1 March 2022 5:01 AM GMT
Summary
വില വര്‍ധനവെന്നത് രാജ്യത്തെ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമ്പോഴാണ് നിയന്ത്രണമില്ലാതെ ഉയരുന്ന ഇന്ധനവില ഇരട്ടി പ്രഹരമാകുന്നത്. ആഭ്യന്തര വാഹന വിപണി ഉണര്‍വിന്റെ പാതയിലേക്ക് തിരിച്ചു വരികയാണെങ്കിലും ഇന്ധന വില താങ്ങാനാവാതെ ഉപയോക്താക്കള്‍ കിതയ്ക്കുകയാണ്. പെട്രോള്‍ - ഡീസല്‍ വിലവര്‍ധനയില്‍ നിന്നും രക്ഷപെടാന്‍ സമ്മര്‍ദ്ദിത പ്രകൃതി വാതകം (സിഎന്‍ജി) ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് ഒരു പറ്റം ആളുകള്‍ തിരിഞ്ഞുവെങ്കിലും വിലവര്‍ധനവ് ഇവിടെയും വില്ലനാകുന്നു. മാത്രമല്ല, ഇലക്ട്രിക്ക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള വാഹനങ്ങള്‍ എന്നിവയിലേക്ക് ചുവടുമാറ്റാമെന്ന് കരുതിയാലും ഉയര്‍ന്ന […]
വില വര്‍ധനവെന്നത് രാജ്യത്തെ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമ്പോഴാണ് നിയന്ത്രണമില്ലാതെ ഉയരുന്ന ഇന്ധനവില ഇരട്ടി പ്രഹരമാകുന്നത്. ആഭ്യന്തര വാഹന വിപണി ഉണര്‍വിന്റെ പാതയിലേക്ക് തിരിച്ചു വരികയാണെങ്കിലും ഇന്ധന വില താങ്ങാനാവാതെ ഉപയോക്താക്കള്‍ കിതയ്ക്കുകയാണ്. പെട്രോള്‍ - ഡീസല്‍ വിലവര്‍ധനയില്‍ നിന്നും രക്ഷപെടാന്‍ സമ്മര്‍ദ്ദിത പ്രകൃതി വാതകം (സിഎന്‍ജി) ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് ഒരു പറ്റം ആളുകള്‍ തിരിഞ്ഞുവെങ്കിലും വിലവര്‍ധനവ് ഇവിടെയും വില്ലനാകുന്നു. മാത്രമല്ല, ഇലക്ട്രിക്ക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള വാഹനങ്ങള്‍ എന്നിവയിലേക്ക് ചുവടുമാറ്റാമെന്ന് കരുതിയാലും ഉയര്‍ന്ന വില ഉപയോക്താക്കളുടെ കീശ കീറും.
സി എന്‍ ജി
നിലവില്‍ ആവശ്യമുള്ള സിഎന്‍ജിയുടെ നല്ലൊരു പങ്കും ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിലയില്‍ ഗണ്യമായ വര്‍ധനയുണ്ടായേക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സിഎന്‍ജിയുടെ വിലയില്‍ വര്‍ധനയുണ്ടായത്. കേരളത്തില്‍ മാത്രം 18 രൂപയുടെ വര്‍ധനയുണ്ടായി. ഒരു കിലോഗ്രാം സിഎന്‍ജിയ്ക്ക് കൊച്ചിയില്‍ 71 രൂപയാണ് വില. ഡല്‍ഹിയില്‍ 57 രൂപയും മുംബൈയില്‍ 66 രൂപയുമാണ് വില. 2012ല്‍ രാജ്യത്ത് ഒരു കിലോ സിഎന്‍ജിയ്ക്ക് 38.35 രൂപയായിരുന്നു. ഇതിന് പുറമേയാണ് യുദ്ധം വരുത്തി വയ്ക്കുന്ന വിലവര്‍ധന. പെട്രോള്‍-ഡീസല്‍ വിലയ്ക്ക് പുറമേ പാചക വാതകത്തിന്റെ വില വര്‍ധിച്ചതും പൊതുജനത്തിന് മേല്‍ 'വെള്ളിടി'യായിരിക്കുകയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സിഎന്‍ജിയുടെ വില കേന്ദ്ര സര്‍ക്കാര്‍ ഏപ്രിലില്‍ പുതുക്കും. നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ വില വര്‍ധന ഉറപ്പാണ്. ആഗോളതലത്തില്‍ ഒരു ഡോളര്‍ വര്‍ധിച്ചാല്‍ രാജ്യത്ത് ഒരു കിലോ സിഎന്‍ജിയ്ക്ക് 5 രൂപ വരെ വര്‍ധിച്ചേക്കാം.
ഇന്ധനവും പാചകവാതകവും
ഇന്ധന വില അതിന്റെ റെക്കോഡ് ഉയര്‍ച്ചയിലാണ്. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 106.36 രൂപയും ഡീസലിന് 93.47 രൂപയുമാണ് വില. ഡെല്‍ഹിയില്‍ പെട്രോളിന് 109.98 രൂപയും ഡീസലിന് 94.14 രൂപയും വരെ എത്തി. ആഗോള വിപണിയില്‍ ക്രൂഡിന്റെ വില വര്‍ധിക്കുന്നതിനാല്‍ രാജ്യത്തെ ഇന്ധന വിലയില്‍ ഏഴ് രൂപ മുതല്‍ 14 രൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത് ഉണ്ടാകുമെന്നും അനുമാനിക്കപ്പെടുന്നു. ഇന്ത്യയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ നിരക്ക് 105 രൂപ വര്‍ധിച്ച് 2012 രൂപയില്‍ എത്തിയിരിക്കുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് രണ്ട് വര്‍ഷം മുമ്പ് 290 രൂപയായിരുന്നത് ഇന്ന് 909 രൂപയാണ്.
കുടുംബ ബജറ്റ്
ഇതിന് പുറമേയാണ് വിലക്കയറ്റം ഉണ്ടാക്കിയേക്കാവുന്ന പണപ്പെരുപ്പത്തെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് വരുന്നതേയുള്ളു. കോവിഡ് പ്രതിസന്ധിയുടെ ബാധ്യത ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ നിത്യ ചെലവിലുണ്ടാകുന്ന കുതിച്ച് ചാട്ടം ശരാശരിക്കാരന്റെ കുടുംബ ബജറ്റിനെ വലിയ തോതില്‍ ബാധിക്കും. ചെലവുകള്‍ വെട്ടി ചുരുക്കേണ്ടി വരും. അനാവശ്യമായ യാത്രകള്‍, നിത്യേനയുള്ള ഔട്ടിംഗ്, വാഹനം മാറ്റി വാങ്ങല്‍, ഗാഡ്ജറ്റുകള്‍ക്ക് വേണ്ടിയുള്ള അമിത ചെലവ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വിലയക്കയറ്റമുണ്ടാക്കുന്ന പ്രതിസന്ധിയില്‍ നിന്ന്് ഒരു പരിധി വരെ രക്ഷപ്പെടാം.