7 March 2025 3:09 PM IST
പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിഴിഞ്ഞത്ത് തുടങ്ങാനിരിക്കെ തുറമുഖത്ത് 200-മത്തെ കപ്പലും ബെർത്ത് ചെയ്തു. എ.എസ് അല്‍വയെന്ന ചരക്കുകപ്പലാണ് ഇന്ന് വിഴിഞ്ഞത്തെത്തിയത്. ഇക്കാലയളവിനുള്ളിൽ ഇതുവരെ 3.98 ലക്ഷം ടിഇയു കണ്ടെയ്നറാണ് വിഴിഞ്ഞം കൈകാര്യം ചെയ്തിരിക്കുന്നത്. ഇതോടെ ആഗോള മാരിടൈം ഭൂപടത്തിൽ നിർണായക സ്ഥലമായി വിഴിഞ്ഞം മാറിയിരിക്കുകയാണ്.
നിർമ്മാണം പൂർത്തീകരിക്കുന്നതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെ ഉയരും. 2028-ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനൽ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കും.
വിഴിഞ്ഞം പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച് 40 വർഷ കരാർ കാലയളവിൽ ഏകദേശം 54750 കോടി രൂപ മൊത്ത വരുമാനമുണ്ടാക്കും. അതിൽ ഏകദേശം 6300 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും. എന്നാൽ 2028 ഡിസംബറോടെ ശേഷി വർധിപ്പിക്കൽ പൂർത്തിയാകുന്നതോടെ മൊത്തവരുമാനം 54750 കോടി രൂപയിൽ നിന്നും 215000 കോടി രൂപയാകും. വരുമാന വിഹിതം 6300 കോടി രൂപയിൽ നിന്ന് 35000 കോടി രൂപയായി വർദ്ധിക്കും. ശേഷി വർദ്ധന മൂലം വരുമാന വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും ഏകദേശം 48000 കോടി രൂപ സർക്കാരിന് അധികമായി ലഭിക്കും.