അഞ്ച് ശതമാനം ഇന്‍ട്രാ-ഡേ നഷ്ടത്തില്‍ നിന്നും കരകയറി റിലാക്‌സോ ഫുട്‌വെയര്‍ ഓഹരികള്‍ നേരിയ ലാഭത്തില്‍ ഇന്ന് ക്ലോസ് ചെയ്തു. കമ്പനിയുടെ...
അഞ്ച് ശതമാനം ഇന്‍ട്രാ-ഡേ നഷ്ടത്തില്‍ നിന്നും കരകയറി റിലാക്‌സോ ഫുട്‌വെയര്‍ ഓഹരികള്‍ നേരിയ ലാഭത്തില്‍ ഇന്ന് ക്ലോസ് ചെയ്തു. കമ്പനിയുടെ വളര്‍ച്ചാ അവലോകനം മികച്ചതാണെന്ന പ്രതികരണം വന്നതോടു കൂടിയാണ് ഈ നേട്ടമുണ്ടായത്. 38 ശതമാനം ഇടിവാണ് കമ്പനിയുടെ മാര്‍ച്ച് പാദത്തിലെ ലാഭത്തിലുണ്ടായത്. നികുതി കിഴിച്ചുള്ള ലാഭം 102 കോടി രൂപയില്‍ നിന്നും 63 കോടിയായി ചുരുങ്ങിയിരുന്നു. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധികളാണ് കമ്പനിയുടെ ലാഭത്തില്‍ കുറവ് വരുത്തിയത്. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവും, വിപണന ഭരണ മേഖലകളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ ചെലവാക്കിയ തുകയും ലാഭത്തെ ബാധിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ മാറി വിപണികള്‍ പൂര്‍വ്വ സ്ഥിതി പ്രാപിക്കുന്നതോടെ ലാഭം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. "സ്‌കൂളുകളും കോളേജുകളും ഓഫീസുകളും തുറക്കുന്നതോടെ ബിസിനസില്‍ നല്ല മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം കൂടുന്നതിനാല്‍ താല്‍ക്കാലികമായി വലിയ നേട്ടമൊന്നും പ്രതീക്ഷിക്കാനില്ല. ഞങ്ങളുടെ ഉത്പന്നങ്ങള്‍ താങ്ങാവുന്നതും എളുപ്പം ലഭ്യമാകുന്നതും കൃത്യമായ വിലയോടു കൂടിയതുമാണ്. അതിനാല്‍ ഞങ്ങള്‍ക്ക് വിപണിയില്‍ പ്രത്യേക സ്ഥാനമുണ്ട്," റിലാക്‌സോ ഫുട് വെയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ രമേശ് കുമാര്‍ ദുവാ പറഞ്ഞു.