image

28 April 2022 7:00 PM GMT

Technology

ഇരട്ടി ശമ്പളത്തിനും ആളില്ല, കേരളത്തിലെ ഐടിരംഗത്ത് ആള്‍ക്ഷാമം രൂക്ഷം

James Paul

IT job
X

Summary

ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്തിട്ടും ഐടി കമ്പനികളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കിട്ടാനില്ല. കോവിഡിനെ തുടര്‍ന്ന് വലിയ വളര്‍ച്ച ലക്ഷ്യമിടുന്ന കേരളത്തിലെ ഐടി മേഖലയ്ക്ക് ഇത് തിരിച്ചടി ആകുന്നു. കോവിഡിന് ശേഷം ഐടിയില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. എന്നാല്‍ വര്‍ധിച്ചു വരുന്ന ഡിമാന്റിനനുസരിച്ച് വൈദഗ്ധ്യമുള്ളവരെ കിട്ടാനില്ല എന്നതാണ് പ്രശ്‌നം. കഴിഞ്ഞ ഏതാനം മാസത്തിനിടെ 30 ശതമാനം വരെയാണ് തൊഴില്‍ ആവശ്യം ഉയര്‍ന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ഐടി കമ്പനികള്‍ പലതും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. […]


ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്തിട്ടും ഐടി കമ്പനികളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കിട്ടാനില്ല. കോവിഡിനെ തുടര്‍ന്ന് വലിയ വളര്‍ച്ച ലക്ഷ്യമിടുന്ന കേരളത്തിലെ ഐടി മേഖലയ്ക്ക് ഇത് തിരിച്ചടി ആകുന്നു. കോവിഡിന് ശേഷം ഐടിയില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. എന്നാല്‍ വര്‍ധിച്ചു വരുന്ന ഡിമാന്റിനനുസരിച്ച് വൈദഗ്ധ്യമുള്ളവരെ കിട്ടാനില്ല എന്നതാണ് പ്രശ്‌നം. കഴിഞ്ഞ ഏതാനം മാസത്തിനിടെ 30 ശതമാനം വരെയാണ് തൊഴില്‍ ആവശ്യം ഉയര്‍ന്നത്.

ഈ പ്രതിസന്ധി മറികടക്കാന്‍ ഐടി കമ്പനികള്‍ പലതും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം ഇന്‍സെന്റീവ് അടക്കമുള്ള പല ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാകുകയും ചെയ്യുന്നു. എന്നാല്‍ അതൊന്നും പ്രതീക്ഷിച്ച ഫലം നല്‍കുന്നില്ലെന്നാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് വക്താവ് വ്യക്തമാക്കുന്നത്. നിലവില്‍ വാങ്ങുന്ന ശമ്പളത്തിന്റെ 50 ശതമാനം മുതല്‍ ഇരട്ടി വരെ നല്‍കാന്‍ പല കമ്പനികളും തയ്യാറാണ്. പക്ഷെ, യോഗ്യരായവരെ കിട്ടാനില്ലെന്നതാണ് പ്രശ്‌നം- ഇൻഫോപാർക്കിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. "കോവിഡിന് ശേഷം പല ഓഫീസുകളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്ന സമയമാണിത്. ഐടി കമ്പനികളില്‍ ഒട്ടേറെ ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെ കമ്പനികള്‍ ബുദ്ധിമുട്ടുകയാണ്. തൊഴില്‍ പ്രാവീണ്യമുള്ളവര്‍ ജോലിമാറുന്ന സമയം കൂടിയാണിത്. കോവിഡിനെ തുടർന്ന്, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള(വർക്ക് ഫ്രം ഹോം) സൌകര്യം കമ്പനികൾ ഏർപ്പെടുത്തിയതോടെ ജീവനക്കാരിൽ ഏറെ പേരും ഫ്രീലാൻസ് ജോലികളിലേക്ക് തിരിയുകയോ വിദേശകമ്പനികളിൽ ചേരുകയോ ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം" അദ്ദേഹം വ്യക്തമാക്കുന്നു.

ഒഴിവുകള്‍ സോഫ്റ്റ് വെയറില്‍

വിവിധ ശാഖകളില്‍ കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കൂടുതലും സോഫ്റ്റ് വെയര്‍ മേഖലയിലാണ്. കംപ്യൂട്ടര്‍ എഞ്ചിനീയറിംഗും അനുബന്ധ വിഷയങ്ങളും പഠിച്ചവര്‍ക്കാണ് അവസരങ്ങള്‍. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ എന്നീ മേഖലകളിലെ കമ്പനികളാണ് ജോലിക്കാരെ കിട്ടാനില്ലത്തത് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്കു വരെ അവസരങ്ങള്‍ ധാരാളമാണ്.

വര്‍ക്ക് ഫ്രം ഹോം

വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന(വര്‍ക്ക് ഫ്രം ഹോം) കമ്പനികളെയാണ് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്പര്യം. അതുകൊണ്ട് കോവിഡ് കഴിഞ്ഞെങ്കിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ്. ആഴ്ചയില്‍ മൂന്ന് ദിവസം വീട്ടിലിരുന്നും ബാക്കി ദിവസങ്ങള്‍ ഓഫീസില്‍ വന്നും ജോലിചെയ്യാനുള്ള ഹൈബ്രിഡ് സൗകര്യം മിക്ക കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്‍പ് കമ്പനികളാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കമ്പനികളെ തിരഞ്ഞെടുക്കുന്ന രീതിയാണ്.

"ജോലിയുടെ സ്വഭാവമനുസരിച്ച് ചില ജോലികള്‍ക്ക് ഓഫീസില്‍ വരേണ്ടത് നിര്‍ബന്ധമാണ്. മിക്ക ഐടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളില്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നതും അതാണ്," കൊച്ചിയിലെ എച്ച് ആര്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയായ എച്ച് ട്രീയുടെ എംഡിയും മാനേജിംഗ് ഡയറക്ടറുമായ എബ്രഹാം ഓലിക്കല്‍ പറഞ്ഞു.

പുതിയ സാധ്യതകള്‍

കേരളത്തില്‍ ഐടി മേഖലയില്‍ വിപുലമായ സാധ്യതകളാണുള്ളത്. ബ്ലോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി പോലുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കാണ് ഏറ്റവും ഡിമാന്റ്. "ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേസമയം രണ്ടോ മൂന്നോ ഓഫറുകള്‍ ലഭിക്കുന്നതിനാല്‍ വിപണിയില്‍ പ്രതിഭകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടായി. ഉദ്യോഗാര്‍ത്ഥികള്‍ കമ്പനികളുമായി വിലപേശാന്‍ തുടങ്ങി, അതിന്റെ ഫലമായി ശമ്പള നിലവാരം വര്‍ധിച്ചു. ഇപ്പോള്‍ വിപണി ഉദ്യോഗാര്‍ത്ഥികളുടെ കൈകളിലാണ്," എബ്രഹാം ഓലിക്കല്‍ പറഞ്ഞു.

അടുത്ത കാലത്തായി, കൊച്ചിയിലെ ഐടി വ്യവസായത്തില്‍ ധാരാളം നിയമനങ്ങള്‍ നടക്കുന്നുണ്ട്. ടിസിഎസ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഒട്ടേറെ നിയമനങ്ങള്‍ നടത്തി. ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ നിയമനങ്ങള്‍ നടത്തിയ മറ്റൊരു സ്ഥാപനമാണ് മിറ്റ്സോഗോ. ഇന്നൊവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനും അനുബന്ധ വികസനത്തിനുമായി 690 കോടി രൂപ നിക്ഷേപിക്കാനുള്ള ടിസിഎസിന്റെ പദ്ധതി വരും വര്‍ഷങ്ങളില്‍ കൊച്ചിയില്‍ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.