ഡെല്‍ഹി:ഡിജിലോക്കറില്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകള്‍ ഇനി വാട്‌സാപ്പിലൂടെയും ലഭിക്കും.കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ്...
ഡെല്‍ഹി:ഡിജിലോക്കറില്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകള്‍ ഇനി വാട്‌സാപ്പിലൂടെയും ലഭിക്കും.കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് MyGov ഹെല്‍പ് ഡെസ്‌ക് എന്ന സേവനത്തിലൂടെ ഇത് ലഭ്യമാക്കുന്നത്. കൊവിഡ് വാക്‌സിനേഷന്‍ ബുക്കിംഗനും മറ്റുമായി ഉപയോഗിച്ചിരുന്ന മൈഗവ് കൊറോണ ഹെല്‍പ്‌ഡെസ്‌ക് (MyGov Corona Helpdesk) എന്ന സേവനമാണ് വിപുലീകരിച്ചിരിക്കുന്നത്. തികച്ചും സൗജന്യമാണ് ഈ സേവനം.
എങ്ങനെ രേഖകള്‍ ലഭിക്കും
രേഖകള്‍ ലഭിക്കാന്‍ 9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് അതില്‍ വാട്‌സാപ്പ് തുറക്കുക.
ആ നമ്പറില്‍ Hi അയക്കുമ്പോള്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ മൈഗവ് ഹെല്‍പ് ഡെസ്‌കാണെന്നുള്ള മെസേജ് വരും. അതിനു താഴെ കോവിന്‍സേവനങ്ങള്‍,ഡിജിലോക്കര്‍ സേവനങ്ങള്‍ എന്നിങ്ങനെ രണ്ട് മെനു കാണാം. ഇതില്‍ ഡിജിലോക്കര്‍ മെനു തെരഞ്ഞെടുക്കുക.
നിലവില്‍ ഡിജി ലോക്കര്‍ അക്കൗണ്ട് ഉണ്ടോ ഇല്ലയോ എന്നുള്ള മെസേജിന് അക്കൗണ്ടുള്ളവര്‍ യെസ് എന്നും ഇല്ലാത്തവര്‍ നോയെന്നും നല്‍കുക.
യെസ് നല്‍കിയാല്‍ ഡിജിലോക്കറിലേക്ക് പ്രവേശിക്കാനുള്ള ഒരു ലിങ്ക് നല്‍കും. അതില്‍ കയറി ആധാര്‍ നമ്പറും പിന്‍ നമ്പറും ഒടിപിയും നല്‍കി സൈന്‍ ഇന്‍ ചെയ്യണം.
നിങ്ങള്‍ ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ ഏതൊക്കെയാണെന്ന് എഴുതി കാണിക്കും. ആവശ്യമായ രേഖകളില്‍ ക്ലിക്ക് ചെയ്താല്‍ അവ പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
നിലവില്‍ ഡിജിലോക്കര്‍ ഇല്ലാത്തവര്‍ ഇല്ല എന്ന ഓപ്ഷന്‍ നല്‍കിയാല്‍ ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങാനുള്ള മെനു ലഭ്യമാകും.കോവിന്‍ സര്‍വീസ് മെനുവാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ വാക്‌സിനേഷന്‍ ബുക്കിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.
എന്താണ് ഡിജി ലോക്കര്‍
തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സുപ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിനും ഇവ ഓണ്‍ലൈനായി ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കുന്ന സംവിധാനമാണ് ഡിജി ലോക്കര്‍. ഡിജിറ്റല്‍ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഈ സേവനം ലഭ്യമാക്കുന്നത്. രേഖകള്‍ക്കായി ഓഫീസുകളില്‍ കയറിയിറങ്ങി മടുക്കേണ്ട, നഷ്‌പ്പെടുമെന്ന പേടി വേണ്ട, എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം ഇങ്ങനെ നിരവധി സൗകര്യങ്ങള്‍ ഡിജി ലോക്കറിനുണ്ട്.
ഡിജി ലോക്കര്‍ എങ്ങനെ തുറക്കാം
ആദ്യം ഒരു ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കണം. അതിന്
www.digilocker.gov.in എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ പ്ലേസ്റ്റോര്‍, അപ് സ്‌റ്റോര്‍ എന്നിവയില്‍ നിന്നും ഡിജി ലോക്കര്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.
പുതിയതായി ഡിജിലോക്കര്‍ എടുക്കുന്നവര്‍ ക്രിയേറ്റ് അക്കൗണ്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
പേര്, ജനനത്തീയ്യതി, ആധാര്‍ നമ്പര്‍, ആറക്ക പിന്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍.
വിവരങ്ങള്‍ നല്‍കിക്കഴിയുമ്പോള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കണം.
യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവ നല്‍കാം. അല്ലെങ്കില്‍ ആധാര്‍ നമ്പറും ആദ്യം നല്‍കിയ സെക്യൂരിറ്റി പിന്‍ നമ്പര്‍ ഉപയോഗിച്ചും അക്കൗണ്ടില്‍ കയറാം. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും ഒടിപി ലഭിക്കും.
രേഖകള്‍ എങ്ങനെ സൂക്ഷിക്കാം
ഡിജി ലോക്കറില്‍ രണ്ട് വിഭാഗമായാണ് രേഖകളുള്ളത്.ഇഷ്യൂഡ് ഡോക്യുമെന്റ്‌സും അപ് ലോഡഡ് ഡോക്യുമെന്റ്‌സും.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ നേരിട്ട് ലഭ്യമാക്കുന്നതാണ് ഇഷ്യൂഡ് ഡോക്യുമെന്റ്‌സ്. ഇവ ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റുകളുടെ നമ്പര്‍ നല്‍കിയാല്‍ മതി.
സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യുന്ന രേഖകളാണ് അപ് ലോഡഡ് ഡോക്യുമെന്റ്‌സില്‍ വരുന്നത്. ഇതില്‍ ഇ-സൈന്‍ ചേര്‍ത്ത് നല്‍കാം.
യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കേണ്ട അവസരങ്ങളില്‍ ഇഷ്യൂഡ് ഡോക്യുമെന്റ്‌സ് ഉപയോഗിക്കാം. സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ ആവശ്യം വരുമ്പോള്‍ ഇ-സൈന്‍ ചേര്‍ത്ത് അപ് ലോഡ് ചെയ്തിരിക്കുന്ന രേഖകള്‍ ഉപയോഗിക്കാം.