3 Nov 2024 10:48 AM GMT
Summary
- അതിവേഗ പാതയ്ക്ക് 508 കിലോമീറ്റര്‍ നീളം
- അവസാനം പൂര്‍ത്തിയായത് ഖരേര നദിയിലെ 120 മീറ്റര്‍ നീളമുള്ള പാലം
508 കിലോമീറ്റര്‍ നീളമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിക്കായി ഗുജറാത്തിലെ ആകെ 20 നദീപാലങ്ങളില്‍ 12 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നവസാരി ജില്ലയിലെ ഖരേര നദിയിലെ 120 മീറ്റര്‍ നീളമുള്ള പാലം ഗുജറാത്തില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയ 12-ാമത്തെതാണെന്ന്് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) അറിയിച്ചു.
മുംബൈ, താനെ, വിരാര്‍, ബോയ്സര്‍, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്/നാദിയാദ്, അഹമ്മദാബാദ്, സബര്‍മതി എന്നിവിടങ്ങളില്‍ മൊത്തം 12 സ്റ്റേഷനുകളുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഗുജറാത്ത് (352 കിലോമീറ്റര്‍), മഹാരാഷ്ട്ര (156 കിലോമീറ്റര്‍) എന്നീസംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അഹമ്മദാബാദിനും മുംബൈയ്ക്കുമിടയിലുള്ള യാത്രാ സമയം നിലവിലെ 6 മുതല്‍ 8 മണിക്കൂര്‍ വരെ എന്നുള്ളത് ബുള്ളറ്റ് ട്രെയിന്‍ 3 മണിക്കൂറായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഖരേരയ്ക്ക് പുറമേ, വാപിക്കും സൂററ്റിനും ഇടയില്‍ പര്‍, പൂര്‍ണ, മിന്ദോല, അംബിക, ഔറംഗ, കോലക്, കാവേരി, വെംഗനിയ നദികളിലും പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ധാധര്‍ (വഡോദര ജില്ല), മോഹര്‍, വത്രക് (രണ്ടും ഖേഡ ജില്ലയില്‍) നദികളിലാണ് പൂര്‍ത്തിയായ മറ്റ് പാലങ്ങള്‍.
2024 ഒക്ടോബര്‍ 21 വരെ, പദ്ധതിക്കായി ഉപയോഗിക്കേണ്ട മുഴുവന്‍ 1,389.5 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു. കൂടാതെ പ്രോജക്റ്റിനായുള്ള എല്ലാ സിവില്‍, ഡിപ്പോ ടെന്‍ഡറുകളും ഗുജറാത്ത് ഭാഗത്തിന്റെ ട്രാക്ക് ടെന്‍ഡറും നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. കടലിനടിയിലൂടെ കടന്നുപോകുന്ന ടണലിന്റെ പ്രവര്‍ത്തനവും ആരംഭിച്ചതായി എന്‍എച്ച്എസ്ആര്‍സിഎല്‍ അറിയിച്ചു.