image

15 Jan 2022 8:01 AM GMT

Banking

ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് ശ്രീലങ്ക

MyFin Bureau

ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് ശ്രീലങ്ക
X

Summary

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ 1.2 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. 1.5 ദശലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഭിന്നശേഷിയുള്ള സൈനികര്‍ക്കുമടക്കം 2022 ജനുവരി മുതല്‍ പ്രതിമാസം 5,000 രൂപ (24 ഡോളര്‍) പ്രത്യേക അലവന്‍സും ഉള്‍പ്പെടുന്ന പുതിയ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് നടപ്പിലാക്കാന്‍ 229 ബില്യണ്‍ ശ്രീലങ്കന്‍ രൂപ (1.2 ബില്യണ്‍ യുഎസ് ഡോളര്‍) ചെലവഴിക്കുമെന്ന് ധനമന്ത്രി രാജപക്സെ പറഞ്ഞു. രാജ്യത്തിന്റെ കടബാധ്യതകളുടെ കാര്യത്തില്‍ അന്താരാഷ്ട്ര സോവറിന്‍ ബോണ്ട് (ഐ എസ് ബി) […]


കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ 1.2 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. 1.5 ദശലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഭിന്നശേഷിയുള്ള സൈനികര്‍ക്കുമടക്കം 2022 ജനുവരി മുതല്‍ പ്രതിമാസം 5,000 രൂപ (24 ഡോളര്‍) പ്രത്യേക അലവന്‍സും ഉള്‍പ്പെടുന്ന പുതിയ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് നടപ്പിലാക്കാന്‍ 229 ബില്യണ്‍ ശ്രീലങ്കന്‍ രൂപ (1.2 ബില്യണ്‍ യുഎസ് ഡോളര്‍) ചെലവഴിക്കുമെന്ന് ധനമന്ത്രി രാജപക്സെ പറഞ്ഞു.

രാജ്യത്തിന്റെ കടബാധ്യതകളുടെ കാര്യത്തില്‍ അന്താരാഷ്ട്ര സോവറിന്‍ ബോണ്ട് (ഐ എസ് ബി) ഉടമകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിക്കുമെന്ന് മന്ത്രി പറഞ്ഞു. തങ്ങള്‍ ജൂലൈയില്‍ 1000 മില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കണമെന്നും അവര്‍ വീണ്ടും നിക്ഷേപിക്കാന്‍ തയ്യാറാണോ എന്നറിയണമെന്നും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെയും പ്രസിഡന്റ് ഗോട്ടബായ രാജപക്സെയുടെയും ഇളയ സഹോദരന്‍ രാജപക്സെ പറഞ്ഞു. ചൈന, ജപ്പാന്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന തുക കടമായി വാങ്ങിയിട്ടുണ്ട്.

ഈ വിളവെടുപ്പ് സീസണില്‍ 25 മുതല്‍ 30 ശതമാനം വരെ വിളനാശം നേരിടുന്ന കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുമെന്നും ഒരേക്കറില്‍ താഴെ ഭൂമിയുള്ള ആളുകള്‍ക്ക് ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ 10,000 രൂപ (49 ഡോളര്‍) സബ്സിഡി നല്‍കുമെന്നും രാജപക്സെ പറഞ്ഞു. കൂടാതെ തോട്ടം മേഖലയിലെ ജീവനക്കാര്‍ക്ക് ഓരോ കുടുംബത്തിനും ഓരോ മാസവും 15 കിലോ ഗോതമ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാസവള നിരോധനം മൂലമുണ്ടായ വിളവെടുപ്പ് നഷ്ടം കൊണ്ട് കര്‍ഷകർ വലിയ പ്രതിസന്ധി നേരിടുകയും തുടര്‍ന്ന് ജനകീയ പ്രതിഷേധം നടത്തുകയും ചെയ്തു. നവംബറില്‍ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തി, 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എല്ലാ ചെലവുകളും ബജറ്റിനുള്ളില്‍ ആയിരിക്കുമെന്നതിനാല്‍ ദുരിതാശ്വാസ പാക്കേജ് കൂടുതല്‍ പണപ്പെരുപ്പത്തിന് കാരണമാകില്ലെന്ന് രാജപക്സെ പറഞ്ഞു.

കരുതല്‍ ശേഖരം കുറയുന്നതോടെ ശ്രീലങ്ക ഇപ്പോള്‍ കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്നുണ്ട്. ഡോളര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് നവംബറില്‍ ദ്വീപ് രാഷ്ട്രത്തിലെ ഏക റിഫൈനറി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. പകരം ഫിനിഷ്ഡ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുമായും ഒമാനുമായും ഇന്ധനം വാങ്ങുന്നതിനുള്ള ക്രെഡിറ്റ് ലൈനുകള്‍ തയ്യാറാക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.