image

19 April 2022 8:17 AM GMT

Tax

ജിഎസ്ടി നിരക്ക് യുക്തിസഹമാക്കുന്നതില്‍ നിലപാട് എടുക്കാതെ മന്ത്രിമാരുടെ പാനല്‍

MyFin Desk

GST
X

Summary

ഡെല്‍ഹി: നിരക്ക് യുക്തിസഹമാക്കുന്നത് പരിശോധിക്കാന്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ ചുമതലപ്പെടുത്തിയ മന്ത്രിമാര്‍ ഇതുവരെ ഈ വിഷയത്തില്‍ ഒരു നിലപാട് എടുത്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാള്‍, കേരളം, ഗോവ, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാര്‍ അംഗങ്ങളായുള്ള സംഘം അടുത്ത മാസം ആദ്യം യോഗം ചേര്‍ന്നേക്കും. ജിഎസ്ടിക്ക് കീഴിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് 5 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം […]


ഡെല്‍ഹി: നിരക്ക് യുക്തിസഹമാക്കുന്നത് പരിശോധിക്കാന്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ ചുമതലപ്പെടുത്തിയ മന്ത്രിമാര്‍ ഇതുവരെ ഈ വിഷയത്തില്‍ ഒരു നിലപാട് എടുത്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാള്‍, കേരളം, ഗോവ, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാര്‍ അംഗങ്ങളായുള്ള സംഘം അടുത്ത മാസം ആദ്യം യോഗം ചേര്‍ന്നേക്കും.

ജിഎസ്ടിക്ക് കീഴിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് 5 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം മന്ത്രിമാരുടെ ഏഴംഗ സംഘം എടുത്തിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സമിതിയുടെ ഏത് ശുപാര്‍ശയും അന്തിമ തീരുമാനത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെയും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ജിഎസ്ടി കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗം മെയ് രണ്ടാം പകുതിയില്‍ യോഗം ചേരുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടായിട്ടില്ല.

അതേസമയം പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തില്‍, ജിഎസ്ടി നിരക്കുകളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് വിലക്കയറ്റത്തിന് കാരണമാകാതിരിക്കാന്‍ കര്‍ശനമായി പരിശോധിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം രാഷ്ട്രീയ തീരുമാനമാണെന്നും ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അത് പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ യഥാക്രമം 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയുള്ള നിരക്കുകള്‍ അടങ്ങുന്ന നാല് സ്ലാബുകളാണ് ജിഎസ്ടിക്കുള്ളത്. കൂടാതെ, വിലയേറിയ ലോഹങ്ങള്‍ പോലുള്ള ചില സാധനങ്ങള്‍ക്ക് പ്രത്യേക നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്.