21 Oct 2023 11:38 AM
Summary
- ഫീസിന്റെ 2.1% ബാങ്കിന് ലഭിക്കും. 1.50% ഫാസ്ടാഗ് അതോറിറ്റിക്കുള്ളതാണ്
- തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഡിജിറ്റലായി പണം സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും
- പ്രധാന ക്ഷേത്രങ്ങളിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ഓപ്ഷനുകൾ, ക്യുആർ കോഡ്, സ്വൈപ്പിംഗ് പേയ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും
ശബരിമല തീർത്ഥാടന സീസണിൽ തീർത്ഥാടകര്‍ക്ക് നിലയ്ക്കലിൽ ഫാസ്ടാഗ് അധിഷ്‌ഠിത പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചു . ഐസിഐസിഐ ബാങ്കിന്റെ പിന്തുണയോടെയാണ് സൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ നിലവിൽ പാർക്കിംഗ് ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. ഇതിലൂടെ ഏകദേശം 10 കോടിയുടെ വരുമാനം ലഭിക്കുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടൽ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം അഞ്ചു കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് വ്യാഴാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഐസിഐസിഐ ബാങ്കുമായി ദേവസ്വം ബോർഡ് കരാറിൽ ഒപ്പുവച്ചു. അതേസമയം കരാർ പ്രകാരം, ശേഖരിക്കുന്ന ഫീസിന്റെ 2.1% ബാങ്കിന് ലഭിക്കും. അതിൽ 1.50% ഫാസ്ടാഗ് അതോറിറ്റിക്കുള്ളതാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഡിജിറ്റലായി പണം സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ഐസിഐസിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളുമായി ദേവസ്വം ബോർഡ് കരാറിലും ഏർപ്പെട്ടിട്ടുണ്ട്. ഇതോടെ ശബരിമല ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ഓപ്ഷനുകൾ, ക്യുആർ കോഡ്, സ്വൈപ്പിംഗ് പേയ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളും തീത്ഥാടകർക്കു ലഭിക്കും.
ശബരിമലയിലെ ഭണ്ഡാരത്തിന്റെ കവാടത്തിൽ പണമിടപാടുകൾ എണ്ണി തിട്ടപ്പെടുത്തുന്ന മുറിയിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കാനും. അവിടെ എമർജൻസി എക്സിറ്റും സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.