4 Sep 2023 12:17 PM GMT
Summary
- തെരുവുകളിലെ നൂറുകണക്കിന് വീടുകൾ പൊളിക്കുന്നു
ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യ തലസ്ഥാനം മുഖം മിനുക്കുകയാണ്. പക്ഷേ, നിരവധിയാളുകളുടെ കിടപ്പാടങ്ങള്‍, ഉപജീവന മാര്‍ഗങ്ങള്‍ എന്നിവയൊക്കെ പിഴുതെറിഞ്ഞാണ് ഡൽഹിയുടെ ഈ അണിഞ്ഞൊരുങ്ങൽ. ഇരുണ്ട് കിടന്നിരുന്ന നടപ്പാതകളില്‍ണ് പുതിയ വിളക്കുകള്‍ പ്രകാശിക്കുന്നു . കെട്ടിടങ്ങളുടെ ചുവരുകളില്‍ തിളക്കമുള്ള ചിത്രങ്ങള്‍ എഴുതുന്നു . അനധികൃതമായി പെരുകുന്ന തെരുവ് നായ്ക്കളെയും കുരങ്ങുകളെയുമൊക്കെ ഇല്ലാതാക്കുന്നതുപോലെയാണ് തങ്ങളെ മായ്ച്ചു കളഞ്ഞതെന്നാണ് നഗരത്തിലെ ദരിദ്രരില്‍ പലരും പറയുന്നത്.
120 ദശലക്ഷം ഡോളറിന്റേതാണ് ഡല്‍ഹിയുടെ മുഖം മിനുക്കല്‍ പദ്ധതി. ഇത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെ സാംസ്‌കാരിക വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനും ആഗോള വേദിയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതീക്ഷ. ഡല്‍ഹിയിലെ ജനസംഖ്യ 20 ദശലക്ഷത്തിലധികമാണ്. 2011 ലെ സെന്‍സസ് പ്രകാരം ഭവനരഹിതരുടെ എണ്ണം 47,000 ആയിരുന്നു. എന്നാല്‍, ഇത് വളരെ കുറവാണെന്നും യഥാര്‍ത്ഥ സംഖ്യ കുറഞ്ഞത് 150,000 ആണെന്നമാണ് സാമൂഹിക പ്രവര്‍ത്തകരുടെ അഭിപ്രായം. ജനുവരി മുതല്‍ നൂറുകണക്കിന് വീടുകളും റോഡരികിലെ സ്റ്റാളുകളും പൊളിച്ചുമാറ്റല്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഡസന്‍ കണക്കിന് കുടിലുകള്‍ നിലംപൊത്തി. പൊളിക്കല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നിരവധിപ്പേര്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. അനധികൃത കൈയേറ്റക്കാര്‍ക്കെതിരെയാണ് ഈ നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. വിവിധ ജി 20 പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും സമാനമായ നടപടികള്‍ നടന്നിട്ടുണ്ട് എന്നിവർ ആരോപിക്കുന്നു.
'സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ നഗരങ്ങളിലെ ദരിദ്രരുടെ ജീവിതം നശിപ്പിക്കപ്പെടുന്നുവെന്ന് ആക്ടിവിസ്റ്റ് ഗ്രൂപ്പായ ബസ്തി സുരക്ഷാ മഞ്ച് അഥവാ സേവ് കോളനി ഫോറത്തിലെ അബ്ദുള്‍ ഷക്കീല്‍ പറയുന്നു. ഇന്ത്യാ ഗേറ്റ് സ്മാരകത്തിനടുത്ത് ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്തായി പുതുതായി നിര്‍മ്മിച്ച ഭാരത് മണ്ഡപം കെട്ടിടത്തിലാണ് രണ്ട് ദിവസത്തെ ആഗോള ഉച്ചകോടി നടക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി 20. ജി 20 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകളുടെ ഫലമായി ഏകദേശം 300,000 ആളുകള്‍ ഡല്‍ഹിയില്‍ നിന്നും പലായനം ചെയ്തതായി മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രൂപ്പായ കണ്‍സേര്‍ഡ് സിറ്റിസണ്‍സ് കളക്ടീവിന്റെ ജൂലൈയിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുടിലുകളും, വീടുകളും പൊളിച്ചു മാറ്റപ്പെട്ടവര്‍ക്ക് പുതുതായി താമസ സൗകര്യങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല എന്ന് റിപ്പോർട്ട് പറയുന്നു.
രാജ്യത്ത് എന്തെങ്കിലും പ്രധാന സംഭവങ്ങള്‍ നടക്കുന്നതിനു മുന്നോടിയായി ക്യാമ്പുകളും കുടിലുകളും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഡിഎ അധികൃതര്‍ മുന്‍പും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 2020 ല്‍ അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ അര കിലോമീറ്റര്‍ (1,640 അടി) ഇഷ്ടിക മതില്‍ നിർമ്മിച്ച് ചേരികൾ മറച്ചതു വിവാദം സൃഷ്ടിച്ചിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സമാനമായ നടപടികള്‍ നടന്നിരുന്നു. ഉപജീവനമാര്‍ഗം ഇന്ത്യയുടെ അഭിമാനത്തിനായി ത്യജിക്കേണ്ടിയും വരുന്നു. ഇതിനിടയില്‍ തങ്ങള്‍ നിസഹായരാണെന്നാണ് ചില തെരുവ് കച്ചവടക്കാരുടെ അഭിപ്രായം.