4 May 2022 3:36 AM GMT
Summary
ഡെല്‍ഹി : രാജ്യത്തെ ക്രിപ്റ്റോ മേഖലയെ വരുതിയിലാക്കാനുള്ള കൂടുതല്‍ നീക്കവുമായി കേന്ദ്രം. ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍, വാലറ്റ് കമ്പനികള്‍ എന്നിവയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി- ഇന്‍) അധികൃതര്‍ വ്യക്തമാക്കി. സൈബര്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള നിയമങ്ങളാണ് സിഇആര്‍ടി പ്രാബല്യത്തില്‍ വരുത്തുക. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആകസ്മിക സംഭവങ്ങള്‍, ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലും വാലറ്റുകളിലും നടക്കുന്ന ട്രാന്‍സാക്ഷനുകള്‍, ഡാറ്റാ സെന്ററുകളില്‍ ഉപഭോക്താക്കളുടെ കെവൈസി ഉള്‍പ്പടെയുള്ള വിവരങ്ങളുടെ സംരക്ഷണം, ക്ലൗഡ് സേവനങ്ങള്‍, […]
ഡെല്‍ഹി : രാജ്യത്തെ ക്രിപ്റ്റോ മേഖലയെ വരുതിയിലാക്കാനുള്ള കൂടുതല്‍ നീക്കവുമായി കേന്ദ്രം. ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍, വാലറ്റ് കമ്പനികള്‍ എന്നിവയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി- ഇന്‍) അധികൃതര്‍ വ്യക്തമാക്കി.
സൈബര്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള നിയമങ്ങളാണ് സിഇആര്‍ടി പ്രാബല്യത്തില്‍ വരുത്തുക. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആകസ്മിക സംഭവങ്ങള്‍, ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലും വാലറ്റുകളിലും നടക്കുന്ന ട്രാന്‍സാക്ഷനുകള്‍, ഡാറ്റാ സെന്ററുകളില്‍ ഉപഭോക്താക്കളുടെ കെവൈസി ഉള്‍പ്പടെയുള്ള വിവരങ്ങളുടെ സംരക്ഷണം, ക്ലൗഡ് സേവനങ്ങള്‍, വിപിഎന്‍ സേവന ദാതാക്കള്‍, രാജ്യത്തെ നിയമപ്രകാരം സുരക്ഷിതമായി കരുതേണ്ട വിവരങ്ങളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടാണ് പുതിയ നിയമങ്ങള്‍ വരുന്നത്.
ഏപ്രില്‍ 28ന് ഇറക്കിയ സര്‍ക്കുലറിലെ നിയമങ്ങള്‍ 60 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്നും സേവനദാതാക്കള്‍, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഡാറ്റാ സെന്ററുകള്‍ എന്നിവയ്ക്ക് ഇവ ബാധകമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ വരുന്നതാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. സൈബര്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്ന വിഭാഗം കൂടിയാണിത്.
എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം
ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ക്രിപ്റ്റോ വാലറ്റ് കമ്പനികളും കെവൈസി വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കണമെന്നും, കുറഞ്ഞത് അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കണമെന്നും സര്‍ക്കുലറിലുണ്ട്. സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സംഭവങ്ങളുണ്ടായാല്‍ ആറ് മണിക്കൂറിനകം കര്‍ശനമായും റിപ്പോര്‍ട്ട് ചെയ്യണം.
മാത്രമല്ല ഉപഭോക്താക്കളുടെ പേര്, ഐപി വിലാസം, ഇമെയില്‍ വിലാസം, കോണ്ടാക്ട് വിവരങ്ങള്‍ തുടങ്ങിയവയും അഞ്ച് വര്‍ഷത്തേക്ക് സൂക്ഷിക്കണെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ കെവൈസി വിവരങ്ങള്‍ സംബന്ധിച്ചുള്ള നിയമങ്ങള്‍ ക്ലൗഡ് സേവനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.