image

18 Oct 2023 12:37 AM GMT

News

സിനിമാ ടൂറിസം; കിരീടം പാലത്തിന് 1.22 കോടി

MyFin Desk

kireedam bridge |  cinema tourism
X

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വെള്ളായണി കിരീടം പാലത്തിന് 1,22,50,000 രൂപയുടെ ഭരണാനുമതി നല്‍കി. പാലത്തെ ടൂറിസം മേഖലിയലെ ആകര്‍ഷണമായി മാറ്റുന്ന 'സിനി ടൂറിസം പ്രോജക്ട്- കിരീടം പാലം അറ്റ് വെള്ളായണി' എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാണമെന്നാണ് നിര്‍ദേശം.

1989 ല്‍ പുറത്തിറങ്ങിയ കിരീടം സിനിമയില്‍ തിരുവനന്തപുരത്തെ വെള്ളായണി പാലം ഒരു ലൊക്കേഷനാണ്. സിനിമ പുറത്തിറങ്ങി മൂന്നര പതിറ്റാണ്ടാകുമ്പോഴും നിരവധി ആരാധകരും വിനോദസഞ്ചാരികളും പാലം കാണാന്‍ വെള്ളായണിയില്‍ എത്തുന്നുണ്ട്. ഈ പ്രശസ്തി മുന്‍നിര്‍ത്തിയാണ് വെള്ളായണി പാലം സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നത്.

മണിരത്‌നത്തിന്റെ ബോംബെ സിനിമയിലെ അതിപ്രശസ്തമായ 'ഉയിരേ' എന്ന ഗാനം ചിത്രീകരിച്ച കാസര്‍കോട്ടെ ബേക്കല്‍ കോട്ടയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ള മറ്റൊരു സ്ഥലം. ഇതിന്റെ ഭാഗമായി മണിരത്‌നവുമായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാനത്തെ പ്രകൃതിസുന്ദരമായ ഒട്ടേറെ സ്ഥലങ്ങള്‍ വിവിധ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചില സ്ഥലങ്ങള്‍ സിനിമയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. എല്ലാ ജില്ലകളിലും ഇത്തരം സ്ഥലങ്ങളുടെ സാധ്യത പദ്ധതിക്കായി തേടുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടുവയ്ക്കുന്ന അനുഭവവേദ്യ ടൂറിസം എന്ന ആശയം സിനിമാ ടൂറിസം പദ്ധതിയിലൂടെ കൂടുതല്‍ ഫലവത്താകുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് സിനിമാ ടൂറിസം കരുത്ത് പകരുമെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് അഭിപ്രായപ്പെട്ടു.