Summary
ഈ സാമ്പത്തിക വർഷം രാജ്യത്തിന്റെ കയറ്റുമതി 400 ബില്യൺ ഡോളർ കടക്കുമെന്ന പ്രതീക്ഷയിൽ ഉൽപ്പന്നങ്ങളുടെയും, സേവനങ്ങളുടെയും കയറ്റുമതിക്ക് ആക്കം കൂട്ടാനൊരുങ്ങി വാണിജ്യ മന്ത്രാലയം. ഇതിനായി ‘ബ്രാൻഡ് ഇന്ത്യ കാമ്പെയ്‌ൻ’ ആരംഭിക്കാനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ചരക്കുസേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കയറ്റുമതി വർധിപ്പിക്കാനാവശ്യമായ പദ്ധതികൾ ഒരു കുടക്കീഴിലാക്കുകയാണ് ലക്ഷ്യം. പ്രാരംഭ ഘട്ടത്തിൽ, രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തോട്ടം ഉൽപന്നങ്ങൾ (ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ), വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഫാർമ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രത്യേക മേഖലകളിലെ ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. […]
ഈ സാമ്പത്തിക വർഷം രാജ്യത്തിന്റെ കയറ്റുമതി 400 ബില്യൺ ഡോളർ കടക്കുമെന്ന പ്രതീക്ഷയിൽ ഉൽപ്പന്നങ്ങളുടെയും, സേവനങ്ങളുടെയും കയറ്റുമതിക്ക് ആക്കം കൂട്ടാനൊരുങ്ങി വാണിജ്യ മന്ത്രാലയം. ഇതിനായി ‘ബ്രാൻഡ് ഇന്ത്യ കാമ്പെയ്‌ൻ’ ആരംഭിക്കാനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെ ചരക്കുസേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കയറ്റുമതി വർധിപ്പിക്കാനാവശ്യമായ പദ്ധതികൾ ഒരു കുടക്കീഴിലാക്കുകയാണ് ലക്ഷ്യം.
പ്രാരംഭ ഘട്ടത്തിൽ, രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തോട്ടം ഉൽപന്നങ്ങൾ (ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ), വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഫാർമ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രത്യേക മേഖലകളിലെ ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഉത്പന്നങ്ങളുടെ ഗുണനിലവാരം, പൈതൃകമായ സവിശേഷതകൾ, സാങ്കേതികവിദ്യ, മൂല്യം എന്നിവയൊക്കെ കണക്കിലെടുത്തു കൊണ്ടായിരിക്കും കയറ്റുമതി പ്രോത്സാഹിപ്പിക്കുക.
വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അടുത്തിടെയാണ് ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ (ഐ ബി ഇ എഫ് ) ബ്രാൻഡ് ഇന്ത്യ കാമ്പെയ്ൻ്റെ സ്ഥിതി അവലോകനം ചെയ്തത്. വിദേശ വിപണികളിൽ 'മെയ്ഡ് ഇൻ ഇന്ത്യ' ലേബലിനെ പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര വിപണികളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും, ഇന്ത്യൻ ഉൽപ്പന്നങ്ങളും, സേവനങ്ങളും പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്നതിനുമായി വാണിജ്യ വകുപ്പ് സ്ഥാപിച്ച ട്രസ്റ്റാണ് ഐ ബി ഇ എഫ്.
“ഇത്തരത്തിൽ ഒരു ഏകീകൃത കാമ്പെയ്‌നിന്റെ ആവശ്യകത ഏറെയാണ്. കാരണം നിലവിൽ വ്യത്യസ്ത മേഖലകൾ വ്യത്യസ്ത രീതികളിൽ വ്യക്തിഗത താത്പര്യമനുസരിച്ചാണ് പ്രവർത്തിക്കുന്നത്,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഒരു ഏജൻസിയെ തിരഞ്ഞെടുക്കുകയും, അതിന്റെ കീഴിൽ ബ്രാൻഡിംഗ് സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നതു വഴിയാണ് ഏകീകൃത ലോഗോ ഐഡന്റിറ്റി ഉണ്ടാക്കുന്നതും, ബ്രാൻഡിംഗ് (സിനിമകൾ, ടിവികൾ, പ്രിന്റ് പരസ്യങ്ങൾ, ഡിജിറ്റൽ ബാനറുകൾ) പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും.