28 April 2022 7:09 AM GMT
Summary
മുംബൈ : ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്തെ സ്വര്‍ണ ആവശ്യകത (ഡിമാന്‍ഡ്) 18 ശതമാനം ഇടിഞ്ഞ് 135.5 ടണ്ണായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്യുജിസി) റിപ്പോര്‍ട്ട്. വില വര്‍ധനയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ രാജ്യത്തെ സ്വര്‍ണ ആവശ്യകത 165.8 ടണ്ണായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസം ആവശ്യകത 12 ശതമാനം വര്‍ധിച്ച് 61,550 കോടി രൂപയില്‍ എത്തി. മുന്‍ വര്‍ഷം […]
മുംബൈ : ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്തെ സ്വര്‍ണ ആവശ്യകത (ഡിമാന്‍ഡ്) 18 ശതമാനം ഇടിഞ്ഞ് 135.5 ടണ്ണായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്യുജിസി) റിപ്പോര്‍ട്ട്. വില വര്‍ധനയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ രാജ്യത്തെ സ്വര്‍ണ ആവശ്യകത 165.8 ടണ്ണായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസം ആവശ്യകത 12 ശതമാനം വര്‍ധിച്ച് 61,550 കോടി രൂപയില്‍ എത്തി. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 69,720 കോടി രൂപയായിരുന്നുവെന്നും ഡബ്ല്യുജിസി ഇറക്കിയ 'ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്സ് ക്യു 1 2022' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനവ് പ്രകടമായിരുന്നുവെന്നും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളാണ് ഇതിന് കാരണമായതെന്നും ഡബ്ല്യുജിസി റീജിയണല്‍ സിഇഒ (ഇന്ത്യ) പി ആര്‍ സോമസുന്ദരം പറഞ്ഞു. ഈ കാലയളവില്‍ സ്വര്‍ണവില 8 ശതമാനം വരെ വര്‍ധിച്ച് 45,434 രൂപയിലെത്തിയിരുന്നു (10 ഗ്രാമിന്). മുന്‍വര്‍ഷം ഇത് 42,045 കോടി രൂപയായിരുന്നു (2021 ജനുവരി-മാര്‍ച്ച്). ജനുവരി മുതല്‍ മാര്‍ച്ച് വരെ ജ്വല്ലറി ഡിമാന്‍ഡ് 26 ശതമാനം ഇടിഞ്ഞ് 94.2 ടണ്ണായി. മുന്‍ വര്‍ഷം ഇത് 126.5 ടണ്ണായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ജ്വല്ലറി ഡിമാന്‍ഡ് 20 ശതമാനം വര്‍ധിച്ച് 42,800 കോടി രൂപയായി (2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ). ഇതേ കാലയളവില്‍ രാജ്യത്തെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിഞ്ഞ് 94 ടണ്ണിലെത്തി. സ്വര്‍ണ്ണ വില കുത്തനെ വര്‍ധിക്കുന്ന സാഹചര്യം നിലനില്‍ക്കേ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞു. ഇത് ചില്ലറ വില്‍പ്പന ഡിമാന്‍ഡിനെ ബാധിച്ചുവെന്നും, വില കുറയുമെന്ന് പ്രതീക്ഷിച്ച് രാജ്യത്തെ കുടുംബങ്ങള്‍ സ്വര്‍ണാഭരണങ്ങളുടെ പര്‍ച്ചേസ് നീട്ടിവെക്കുകയാണെന്നും പി ആര്‍ സോമസുന്ദരം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം രാജ്യത്തെ സ്വര്‍ണത്തിന്റെ മൊത്തത്തിലുള്ള ആവശ്യം 800-850 ടണ്‍ വരെ ആകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ സ്വര്‍ണ്ണ നിക്ഷേപ ആവശ്യം 13 ശതമാനം ഉയര്‍ന്ന് 18,750 കോടി രൂപയായി. 2021ലെ അതേ പാദത്തില്‍ ഇത് 16,520 കോടി രൂപയായിരുന്നു. സ്വര്‍ണക്കട്ടി, നാണയങ്ങള്‍ എന്നിവയിലുള്ള നിക്ഷേപം 5 ശതമാനം വര്‍ധിച്ച് 41 ടണ്ണിലെത്തിയെന്നും സോമസുന്ദരം പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ വര്‍ഷം ആദ്യ പാദത്തില്‍ 8 ടണ്‍ സ്വര്‍ണം വാങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ന്റെ ആദ്യ പാദത്തില്‍, രാജ്യത്ത് റീസൈക്കിള്‍ ചെയ്ത മൊത്തം സ്വര്‍ണത്തിന്റെ അളവ് 88 ശതമാനം ഉയര്‍ന്ന് 27.8 ടണ്ണായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14.8 ടണ്ണായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മൊത്തം ബുള്ളിയന്‍ ഇറക്കുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 313.9 ടണ്ണില്‍ നിന്ന് 58 ശതമാനം ഇടിഞ്ഞ് 132.2 ടണ്ണായി എന്നും റിപ്പോര്‍ട്ടിലുണ്ട്.