- Home
- /
- Market
- /
- Mutual Funds
- /
- മ്യൂച്വല്‍ഫണ്ട്...
മ്യൂച്വല്‍ഫണ്ട് പിന്‍വലിക്കാന്‍ ആലോചനയുണ്ടോ? ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോളൂ
MyFin Desk
Summary
- വരുമാനം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു
- ലക്ഷ്യം പ്രധാനം
- പെര്‍ഫോമന്‍സ് വലിയ ഘടകം
സമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ ആലോചിക്കുന്നവര്‍ സ്വാഭാവികമായി പരിഗണിക്കുന്ന ഒരു ആസ്തിയാണ് മ്യൂച്വല്‍ഫണ്ട്. മികച്ച വരുമാനം...
സമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ ആലോചിക്കുന്നവര്‍ സ്വാഭാവികമായി പരിഗണിക്കുന്ന ഒരു ആസ്തിയാണ് മ്യൂച്വല്‍ഫണ്ട്. മികച്ച വരുമാനം നല്‍കുന്ന മ്യൂച്വല്‍ഫണ്ടില്‍ ഒരു നിക്ഷേപം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മതി. കാരണം ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ കയറി നിമിഷനേരം കൊണ്ട് ആര്‍ക്കും നിക്ഷേപം തുടങ്ങാം. അതുപോലെ നിങ്ങള്‍ മ്യൂച്വല്‍ഫണ്ടിലെ നിക്ഷേപം പിന്‍വലിക്കാനും ഏതാനും ക്ലിക്കുകള്‍ മതി. മുമ്പുണ്ടായിരുന്ന പോലെ ഒരുപാട് നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ മ്യൂച്വല്‍ഫണ്ട് പിന്‍വലിക്കാന്‍ ആലോചിക്കുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എളുപ്പത്തില്‍ എടുക്കുന്ന ഒരു തീരുമാനമാകരുത് ഇത്. എന്തൊക്കെ ശ്രദ്ധിക്കണമെന്ന് താഴെ പറയാം.
നിക്ഷേപ ലക്ഷ്യം എന്തായിരുന്നു?
മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് എന്തെങ്കിലുമൊരു സാമ്പത്തിക ലക്ഷ്യമുണ്ടായിരിക്കും. ഇത് എന്തായിരുന്നുവെന്നും പണം പിന്‍വലിക്കുന്നത് ആ ലക്ഷ്യം നേടാനുള്ള സമയമായത് കൊണ്ടാണോ എന്നും ആദ്യം തീരുമാനിക്കണം. ധൃതി പിടിച്ച് എന്തെങ്കിലുമൊരു പണത്തിന്റെ ആവശ്യം വരുമ്പോഴേക്ക് മ്യൂച്വല്‍ഫണ്ട് റെഡീം ചെയ്ത് ഫണ്ട് കണ്ടെത്താന്‍ നോക്കരുത്. പകരം നിക്ഷേപം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന സാമ്പത്തിക ലക്ഷ്യം നിറവേറ്റാന്‍ സമയമായെങ്കില്‍ പിന്‍വലിക്കുക.
ഇനി വൈവിധ്യവത്കരണത്തിന് വേണ്ടി മ്യൂച്വല്‍ഫണ്ട് നിക്ഷേപം പിന്‍വലിക്കുന്നതില്‍ തെറ്റില്ല. ഒരു മ്യൂച്വല്‍ഫണ്ടില്‍ നിന്നുള്ള വരുമാനം ഡെബ്റ്റ് ഫണ്ടുകളിലേക്ക് മാറ്റുകയോ മറ്റൊരു സ്‌കീമിലേക്ക് മാറ്റുവാനുമൊക്കെ പിന്‍വലിക്കുകയാണെങ്കില്‍ പ്രത്യേകിച്ച് ആലോചിക്കേണ്ടതില്ല. എന്നാല്‍ ഒറ്റയടിക്ക് റെഡീം ചെയ്യുന്നതിന് പകരം സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ തെരഞ്ഞെടുക്കുന്നതായിരിക്കും ഇത്തരം കാര്യങ്ങള്‍ക്ക് നല്ലത്. മറ്റൊരു മ്യൂച്വല്‍ഫണ്ട് സ്‌കീമിലേക്കോ മറ്റോ എസ്‌ഐപിയായി വരുമാനം മാറ്റിക്കൊണ്ടിരിക്കാം. ഇതാണ് വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കുന്ന രീതി.
ലക്ഷ്യം മാറി
ഒരാള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ എത്ര നാള്‍ നിക്ഷേപിക്കുന്നുവോ അത്രയധികം റിട്ടേണിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ നിക്ഷേപത്തിന്റെ ദൈര്‍ഘ്യത്തിനനുസരിച്ച് വലിയ വരുമാനം ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. എന്നാല്‍ വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കാന്‍ വ്യത്യസ്ത സമയങ്ങള്‍ ആവശ്യമാണ്.
അതുകൊണ്ട് തന്നെ എന്ത് ലക്ഷ്യത്തിനാണോ നിക്ഷേപിച്ചത് ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നോക്കണം. ചിലപ്പോള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടേണ്ട ഒരു കാര്യത്തിന് വേണ്ടി മ്യൂച്വല്‍ഫണ്ട് നിക്ഷേപം തുടങ്ങിയിട്ടുണ്ടാകാം. എന്നാല്‍ പിന്നീട് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിറവേറ്റാനാണ് ഈ നിക്ഷേപം കൂടുതല്‍ നല്ലതെന്ന തോന്നലിലാണ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നതെങ്കില്‍ തെറ്റില്ല. എന്നാല്‍ അസറ്റ് അലോക്കേഷനില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കണം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം ആവശ്യമാണ്. അതേപോലെ സുരക്ഷിതമായ ഓപ്ഷനുകള്‍ ഏതൊക്കെയാണെന്ന് നോക്കി പരിഗണിക്കുകയും വേണം.
പെര്‍ഫോമന്‍സില്‍ പിറകിലാണോ?
മ്യൂച്വല്‍ഫണ്ടുകള്‍ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചിലപ്പോള്‍ പ്രതീക്ഷിച്ച അത്ര പ്രകടനം നടത്താത്ത സാഹചര്യവുമുണ്ടാകും. അതുകൊണ്ട് തന്നെ ചിലപ്പോള്‍ വരുമാനം കുറഞ്ഞേക്കാം. എന്നാല്‍ ഇക്കാരണം കൊണ്ട് ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുംമുമ്പ് ഇതേ കാറ്റഗറിയിലുള്ള മറ്റ് ഫണ്ടുകളുട പ്രകടനം വിലയിരുത്തുകയാണ് വേണ്ടത്. രണ്ട് വര്‍ഷത്തിലേറെയുള്ള പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ സമാന ഫണ്ടുകളുമായി വലിയ അന്തരം തോന്നുകയാണെങ്കില്‍ ആ ഫണ്ടില്‍ നിന്ന് പുറത്തുകടക്കാന്‍ സമയമായിട്ടുണ്ടെന്ന് തീരുമാനിക്കാം.