28 March 2022 2:36 AM GMT
Summary
ദുബായ്: സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ മാസം ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി നിക്ഷേപം, വ്യാപാരം എന്നിവയിൽ സാങ്കേതിക കൗൺസിൽ രൂപീകരിക്കാനൊരുങ്ങുന്നു. ഞായറാഴ്ച പുറത്തിറക്കിയ എക്കണോമിക് പാർട്ടനർഷിപ് എഗ്രിമെന്റ്(സിഇപിഎ) കരാർ പ്രകാരം ഇലക്ട്രോണിക് ഇടപാടുകളിൽ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഇരുപക്ഷവും ശ്രമിക്കും. " നിക്ഷേപത്തിനും വ്യാപാര സൗകര്യത്തിനുമായി യുഎഇ-ഇന്ത്യ ടെക്‌നിക്കൽ കൗൺസിൽ സ്ഥാപിക്കും. അതിൽ ഇരു പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെടും," ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു. ഓൺലൈൻ ഉപഭോക്തൃ […]
ദുബായ്: സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ മാസം ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി നിക്ഷേപം, വ്യാപാരം എന്നിവയിൽ സാങ്കേതിക കൗൺസിൽ രൂപീകരിക്കാനൊരുങ്ങുന്നു.
ഞായറാഴ്ച പുറത്തിറക്കിയ എക്കണോമിക് പാർട്ടനർഷിപ് എഗ്രിമെന്റ്(സിഇപിഎ) കരാർ പ്രകാരം ഇലക്ട്രോണിക് ഇടപാടുകളിൽ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഇരുപക്ഷവും ശ്രമിക്കും.
" നിക്ഷേപത്തിനും വ്യാപാര സൗകര്യത്തിനുമായി യുഎഇ-ഇന്ത്യ ടെക്‌നിക്കൽ കൗൺസിൽ സ്ഥാപിക്കും. അതിൽ ഇരു പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെടും," ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു.
ഓൺലൈൻ ഉപഭോക്തൃ സംരക്ഷണത്തിനായി, ഡിജിറ്റൽ വ്യാപാരത്തിൽ ഏർപ്പെടുമ്പോൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ വാണിജ്യ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും പരിപാലിക്കാനും കരാറിൽ പറയുന്നു.
ഇന്ത്യയും യുഎഇയും പരസ്പര സേവനത്തിനായി സമർപ്പിക്കുന്ന എൻട്രികൾ, താൽക്കാലിക താമസം അല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ നീട്ടുന്നതിനായുള്ള അപേക്ഷകൾ എന്നിവയൊക്കെ വേഗത്തിൽ നടപ്പിലാക്കുമെന്നും കൂട്ടിച്ചേർത്തു.
സാങ്കേതിക കൗൺസിലിന്റെ ലക്ഷ്യങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള നിക്ഷേപവും വ്യാപാര സഹകരണവും വർധിപ്പിക്കുക, നിക്ഷേപവും വ്യാപാര ബന്ധങ്ങളും നിരീക്ഷിക്കുക, നിക്ഷേപവും വ്യാപാരവും വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തുക എന്നിവ ഉൾപ്പെടുന്നു. നിക്ഷേപത്തിനും വ്യാപാരത്തിനും ഉള്ള പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് കൂടുതൽ ചർച്ച ആവശ്യമെങ്കിൽ സിഇപിഎ അതനുസരിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള കരാർ ഇന്ത്യയും (11,908 താരിഫ് ലൈനുകൾ) യുഎഇയും (7,581 താരിഫ് ലൈനുകൾ) കൈകാര്യം ചെയ്യുന്ന മിക്കവാറും എല്ലാ താരിഫ് ലൈനുകളും (അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ) ഉൾക്കൊള്ളുന്നു.
"യുഎഇയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിന്റേയും മൂല്യം കണക്കിലെടുത്താൽ പ്രത്യേകിച്ച് രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സ്‌പോർട്‌സ് സാധനങ്ങൾ, പ്ലാസ്റ്റിക്, ഫർണിച്ചർ, കാർഷിക, മരം ഉൽപന്നങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ തുടങ്ങിയ എല്ലാ തൊഴിൽ മേഖലകൾക്കും, യു.എ.ഇ.യുടെ 97 ശതമാനത്തിലധികം താരിഫ് ലൈനുകളിൽ പ്രിഫറൻഷ്യൽ മാർക്കറ്റ് ആക്‌സസ്സ് ഇന്ത്യയ്ക്ക് പ്രയോജനപ്പെടും". വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 18 നാണ് ഇന്ത്യയും യുഎഇയും സിഇപിഎയിൽ ഒപ്പുവച്ചത്.