image

24 March 2022 8:33 AM GMT

Aviation

ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് വികസനത്തിന് 36,000 കോടി : വി.കെ സിംഗ്

James Paul

Summary

  ഡെല്‍ഹി :  പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് വികസനത്തിനായി 36,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ്. ഉയര്‍ന്ന നിരക്ക് മൂലം ഉപഭോക്താക്കളെ ലഭിക്കാത്തതും ജെറ്റ് ഫ്യുവലിന് മേലുള്ള നികുതിയും രാജ്യത്തെ വ്യോമയാന മേഖല നേരിടുന്ന പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ടേബിള്‍ ടോപ്പ് റണ്‍വേകള്‍ ഉള്ള വിമാനത്താവളങ്ങളില്‍ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് മതിയായ സുരക്ഷാ നടപടികള്‍ ഇതിനകം തന്നെ നിലവിലുണ്ടെന്നും […]


ഡെല്‍ഹി : പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് വികസനത്തിനായി 36,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ്. ഉയര്‍ന്ന നിരക്ക് മൂലം ഉപഭോക്താക്കളെ ലഭിക്കാത്തതും ജെറ്റ് ഫ്യുവലിന് മേലുള്ള നികുതിയും രാജ്യത്തെ വ്യോമയാന മേഖല നേരിടുന്ന പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ടേബിള്‍ ടോപ്പ് റണ്‍വേകള്‍ ഉള്ള വിമാനത്താവളങ്ങളില്‍ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് മതിയായ സുരക്ഷാ നടപടികള്‍ ഇതിനകം തന്നെ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍, വ്യോമയാന ഇന്ധനത്തിന്മേലുള്ള ഉയര്‍ന്ന നികുതി, ചില വിമാന കമ്പനികളുടെ ദുര്‍ബലമായ സാമ്പത്തിക സ്ഥിതി, എന്നിവ വ്യോമയാന മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡെല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന വിമാനത്താവളങ്ങളില്‍ 30,000 കോടി രൂപയുടെ വിപുലീകരണം നടത്തുമെന്നും 2025 ആകുമ്പോള്‍ അത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമേയാണ് 36,000 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കുവാനുള്ള ശ്രമം കേന്ദ്രം ആരംഭിച്ചത്.
നിലവില്‍ 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അഞ്ച് ടേബിള്‍-ടോപ്പ് റണ്‍വേകളുള്ള വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്, കാലിക്കറ്റ്, മംഗലാപുരം, ഷിംല, ലെങ്പുയി, പാക്യോങ്. രാജ്യത്ത് 140 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വാട്ടര്‍ എയ്‌റോഡ്രോമുകളും ഉണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 24 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്. ഷിംല വിമാനത്താവളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഏറ്റെടുത്തുവെന്നും ഇതിന് 101.75 കോടി രൂപ ചെലവു വരുമെന്നും അദ്ദേഹം അറിയിച്ചു.
tags :
aai, v.k singh, aviation