ഡെല്‍ഹി : പ്രതിരോധ വകുപ്പിന് കീഴില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന്‍ പ്രമാണ്‍ പത്ര) മെയ് 25ന്...
ഡെല്‍ഹി : പ്രതിരോധ വകുപ്പിന് കീഴില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന്‍ പ്രമാണ്‍ പത്ര) മെയ് 25ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. പെന്‍ഷന് ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിക്കാത്തതിനാല്‍ ഒട്ടേറെ പേര്‍ക്ക് ഈ മാസം പണം ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയില്ലെന്നും മന്ത്രാലയം അറിയിച്ചു.
മെയ് 17 വരെ ലഭ്യമായ വിവരം അനുസരിച്ച് 43,774 പെന്‍ഷനേഴ്‌സാണ് വാര്‍ഷിക ഐഡന്റിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തത്. 2016ന് മുന്‍പ് പെന്‍ഷനായവര്‍ ഇപ്പോഴും പഴയ സിസ്റ്റമാണ് (പെന്‍ഷന്‍ ലഭിക്കുന്ന രീതി) പിന്തുടരുന്നത്. ഇവരില്‍ 1.2 ലക്ഷം ആളുകളും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. പെന്‍ഷന്‍ കൃത്യമായി ലഭിക്കണമെങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഇവ വേരിഫൈ ചെയ്ത് സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലൈഫ് സര്‍ട്ടിഫിക്കറ്റിനെ അറിയാം
പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി ജീവിച്ചിരിക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതിനായി സമര്‍പ്പിക്കേണ്ട മുഖ്യ രേഖയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ്. കേന്ദ്ര, സംസ്ഥാന ജീവനക്കാരായിരുന്ന പെന്‍ഷന്‍കാരുടെ ആധാര്‍ അധിഷ്ഠിത, ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ജീവന്‍ പ്രമാണ്‍. ബാങ്കോ പോസ്റ്റ് ഓഫീസോ പോലുള്ള പെന്‍ഷന്‍ വിതരണ ഏജന്‍സികളുടെ മുമ്പാകെയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. മരണത്തിന് ശേഷം പെന്‍ഷന്‍കാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം തുടര്‍ന്നും അയാള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല എന്ന് ഉറപ്പു വരുത്താനും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉപകരിക്കും.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിന് പെന്‍ഷന്‍ വാങ്ങുന്നവര്‍ പെന്‍ഷന്‍ വിതരണ ഏജന്‍സികള്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. കോവിഡ് വ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അവതരിപ്പിച്ച ഡിജിറ്റല്‍ രൂപത്തിലുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പ്രചാരം ഏറി. ഏതെങ്കിലും പൊതുമേഖലാ ബാങ്കില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവരാണെങ്കില്‍ ബന്ധപ്പെട്ട ബാങ്ക് ഓഫീസര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കാം.
ഇത് നല്‍കി വ്യക്തിപരമായി ബാങ്കില്‍ എത്തി സ്വയം ബോധ്യപ്പെടുത്തുന്നത് ഒഴിവാക്കാം. ഇന്ത്യയില്‍ താമസമില്ലാത്ത പെന്‍ഷണര്‍ക്ക് അവരുടെ ഏജന്റ് വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ നല്‍കി നേരിട്ട് എത്തുന്നത് ഒഴിവാക്കാം. മജിസ്ട്രേറ്റ്, നോട്ടറി, ബാങ്കര്‍, നയതന്ത്ര പ്രതിനിധി തുടങ്ങിയവരില്‍ ആരെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പു വച്ചാല്‍ മതിയെന്നും ഓര്‍ക്കുക. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനം വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാം. കേന്ദ്ര സര്‍ക്കാരിന്റെ ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ കയറിയാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയാം.