image

11 April 2022 8:28 AM GMT

Startups

മലബാറിലെ യുവസംരംഭകരെ ആദരിച്ച് ആസ്റ്ററോയ്ഡ് മീഡിയ

asteroid
X

Summary

കോഴിക്കോട്: ആസ്റ്ററോയ്ഡ് മീഡിയയുടെ പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ബിസിനസ്സ് സര്‍വൈവല്‍ അവാര്‍ഡും, സൗരവ് കിഷന്‍ അണ്‍പ്ലഗ്ഡ് എന്ന മ്യൂസിക് ഷോയും മാര്‍ച്ച് 30ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ചു നടത്തി. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്ററോയ്ഡ് മീഡിയ ബിസിനസ്സ് സര്‍വൈവല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. വിവിധ മേഖലകളില്‍ നിന്നായി പതിമൂന്ന് സംരംഭകരെയാണ് ആദരിച്ചത്. കുന്ദമംഗലം എംഎല്‍എ അഡ്വ പിടിഎ റഹീമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കല്‍പ്പറ്റ എംഎല്‍എ അഡ്വ ടി സിദ്ദിഖും ചടങ്ങിൽ സംസാരിച്ചു. കോവിഡ് കാലത്തെ അതിജീവിച്ച്, […]


കോഴിക്കോട്: ആസ്റ്ററോയ്ഡ് മീഡിയയുടെ പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ബിസിനസ്സ് സര്‍വൈവല്‍ അവാര്‍ഡും, സൗരവ് കിഷന്‍ അണ്‍പ്ലഗ്ഡ് എന്ന മ്യൂസിക് ഷോയും മാര്‍ച്ച് 30ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ചു നടത്തി.

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്ററോയ്ഡ് മീഡിയ ബിസിനസ്സ് സര്‍വൈവല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. വിവിധ മേഖലകളില്‍ നിന്നായി പതിമൂന്ന് സംരംഭകരെയാണ് ആദരിച്ചത്. കുന്ദമംഗലം എംഎല്‍എ അഡ്വ പിടിഎ റഹീമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കല്‍പ്പറ്റ എംഎല്‍എ അഡ്വ ടി സിദ്ദിഖും ചടങ്ങിൽ സംസാരിച്ചു.

കോവിഡ് കാലത്തെ അതിജീവിച്ച്, ഇത്തരത്തില്‍ ഒരു പ്രസ്ഥാനം തുടങ്ങാന്‍ ധൈര്യത്തോടെ മുന്നോട്ട് വന്നവരെ ആദരിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്ന് ആസ്റ്ററോയ്ഡ് മീഡിയ മാനേജിങ് ഡയറക്ടര്‍ ബിന്ദുബായ് പദ്മ പറഞ്ഞു. വളര്‍ന്നു വരുന്ന യുവ സംരംഭകര്‍ക്ക് പ്രചോദനമാണ് ഇത്തരത്തിലുള്ള അവാര്‍ഡുകള്‍ എന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പാര്‍കോ ഗുഡ് ഫുഡ്‌സ് കോവിഡ് കാല പ്രതിസന്ധികളെയടക്കം അതിജീവിച്ച് മുന്നോട്ടുവന്ന ഒരു സംരംഭമാണ്. ഇവരുടെ ബിരിയാണി സീക്രട്ട് മസാല വിപണിയില്‍ വലിയ ചലനമുണ്ടാക്കിയിരുന്നു. കമ്പനി വടകരയില്‍ തുടങ്ങാനുദ്ദേശിക്കുന്ന ഫുഡ് മാനുഫാക്ചറിംഗ് യൂണിറ്റിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

തൃശ്ശൂര്‍ ആസ്ഥാനമായി ആരംഭിച്ച സംരംഭമാണ് കാസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നോളജ് ആന്‍ഡ് സ്‌കില്‍സ് ഇന്റര്‍നാഷണല്‍. സാങ്കേതികതലത്തിലേക്ക് കുട്ടികളുടെ വിദ്യാഭ്യാസരീതി മാറ്റിയെടുക്കുക, കുട്ടികളിലെ സാങ്കേതിക കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കിന്റർ ​ഗാർഡൻ മുതല്‍ പോസ്റ്റ് ​ഗ്രാജ്വേഷൻ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോഴ്‌സുകളാണ് ഇവര്‍ നല്‍കുന്നത്.

കെന്‍മി ഓണ്‍ലൈന്‍ ഇംഗ്ലീഷ് കോഴിക്കോട് പുതിയറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാംഗ്വേജ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. നാല് യുവസംരംഭകര്‍ ചേര്‍ന്നാണ് ഇത് ആരംഭിച്ചത്. അമ്പതിനായിരത്തോളം ആളുകള്‍ കെന്‍മി ഓണ്‍ലൈന്‍ ഇംഗ്ലീഷ് ക്ലാസുകളിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കിയിട്ടുണ്ട്.

ഇ മാസ്റ്റര്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍ ആപ്പ് മറ്റൊരു സംരംഭമാണ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കേരള സിലബസിലെ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി വിദ്യാഭ്യാസം നല്‍കുകയാണ് ഇ മാസ്റ്ററിന്റെ ലക്ഷ്യം.

കോവിഡ് കാലഘട്ടത്തില്‍ തുടങ്ങിയ ഒരു കണ്‍ഫെക്ഷണറി യൂണിറ്റ് ആണ് ബേക്കര്‍ ക്രാഫ്റ്റ്. വീടുകളിലിരുന്ന് ഹോം ബേക്കേഴ്‌സ് വരുമാനമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ചെറുതും വലുതുമായ ഇത്തരം ആളുകള്‍ക്ക് പിന്തുണ നല്‍കാനായി ആരംഭിച്ച സംരംഭമാണിത്. കോഴിക്കോട് കിന്‍ഫ്ര പാര്‍ക്ക് ആസ്ഥാനമായാണ് ഇതിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ആരോവെഹിക് എന്ന സംരംഭത്തിലൂടെ ഒരു പുതിയ ബിസിനസ് ആശയം അവതരിപ്പിച്ചിരിക്കുകയാണ് വയനാട് സ്വദേശിയായ അര്‍ജുന്‍ ബാബു. പഴയതും പുതിയതുമായ വാഹനങ്ങളും, കൂടാതെ എല്ലാ ബ്രാന്‍ഡഡ് വാഹനങ്ങളും, വില്‍ക്കുന്ന ഒരു ഡിജിറ്റല്‍ വെഹിക്കിള്‍ സെല്ലിംഗ് ആപ്പ് ആയി അന്താരാഷ്ട്ര തലത്തില്‍ ഇതിനെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അര്‍ജുന്‍.

പ്രകാശ വെല്‍നസ്സ്, അഡ്രസ്സ് അപ്പാരല്‍, കഹാനി ഡിസൈനര്‍ ബൂട്ടിക്, അര്‍വാജ് കോസ്‌മെറ്റിക്‌സ് എന്നിങ്ങനെ വ്യത്യസ്ത സംരംഭകര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.