24 May 2022 9:08 AM GMT
Summary
ക്രിപ്റ്റോ കറന്‍സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവ് സംഭവിച്ച് ദിവസങ്ങള്‍ക്കകം ഇതിനെതിരെ ആഞ്ഞടിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വീണ്ടും രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രിപ്‌റ്റോയുടെ നില തകര്‍ച്ചയുടെ വക്കിലാണെന്ന് സൂചിപ്പിക്കും വിധം പ്രതികരിച്ചത്. ഇപ്പോള്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റിന് എന്താണ് സംഭവിച്ചതെന്ന് നോക്കൂ എന്നും ക്രിപ്‌റ്റോയ്‌ക്കെതിരെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു. 'ക്രിപ്‌റ്റോ റെഗുലേറ്റ് ചെയ്യുന്നത് സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും […]
ക്രിപ്‌റ്റോ കറന്‍സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവ് സംഭവിച്ച് ദിവസങ്ങള്‍ക്കകം ഇതിനെതിരെ ആഞ്ഞടിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വീണ്ടും രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രിപ്‌റ്റോയുടെ നില തകര്‍ച്ചയുടെ വക്കിലാണെന്ന് സൂചിപ്പിക്കും വിധം പ്രതികരിച്ചത്. ഇപ്പോള്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റിന് എന്താണ് സംഭവിച്ചതെന്ന് നോക്കൂ എന്നും ക്രിപ്‌റ്റോയ്‌ക്കെതിരെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു.
'ക്രിപ്‌റ്റോ റെഗുലേറ്റ് ചെയ്യുന്നത് സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും മാക്രോ ഇക്കണോമിക്ക് മേഖലയിലെ സ്ഥിരതയേയും ഗുരുതരമായി ബാധിക്കും', ഗവര്‍ണര്‍ പറഞ്ഞു. പുറത്തുള്ള വ്യക്തികള്‍ നടത്തുന്ന ഊഹാപോഹങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പും ക്രിപ്‌റ്റോ കറന്‍സിയുയര്‍ത്തുന്ന ഭീഷണിയെ പറ്റി അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ടെറ ലൂണയുടെ മൂല്യമിടിവിന് പിന്നാലെ ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ വലിയ തിരിച്ചടിയാണ് ഇപ്പോള്‍ നേരിടുന്നത്.
മാത്രമല്ല, സിനിമാ-കായിക താരങ്ങള്‍ ഇനി മുതല്‍ ക്രിപ്റ്റോ പരസ്യങ്ങളിലൂടെ ഇവയെ പ്രോത്സാഹിപ്പിക്കരുതെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അടുത്തിടെ അറിയിച്ചിരുന്നു. ക്രിപ്റ്റോയുള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികളുടെ പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കമ്പനികള്‍ ഇത് സംബന്ധിച്ച നിയമലംഘനങ്ങളെ പറ്റിയും ഇവയില്‍ ഉള്‍പ്പെടുത്തണമെന്നും സെബി നിര്‍ദ്ദേശം നില്‍കിയിട്ടുണ്ട്.
അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ) ഫെബ്രുവരിയില്‍ 'ക്രിപ്‌റ്റോ പരസ്യം' സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അത്തരം പരസ്യങ്ങളില്‍ നിലപാട് അറിയിക്കണമെന്ന് ധനമന്ത്രാലയം സെബിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമായേക്കാവുന്ന പരസ്യങ്ങളില്‍ പൊതുരംഗത്തുള്ളവര്‍ ഉണ്ടെങ്കില്‍, ബന്ധപ്പെട്ട നിയമനടപടികളില്‍ ഇവരും ഉത്തരവാദികളാകുമെന്നും സെബി അധികൃതര്‍ വ്യക്തമാക്കി.
ഇന്നും തകര്‍ച്ച: ബിറ്റ്‌കോയിന്‍ 30,000 ഡോളറിന് താഴെ
ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ക്രിപ്റ്റോ കറന്‍സികളും വന്‍ ഭീഷണിയാണ് നേരിടുന്നത്. ടെറ ലൂണയൂടെ മൂല്യമിടിവ് ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും ക്രിപ്റ്റോ കറന്‍സികള്‍ കഷ്ടിച്ച് കരകയറി വരുന്നതിനിടയിലാണ് ഇവയുടെ മൂല്യം വീണ്ടും ഇടിയുന്നത്. ഇന്ന് ബിറ്റ്കോയിനിന്റെ മൂല്യം 30,000 ഡോളറിന് താഴെയെത്തി. 29,323.42 ഡോളറാണ് (3.02 ശതമാനം) ഇന്ന് ബിറ്റ്കോയിനിന്റെ മൂല്യം.
എഥറിയത്തിന്റെ മൂല്യം 1,980.33 ഡോളറിലെത്തി. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റ് വോള്യം 37.22 ശതമാനം ഉയര്‍ന്ന് 84 ബില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബിനാന്‍സ് കോയിനിന്റെ (ബിഎന്‍ബി) മൂല്യം 1.89 ശതമാനം വര്‍ധിച്ച് 325 ഡോളറിലെത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ബിഎന്‍ബിയുടെ മൂല്യത്തില്‍ 8.26 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
എക്സ്ആര്‍പി കോയിനിന്റെ മൂല്യം 24 മണിക്കൂറിനിടെ 2.33 ശതമാനം ഇടിഞ്ഞ് 0.4106 ഡോളറിലെത്തി. ഏഴ് ദിവസത്തിനിടെ എക്സ്ആര്‍പിയുടെ മൂല്യത്തില്‍ 4.38 ശതമാനം ഇടിവാണുണ്ടായത്. സോളാനാ കോയിനിന്റെ മൂല്യം 4.66 ശതമാനം ഇടിഞ്ഞ് 49.71 ഡോളറിലെത്തി. കാര്‍ഡാനോയുടെ (എഡിഎ) മൂല്യം 4.07 ശതമാനം ഇടിഞ്ഞ് 0.5171 ഡോളറായിട്ടുണ്ട്.