18 April 2022 3:53 AM GMT
Summary
ഡെല്‍ഹി : രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകളിന്മേല്‍ ശരാശരി 20 മുതല്‍ 46 ദിവസത്തിനുള്ളില്‍ (ആറാഴ്ച്ച) തീര്‍പ്പുണ്ടാക്കാന്‍ സാധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനിയായ സെക്യൂവര്‍ നൗ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ക്ലെയിം സംബന്ധിച്ച വിവരങ്ങള്‍ വളരെ ത്വരിതഗതിയിലാണ് രോഗികള്‍ ഇന്‍ഷുറര്‍മാരെ അറിയിക്കുന്നത്. രോഗികളില്‍ ഭൂരിഭാഗവും ആശുപത്രിയില്‍ പ്രവേശിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ വിവരം ധരിപ്പിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് ഒട്ടേറെ സമയമെടുക്കുന്നുണ്ടെന്ന് […]
ഡെല്‍ഹി : രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകളിന്മേല്‍ ശരാശരി 20 മുതല്‍ 46 ദിവസത്തിനുള്ളില്‍ (ആറാഴ്ച്ച) തീര്‍പ്പുണ്ടാക്കാന്‍ സാധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനിയായ സെക്യൂവര്‍ നൗ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ക്ലെയിം സംബന്ധിച്ച വിവരങ്ങള്‍ വളരെ ത്വരിതഗതിയിലാണ് രോഗികള്‍ ഇന്‍ഷുറര്‍മാരെ അറിയിക്കുന്നത്. രോഗികളില്‍ ഭൂരിഭാഗവും ആശുപത്രിയില്‍ പ്രവേശിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ വിവരം ധരിപ്പിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് ഒട്ടേറെ സമയമെടുക്കുന്നുണ്ടെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020-21 കാലയളവിലാണ് ഇത്തരത്തിലുള്ള പരാതികള്‍ കൂടുതലായും ഉയര്‍ന്നത്. കൃത്യസമയത്ത് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാതിരുന്നത് മൂലം ഒട്ടേറെ കുടുംബങ്ങള്‍ക്ക് മേല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുകയും ചെയ്തിരുന്നു. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രസവവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ശരാശരി 7 മുതല്‍ 108 ദിവസം വരെ എടുക്കുന്നുണ്ട്. സിസേറിയന് 9 മുതല്‍ 135 ദിവസം വരെ എടുക്കും. കീമോതെറാപ്പി സംബന്ധിച്ച ക്ലെയിമിന് 12 മുതല്‍ 35 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പ് കാണാന്‍ സാധിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇതോടെ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഐആര്‍ഡിഎഐ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി) രംഗത്ത് വന്നിരുന്നു. ആധികാരികമല്ലാത്ത, രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത വൈബ്സൈറ്റുകളും സ്ഥാപനങ്ങളും ഒഴിവാക്കണമെന്നാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.
നികുതി ഇളവുണ്ടേ
സെക്ഷന്‍ 80 ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലൂടെ 50,000 രൂപ വരെ നികുതി ലാഭിക്കാമെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. നികുതിദായകന് സ്വന്തം ആവശ്യങ്ങള്‍ക്കോ കുടുംബത്തിനോ വേണ്ടിയോ അടച്ച മെഡിക്കല്‍ ഇന്‍ഷുറന്‍സിന് ഈ സെക്ഷന്‍ വഴി ഇളവുകള്‍ ലഭിക്കും. 60 വയസ്സിന് താഴെയുള്ള രക്ഷകര്‍ത്താക്കള്‍ക്കു 25,000 രൂപയുടെ കിഴിവ് ഇത് പ്രകാരം ലഭ്യമാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ 50,000 രൂപ അധിക കിഴിവ് ലഭിക്കും.
നികുതിദായകരും രക്ഷിതാക്കളും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നു. എന്നാല്‍ ഗുരുതരമായ അസുഖമുള്ളവര്‍, ശസ്ത്രക്രിയ നടത്തിയവര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കായി ടേം ഇന്‍ഷുറന്‍സ് എന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നു. 80 ഡി കിഴിവുകള്‍ ലഭിക്കുന്നതിന് തെളിവോ ഡോക്യുമെന്റേഷനോ ആവശ്യമില്ല.