image

8 Feb 2022 1:50 AM GMT

Learn & Earn

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ ഉയര്‍ത്തി, ബില്‍ പേയ്‌മെന്റില്‍ ശ്രദ്ധിച്ചോളൂ

MyFin Desk

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ ഉയര്‍ത്തി, ബില്‍ പേയ്‌മെന്റില്‍ ശ്രദ്ധിച്ചോളൂ
X

Summary

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകള്‍ ഫെബ്രുവരി 10 മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാനമായും കാര്‍ഡിലെ കുടിശിക അടയ്ക്കുന്നതിനുള്ള ലേറ്റ് പേയ്‌മെന്റ് ചാര്‍ജിലും കാഷ് അഡ്വാന്‍സിലുമാണ് വര്‍ധന വരുത്തിയിരിക്കുന്നത്.  ഫെബ്രുവരി മാസം 10 ന് ശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുക്കുന്ന പണത്തിന് 2.5 ശതമാനം ചാര്‍ജായി ബാങ്ക് ഈടാക്കും. പണമടവ് താമസിച്ചാല്‍ കാര്‍ഡുടമകള്‍ ഒരോ മാസവും നിര്‍ബന്ധമായും അടച്ചിരിക്കേണ്ട കുറഞ്ഞ […]


രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകള്‍ ഫെബ്രുവരി 10 മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാനമായും കാര്‍ഡിലെ കുടിശിക അടയ്ക്കുന്നതിനുള്ള ലേറ്റ് പേയ്‌മെന്റ് ചാര്‍ജിലും കാഷ് അഡ്വാന്‍സിലുമാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ഫെബ്രുവരി മാസം 10 ന് ശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുക്കുന്ന പണത്തിന് 2.5 ശതമാനം ചാര്‍ജായി ബാങ്ക് ഈടാക്കും.
പണമടവ് താമസിച്ചാല്‍
കാര്‍ഡുടമകള്‍ ഒരോ മാസവും നിര്‍ബന്ധമായും അടച്ചിരിക്കേണ്ട കുറഞ്ഞ തുക നിശ്ചയിച്ചിട്ടുണ്ട്. പിഴ ഒഴിവാക്കാന്‍ ഇത് അനുവദിക്കപ്പെട്ട തീയതിക്കുള്ളില്‍ അടയ്‌ക്കേണ്ടതാണ്. ഇങ്ങനെ നിശ്ചിത തീയതിയില്‍ ചുരുങ്ങിയ തുക (മിനിമം ഡ്യൂ) അടവ് മുടക്കിയാല്‍ ബാങ്കുകള്‍ പിഴ ഈടാക്കാറുണ്ട്. ഇതാണ് പരിഷ്‌കരിച്ചത്. എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഒഴികേയുള്ള എല്ലാ കാര്‍ഡുകള്‍ക്കും പുതുക്കിയ നിരക്ക് ബാധകമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ലേറ്റ് പേയ്‌മെന്റ് ഫീസ് കാര്‍ഡിന്റെ ആകെ കുടിശിക അനുസരിച്ചാകും നിശ്ചയിക്കുക. ആകെ കുടിശിക 100 രുപയില്‍ താഴെയാണെങ്കില്‍ തുക ഈടാക്കില്ല. 100 നും 500 നും ഇടയിലാണെങ്കില്‍ 100 രൂപയാകും ചാര്‍ജായി ഈടാക്കുക. 5,000 മുതല്‍ 10,000 രൂപ വരെ 750 ഉം 25,000 വരെ 900 രൂപയുമാണ് ഇങ്ങനെ ഈടാക്കുക. അര ലക്ഷം വരെ 1,000 വും അതിന് മുകളില്‍ 1,200 രൂപയും ചാര്‍ജ് ചെയ്യും.
പണമെടുക്കാം
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം. ഇതിനാണ് കാഷ് അഡ്വാന്‍സ് എന്നു പറയുന്നത്. ഇത് ശരിക്കും വായ്പ തന്നെയാണ്. അത് പണമായി കൈയ്യിലേക്ക് തരുന്നു എന്ന വ്യത്യാസം മാത്രം. ഇങ്ങനെ എടുക്കുന്ന പണത്തിന് സാധാരണയേക്കാളും കൂടിയ തുകയാകും പലിശയായി ഈടാക്കുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ അതിന് രണ്ട് മാസം വരെ പലിശയില്ലാത്ത തിരിച്ചടവിന് സാവകാശമുണ്ടെങ്കില്‍ കാഷ് അഡ്വാന്‍സിന് ഈ ആനുകൂല്യമില്ല. ഇവിടെ പണം എടുത്ത ദിവസം മുതല്‍ കണക്കാക്കിയാണ് പലിശ ഈടാക്കുക. ഇങ്ങനെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുക്കുന്ന തുകയുടെ 2.5 ശതമാനം ഫീസായി നല്‍കണം. ചുരുങ്ങിയ തുക 500 രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്. അതായത് എത്ര ചെറിയ തുകയാണ് പിന്‍വലിക്കുന്നതെങ്കിലും 500 രൂപ ഫീസ് നല്‍കണം.
ചെക്ക് മടങ്ങാതെ നോക്കാം
ഏതെങ്കിലും കാരണവശാല്‍ ചെക്ക് മടങ്ങിയാല്‍ അതിനുള്ള ചാര്‍ജായി ഫെബ്രുവരി 10 മുതല്‍ തുകയുടെ രണ്ട് ശതമാനം നല്‍കണം. എത്ര തുകയുടെ ചെക്കാണോ അതിന്റെ രണ്ട് ശതമാനമാണ് നല്‍കേണ്ടത്. ഇവിടെയും കുറഞ്ഞ തുക 500 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.