image

17 April 2022 6:00 AM GMT

Banking

പാപ്പരത്വ കേസുകളില്‍ മൊത്തം കടത്തി​ന്റെ 31 ശതമാനം മാത്രം തിരികെ ലഭിച്ചു: റിപ്പോര്‍ട്ട്

PTI

Debt
X

Summary

മുംബൈ: പാപ്പരത്വ നടപടിക്രമങ്ങളിലായിരുന്ന 3,247 കേസുകളില്‍ പകുതിയോളം കമ്പനികളുടെ പിരിച്ചുവിടലിലൂടെ പരിഹരിച്ചു. വായ്പദാതാക്കള്‍ അംഗീകരിച്ച പരിഹാര ആസൂത്രണങ്ങളുടെ ഭാഗമായി 457 കേസുകള്‍, അഥവാ 14 ശതമാനത്തോളം കേസുകള്‍, ആസ്തി വില്‍പ്പനയിലൂടെയും പരിഹരിച്ചു. എന്നാൽ, വിവിധ പരിഹാര പ്രക്രിയകളിലൂടെ പോലും ശരാശരി 31 ശതമാനം മാത്രമാണ് കടം തിരിച്ചുപിടിക്കാന്‍ സാധിച്ചതെന്നാണ് ഇന്‍സോള്‍വന്‍സി & ബാങ്ക് റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ പറയുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി കോഡ് (ഐബിസി) നടപ്പിലാക്കിയതിന് ശേഷം ഡിസംബര്‍ 2021 […]


മുംബൈ: പാപ്പരത്വ നടപടിക്രമങ്ങളിലായിരുന്ന 3,247 കേസുകളില്‍ പകുതിയോളം കമ്പനികളുടെ പിരിച്ചുവിടലിലൂടെ പരിഹരിച്ചു. വായ്പദാതാക്കള്‍ അംഗീകരിച്ച പരിഹാര ആസൂത്രണങ്ങളുടെ ഭാഗമായി 457 കേസുകള്‍, അഥവാ 14 ശതമാനത്തോളം കേസുകള്‍, ആസ്തി വില്‍പ്പനയിലൂടെയും പരിഹരിച്ചു.

എന്നാൽ, വിവിധ പരിഹാര പ്രക്രിയകളിലൂടെ പോലും ശരാശരി 31 ശതമാനം മാത്രമാണ് കടം തിരിച്ചുപിടിക്കാന്‍ സാധിച്ചതെന്നാണ് ഇന്‍സോള്‍വന്‍സി & ബാങ്ക് റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ പറയുന്നത്.

അഞ്ച് വര്‍ഷം മുമ്പ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി കോഡ് (ഐബിസി) നടപ്പിലാക്കിയതിന് ശേഷം ഡിസംബര്‍ 2021 വരെയുള്ള കേസുകളുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഈ പ്രക്രിയയുടെ വളരെ മന്ദഗതിയിലുള്ള പോക്ക് മനസിലാക്കാമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ (ICRA) അഭിപ്രായം.

വായ്പദാതാക്കള്‍ 7.52 ലക്ഷം കോടി രൂപയുടെ ക്ലെയിമുകളണ് സമര്‍പ്പിച്ചത്. അതില്‍ 2.5 ലക്ഷം കോടി രൂപ മാത്രമേ തിരിച്ചു പിടിക്കാനായുള്ളു. വിവിധ എന്‍സിഎല്‍ടികള്‍ (നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലുകള്‍) 2021 ഡിസംബര്‍ വരെ 4,946 പാപ്പരത്വ കേസുകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇപ്പോഴും 10,000 ലധികം അപേക്ഷകളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്.

ഏജന്‍സിയുടെ കണക്കനുസരിച്ച്, എന്‍സിഎല്‍ടികള്‍ ഇതുവരെ 3,247 അപേക്ഷകളാണ് അവസാനിപ്പിച്ചത്. നടപടിക്രമങ്ങള്‍ തുടരുന്ന അപേക്ഷകളുടെ എണ്ണം 1,699 ആണ്. ഇനിയും 22 ശതമാനം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്നും, കേസുകളില്‍ 17 ശതമാനം ഇതുവരെ പിന്‍വലിച്ചിട്ടുണ്ടെന്നും ഇക്ര പറയുന്നു.

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ 77 ശതമാനത്തോളം ബോര്‍ഡ് ഫോർ ഇന്‍ഡസ്ട്രിയല്‍ ആൻഡ് ഫിനാൻഷ്യൽ റീ കണ്‍സ്ട്രക്ഷനു കീഴില്‍ വരുന്നതോ, അല്ലെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ കമ്പനികളോ ആണ്. ബോര്‍ഡ് ഫോർ ഇന്‍ഡസ്ട്രിയല്‍ ആൻഡ് ഫിനാൻഷ്യൽ റീ കണ്‍സ്ട്രക്ഷനും, ഡെറ്റ് റിക്കവറി ട്രിബ്യൂണലുകളും പിരിച്ചുവിടാത്തത് ഐബിസിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസമാകുന്നുവെന്നാണ് ഇക്ര പറയുന്നത്.

കൂടാതെ, കേസുകളില്‍ 50 ശതമാനം ഓപറേഷണല്‍ വായ്പാദാതാക്കള്‍ (ബിസിനസ് ഇടപാടുകളുടെ ഭാഗമായി നല്‍കിയ വായ്പകള്‍) ആയിരിക്കും. പരാതി നല്‍കി ഒരു കേസ് അവസാനിപ്പിക്കാന്‍ 90 ദിവസമാണ് അനുവദിക്കുന്ന സമയം. എന്നാല്‍ 73 ശതമാനം കേസുകളും 270 ദിവസത്തിനു ശേഷമാണ് പൂര്‍ത്തിയാക്കുന്നത്. പതിനാറ് ശതമാനം കേസുകള്‍ 90-270 ദിവസമെടുത്താണ് പൂര്‍ത്തിയാക്കുന്നത്. പതിനൊന്ന് ശതമാനം കേസുകള്‍ മാത്രമാണ് നിശ്ചിയിച്ച 90 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കുന്നത്.

നടപടിക്രമങ്ങള്‍ വൈകിയത് നിയമപരമായ കുരുക്കുകളും, ജീവനക്കാരില്ലാത്തതും എന്‍സിഎല്‍ടി ബെഞ്ചുകളുടെ അമിതഭാരവും മൂലമാണ്. കമ്പനി പിരിച്ചുവിടലിനായി നിര്‍ദ്ദേശിച്ച കേസുകളില്‍ 20 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. നിലവിലുള്ള 80 ശതമാനം കേസുകളില്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കും. കേസുകളില്‍ 51 ശതമാനം അപേക്ഷകള്‍ ഓപറേഷണല്‍ ക്രെഡിറ്റേഴ്‌സും, 43 ശതമാനം ഫിനാന്‍ഷ്യല്‍ ക്രെഡിറ്റേഴ്‌സും, ആറ് ശതമാനം കോര്‍പ്പറേറ്റ് ക്രെഡിറ്റേഴ്‌സുമാണ് നല്‍കിയിരിക്കുന്നത്.

മൊത്തം കേസുകളില്‍ 40 ശതമാനവും മാനുഫാക്ചറിംഗ് ബിസിനസ്സിലെ കമ്പനികളുടേതാണ്. തുടര്‍ന്ന്, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ 20 ശതമാനം, നിര്‍മ്മാണവും അനുബന്ധ മേഖലകളും 11 ശതമാനം വീതം, റീട്ടെയില്‍ വ്യാപാരം 10 ശതമാനം, ഗതാഗതവും വൈദ്യുതിയും മൂന്ന് ശതമാനം വീതം, ഹോട്ടലുകള്‍ രണ്ട് ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.