12 March 2022 4:37 AM GMT
Summary
കോവിഡ് തകർത്ത സാമ്പത്തിക മേഖലയും, ജനജീവിതവും തിരിച്ചു പിടിക്കാനായി സർക്കാർ നിരവധി പദ്ധതികളും, അവയ്ക്കുള്ള ഫണ്ടുകളും വകയിരുത്തിയിട്ടുണ്ടന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ പ്രകടനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. ഐ റ്റി അധിഷ്ഠിത സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്ത് കൂടുതലുള്ളത്. ഉൽപ്പാദന രംഗത്ത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. 2022-23 സ്റ്റാർട്ടപ്പ് മിഷന് കീഴിൽ 90.52 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 20 കോടി രൂപ കൊച്ചി ടെക്‌നോളജി ഇന്നവേഷൻ […]
കോവിഡ് തകർത്ത സാമ്പത്തിക മേഖലയും, ജനജീവിതവും തിരിച്ചു പിടിക്കാനായി സർക്കാർ നിരവധി പദ്ധതികളും, അവയ്ക്കുള്ള ഫണ്ടുകളും വകയിരുത്തിയിട്ടുണ്ടന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ പ്രകടനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. ഐ റ്റി അധിഷ്ഠിത സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്ത് കൂടുതലുള്ളത്. ഉൽപ്പാദന രംഗത്ത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. 2022-23 സ്റ്റാർട്ടപ്പ് മിഷന് കീഴിൽ 90.52 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 20 കോടി രൂപ കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോണിനും, 70.52 കോടി രൂപ യുവ സംരംഭകത്വ വികസന പദ്ധതിക്കും നീക്കി വയ്ക്കുന്നു.
2022-23 വർഷം സംരംഭക വർഷമായി ആചരിക്കുമെന്നും, 'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്നതാണ് പ്രധാന മുദ്രാവാക്യമെന്നും ബജറ്റിൽ പറയുന്നു. ഈ മുദ്രാവാക്യത്തിൽ ഊന്നി വിവിധ വകുപ്പുകളുടെ യോജിച്ച പ്രവർത്തനത്തിലൂടെ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ സൃഷ്ടിക്കും. അതിലൂടെ ഏകദേശം 3 മുതൽ 5 ലക്ഷം വരെ തൊഴിലവസരങ്ങൾ നൽകാൻ സാധിക്കും. ഇതിനായി 120 കോടി രൂപയാണ് സർക്കാർ വകയിരുത്തുന്നത്. അതോടൊപ്പം, സ്റ്റാർട്ടപ്പുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പ്രധാന ഹബ്ബുകൾ സ്ഥാപിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. ഒന്ന് ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്‌നോളജീസ് ഹബ്ബ്. ഇത് സ്ഥാപിക്കുന്നതിനായി 28 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. മറ്റൊന്ന് മൊബിലിറ്റി ടെക്നോളജീസ് ഹബ്ബ്. കെ-ഡിസ്‌ക്, കെ ഇ എൽ ഇ എം എൽ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ഇലക്ട്രിക് വാഹനഭാഗങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് കൂടാതെ, 'ഒരു കുടുംബം ഒരു സംരംഭം' എന്ന പദ്ധതിക്കായി 7 കോടി രൂപ അനുവദിക്കുന്നുണ്ട്. അതോടൊപ്പം, ഇന്നവേഷൻ ആക്‌സിലറേഷൻ പ്രോഗ്രാമിനായി 7 കോടി രൂപയും വകയിരുത്തുന്നുണ്ട്.
സംസ്ഥാനത്ത് നാനോ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംരംഭങ്ങളുടെ വായ്പ്പാധിഷ്ഠിത പ്രൊജക്ടുകൾക്ക് മാർജ്ജിൻ മണി ഗ്രാന്റ് നൽകാൻ പദ്ധതിയിടുന്നുണ്ട്. ഇതിനായി പ്രവർത്തന മൂലധനമുള്ള പദ്ധതികൾക്ക് 10 ലക്ഷം രൂപ വരെ അനുവദിക്കുന്നു. നാനോ യൂണിറ്റുകൾക്ക് 2.25 കോടി രൂപ മാർജ്ജിൻ മണി ഗ്രാന്റ് ആയി നൽകും.
സമാനതകളില്ലാത്ത തൊഴിൽ നഷ്ടമാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ഇതുവഴി വലിയതോതിലുള്ള വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ട്. ഇതിനെ തരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ കെ എഫ് സി വഴി 250 കോടി രൂപയുടെ ഫണ്ട് സ്റ്റാർട്ടപ്പുകൾക്കായി വകയിരുത്തിയിട്ടുണ്ട്. കിഫ്ബി, കെ-ഡിസ്‌ക് (കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ), മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി (സി എം ഇ ഡി പി) തുടങ്ങിയവയ്ക്ക് കീഴിൽ പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
കിഫ്ബി
കിഫ്ബിയിലൂടെ പ്രധാനമായും വിദ്യാഭ്യാസ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ കണ്ടെത്തലുകൾ നാടിന്റെ ഉത്പാദന മേഖലയ്ക്ക് ഗുണകരമാക്കാനായി സംരംഭങ്ങൾ ഉണ്ടാവണം. അക്കാദമിക് മേഖലയിൽ മാത്രം ചുരുങ്ങി നിൽക്കാതെ പ്രായോഗിക ജീവിതത്തിലേക്ക് ഗുണപ്പെടുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിനായി കേരളത്തിലെ സർവ്വകലാശാല ക്യാമ്പസുകളിൽ ട്രാൻസ്ലേഷൻ ലാബുകളും, ഇൻകുബേഷൻ സെന്ററുകളും വികസിപ്പിക്കാനുള്ള തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സെന്ററുകളോട് ചേർന്നു നിന്നു കൊണ്ട് സ്റ്റാർട്ടപ്പ് സെന്ററുകൾ സജ്ജമാക്കാനായി വിവിധ സർവ്വകലാശാലകൾക്ക് 20 കോടി രൂപ വീതം (ആകെ 200 കോടി രൂപ) കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
കെഎസ്ഐഡിസി
കെഎസ്ഐഡിസി-യ്ക്ക് കീഴിൽ വിവിധ പദ്ധതികൾക്കായി 113 കോടി രൂപ വകയിരുത്തി. ഇതിനുള്ളിൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' സംരംഭങ്ങൾക്കും, ഓൺലൈൻ ക്ലിയറൻസ് സംവിധാന പദ്ധതികൾക്കായി 14 കോടിയും ഉൾപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴിൽ സംസ്ഥാനത്ത് കുറഞ്ഞത് 100 സ്റ്റാർട്ടപ്പുകൾക്കും, MSME കൾക്കുമായി ഒരു അപേക്ഷകന് 2 കോടി രൂപ വീതം കെഎസ്ഐഡിസി മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കും.
എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവിടങ്ങളോട് ചേർന്ന് ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവ സജ്ജീകരിക്കാനായി കേരളത്തിലെ 14 ജില്ലകളിലും കേന്ദ്രങ്ങൾ തുടങ്ങാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 25 കോടി രൂപ വകയിരുത്തി. ഇതുവഴി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പരിശീലനം നേടാനും, വരുമാനമുണ്ടാക്കാനും സാധിക്കും.
കേരള ജീനോം ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയിലെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ഇതു ഗുണം ചെയ്യും. ഗവേഷണ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി സ്റ്റാർട്ടപ്പുകൾക്ക് നിർണ്ണായകമായ അടിത്തറയാകാൻ കഴിവുള്ള ഡാറ്റാ സെന്റർ സ്ഥാപിക്കാനുള്ള പദ്ധതിക്ക് 5 വർഷം കൊണ്ട് 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യപരിപാലനത്തിനും സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ന്യൂട്രാസ്യൂട്ടിക്കൽസ് പ്രയോജനകരമാണ്. അതിനാൽ ഈ വിഞ്ജാന മേഖലയെ ബന്ധിപ്പിക്കുന്ന ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കു വേണ്ടി കെ-ഡിസ്‌ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതിനായി കേരളത്തിൽ ന്യൂട്രാസ്യൂട്ടിക്കൽസ് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതു സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP)
ഒരു വർഷം 500 ചെറുകിട-ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി. 5% പലിശനിരക്കിൽ 1 കോടി രൂപ വരെ ഒരോ സംരംഭത്തിനും വായ്പ ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഈ പദ്ധതിയുടെ വായ്പാ പരിധി 2 കോടി രൂപയായി വർദ്ധിപ്പിച്ച് ഈ വർഷം 500 കോടി രൂപ വായ്പ നൽകത്തക്ക രീതിയിൽ പദ്ധതിയെ പുനരാവിഷ്‌കരിച്ചു. ഈ പദ്ധതിക്ക് പലിശയിളവ് നൽകുന്നതിനായി 18 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.