്രോപ്‌ബോക്‌സ് എന്നീ കമ്പനികളൊക്കെ തേര്‍ഡ് പാര്‍ട്ടി ഡാറ്റാ സെന്ററുകളെയാണ് അവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് (സ്‌റ്റോറേജ്) കരാര്‍ നല്‍കുന്നത്. വിദേശത്തും സ്വദേശത്തും നിന്നുമുള്ള നിക്ഷേപം വഴി രാജ്യത്തെ ഡാറ്റാ സെന്ററുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇത്തരം കമ്പനികള്‍ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും വഴിയൊരുങ്ങും.
ഇന്ത്യന്‍ കോര്‍പ്പറേറ്റുകളായ ഹിരണാന്താനി ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, വിദേശ കമ്പനികളായ ആമസോണ്‍, എഡ്ജ്കണെക്‌സ്, മൈക്രോസോഫ്റ്റ്, ക്യാപിറ്റല്‍ ലാന്‍ഡ്, മന്ത്ര ഗ്രൂപ്പ് തുടങ്ങിയ കമ്പനികളെല്ലാം രാജ്യത്തെ ഡാറ്റാ സെന്ററുകളില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നിലവില്‍ മേഖലയിലെ മുന്‍നിര കമ്പനികളായ എന്‍ടിടി, കണ്‍ട്രോള്‍ എസ്, നെക്‌സ്ട്രാ, എസ്ടിടി ഇന്ത്യ എന്നിവയൊക്കെ തങ്ങളുടെ സ്റ്റോറേജ് കപ്പാസിറ്റി വിപുലീകരിക്കാനുള്ള നീക്കത്തിലാണ്.
ഡാറ്റാ സെന്റര്‍ ബിസിനസ് രംഗം 2024നകം 19 ശതമാനം അധിക വരുമാനം നേടാനുള്ള സാധ്യതയുണ്ടെന്നും ഐസിആര്‍എ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. ഐഒടി, 5ജി തുടങ്ങിയ സാങ്കേതികവിദ്യയുടെ കടന്നു വരവ് രാജ്യത്തെ ഡാറ്റാ സെന്ററുകളുടെ വളര്‍ച്ചയ്ക്കും ഊര്‍ജ്ജമേകും. ഡാറ്റാ സെന്ററുകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കേന്ദ്ര ബജറ്റിലും പ്രഖ്യാപനങ്ങളുണ്ടായിരുന്നു.
സെന്ററുകള്‍ക്ക് നേരെ 5.1 കോടി സൈബറാക്രമണം
രാജ്യത്തെ ഡേറ്റാ സെന്ററുകള്‍ക്ക് നേരെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ് 5.1 കോടി സൈബറാക്രമണങ്ങള്‍ നടന്നതായി ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. 40,000 വ്യത്യസ്ത ഐപി വിലാസങ്ങളില്‍ നിന്നാണ് ഈ അക്രമണങ്ങളുണ്ടായത്. 26166 യൂസര്‍ നെയിമുകളും 80,282 പാസ്‌വേഡുകളും ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഡാറ്റാ സെന്റര്‍ സ്‌റ്റോറേജില്‍ നുഴഞ്ഞ് കയറിയത്.
ഇവര്‍ സെന്ററുകളിലെ സിസ്റ്റത്തിലേക്ക് അപകടകരമായ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍ എന്‍ജനീയേഴ്സും, സൈബര്‍ പീസ് ഫൗണ്ടേഷനും, ഓട്ടോബോട്ട് ഇന്‍ഫോസെകും ചേര്‍ന്ന് നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ബോട്ട്നെറ്റുകള്‍, ട്രൊജന്‍ ഉള്‍പ്പടെ 1,262 വ്യത്യസ്തങ്ങളായ ഫയലുകള്‍ സിസ്റ്റത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇവര്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം വെല്ലുവിളികള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ സൈബര്‍ സുരക്ഷയ്ക്കായി വന്‍ തുകയാണ് ഡാറ്റാ സെന്ററുകള്‍ ചെലവാക്കുന്നത്.