image

11 March 2022 12:47 AM GMT

Banking

കപ്പയില്‍ നിന്നും സ്പിരിറ്റ് ഒഴുകുമോ?, ബജറ്റില്‍ രണ്ട് കോടി നീക്കി വയ്ക്കുമ്പോള്‍

MyFin Desk

കപ്പയില്‍ നിന്നും സ്പിരിറ്റ് ഒഴുകുമോ?, ബജറ്റില്‍ രണ്ട് കോടി നീക്കി വയ്ക്കുമ്പോള്‍
X

Summary

തിരുവനന്തപുരം: കപ്പയില്‍ (മരച്ചീനി) നിന്നും മദ്യം (സ്പിരിറ്റ്) ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണത്തിന്  രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തിയതോടെ ഇതിന്റെ പ്രായോഗിക വശങ്ങളെ കൂടി ഉറ്റു നോക്കുകയാണ്‌ വിദഗ്ധര്‍. കപ്പയില്‍ നിന്നും സ്പിരിറ്റ് ഉത്പാദിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം വന്നിരുന്നു. ഇതിന് വേണ്ടി വരുന്ന ചെലവ് അധികമാണെന്ന നിഗമനത്തിന് പിന്നാലെയായിരുന്നു തീരുമാനം. കുറഞ്ഞ ചെലവില്‍ സ്പിരിറ്റ് നിര്‍മ്മിക്കുന്നതിനായി പുതിയ പഠനങ്ങള്‍ നടത്തുമെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നുവെന്നും മന്ത്രി […]


തിരുവനന്തപുരം: കപ്പയില്‍ (മരച്ചീനി) നിന്നും മദ്യം (സ്പിരിറ്റ്) ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണത്തിന് രണ്ടു കോടി രൂപ...

തിരുവനന്തപുരം: കപ്പയില്‍ (മരച്ചീനി) നിന്നും മദ്യം (സ്പിരിറ്റ്) ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണത്തിന് രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തിയതോടെ ഇതിന്റെ പ്രായോഗിക വശങ്ങളെ കൂടി ഉറ്റു നോക്കുകയാണ്‌ വിദഗ്ധര്‍. കപ്പയില്‍ നിന്നും സ്പിരിറ്റ് ഉത്പാദിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം വന്നിരുന്നു. ഇതിന് വേണ്ടി വരുന്ന ചെലവ് അധികമാണെന്ന നിഗമനത്തിന് പിന്നാലെയായിരുന്നു തീരുമാനം. കുറഞ്ഞ ചെലവില്‍ സ്പിരിറ്റ് നിര്‍മ്മിക്കുന്നതിനായി പുതിയ പഠനങ്ങള്‍ നടത്തുമെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നുവെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. വീര്യം കുറഞ്ഞ മദ്യനിര്‍മാണത്തിനും പ്രാധാന്യം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞിരുന്നു.

ചെലവ് 90 രൂപ, ചിലപ്പോള്‍ അതിലധികവും

കപ്പയില്‍ നിന്നും സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നതിന് 90 രൂപയോളം ചെലവ് വരും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇപ്പോള്‍ 60 രൂപയ്ക്ക് സ്പിരിറ്റ് നിര്‍മ്മാണം സാധ്യമാണെന്നിരിക്കെ ഉയര്‍ന്ന തുകയ്ക്ക് സ്പിരിറ്റ് നിര്‍മ്മിക്കുന്നതിലെ സാമ്പത്തിക പ്രായോഗികതയായിരുന്നു സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന വലിയ ചോദ്യം. സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പിന് പിന്നാലെ സംസ്ഥാനത്ത് കപ്പയുടെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് കാര്യമായ നേട്ടം ലഭിക്കുന്ന സാഹചര്യം അല്ല ഇപ്പോഴുള്ളത്. അതിനാലാണ് കപ്പയില്‍ നിന്നും സ്പിരിറ്റ് ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.

1983ല്‍ തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ 4 കിലോ മരച്ചീനിയില്‍ നിന്നും 1 കിലോ സ്റ്റാര്‍ച്ച് വേര്‍തിരിക്കാമെന്നും ഇതില്‍ നിന്നും 450 മുതല്‍ 680 മില്ലി ലിറ്റര്‍ വരെ സ്പിരിറ്റ് ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നും കണ്ടെത്തിയിരുന്നു. അതായത് 8 കിലോ കപ്പയില്‍ നിന്നും ഒരു ലിറ്റര്‍ സ്പിരിറ്റ് നിര്‍മ്മിക്കുവാന്‍ സാധിക്കും. എന്നാല്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വില സംബന്ധിച്ച ആശയക്കുഴപ്പം അന്ന് നിലനിന്നതിനാല്‍ പദ്ധതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. പാപ്പനംകോട്ടുള്ള റീജിയണല്‍ റിസര്‍ച്ച് ലാബുമായി സഹകരിച്ച് സ്പിരിറ്റ് ഉത്പാദനത്തിനുള്ള സാധ്യതാ പഠനം നടത്തുമെന്ന് തിരുവനന്തപുരത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

കരിമ്പിനെ ആശ്രയിക്കുന്നതിന് പിന്നില്‍

നിലവില്‍ കരിമ്പിന്‍ ചണ്ടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സ്പിരിറ്റാണ് മദ്യ കമ്പനികള്‍ അധികമായും ഉപയോഗിക്കുന്നത്. ഇതിന് 60 മുതല്‍ 70 രൂപ വരെ ചെലവ് വരും. സംഭരണം നടത്തുന്നത് വഴി കപ്പ കര്‍ഷകര്‍ക്ക് 10 രൂപ എങ്കിലും ലഭിക്കണം എന്ന ആഗ്രഹത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ കപ്പ സ്റ്റാര്‍ച്ചില്‍ നിന്നും സ്പിരിറ്റ് ഉണ്ടാക്കുന്ന പ്രക്രിയയ്ക്ക് വലിയ ചെലവ് വേണ്ടി വരും. സ്റ്റാര്‍ച്ചിനെ ഗ്ലൂക്കോസ് കണികകളാക്കി മാറ്റുന്ന ഹൈഡ്രോളിസിസ് പ്രക്രിയ, ഫെര്‍മന്റേഷന്‍ എന്നിവ നടത്തിയാലെ സ്പിരിറ്റ് കൃത്യമായി വേര്‍തിരിക്കാന്‍ സാധിക്കൂ.

ഇതിന് ആവശ്യമായി വരുന്ന ആസിഡ്, എന്‍സൈമുകള്‍ തുടങ്ങിയവയുടെ വിലയും നിര്‍മ്മാണ യൂണിറ്റിന് വേണ്ട ഉപകരണങ്ങള്‍, ജീവനക്കാരുടെ വേതനം എന്നിവയെല്ലാം കണക്കാക്കിയാല്‍ നിര്‍മ്മാണ തുക 90 രൂപയിലൊതുങ്ങില്ല. മാത്രമല്ല 150 രൂപ വരെ ഇത് വര്‍ധിക്കുമെന്ന റിപ്പേര്‍ട്ടുകളും കഴിഞ്ഞ വര്‍ഷം വന്നിരുന്നു. ഇന്നത്തെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ രണ്ട് കോടി രൂപ വഴി പദ്ധതിയുടെ സാമ്പത്തിക വശം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരമാകുകയാണെങ്കില്‍ കപ്പ കര്‍ഷകര്‍ക്കും സര്‍ക്കാരിനും നേട്ടത്തിന്റെ പുതിയൊരു പാതയാകും തുറക്കുക.