28 Nov 2022 12:03 PM GMT
എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി എച്ച്എസ്ബിസി അസെറ്റ് മാനേജ്മെന്റ് (ഇന്ത്യ). എച്ച്എസ്ബിസി ഏകദേശം 3,500 കോടി രൂപയ്ക്കാണ് (452 ദശലക്ഷം ഡോളര്‍) എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിനെ ഏറ്റെടുത്തത്. എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ്.
ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ടിനു കീഴിലുണ്ടായിരുന്ന ഫണ്ടുകള്‍ എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ടിലേക്ക് മാറ്റുകയോ, ലയിപ്പിക്കുകയോ ചെയ്യും. എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ സ്പോണ്‍സര്‍ഷിപ്പ്, ട്രസ്റ്റിഷിപ്പ്, മാനേജ്മെന്റ്, അഡ്മിനിസിട്രേഷന്‍ എന്നിവയെല്ലാം എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് കാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ), ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഓഫ് എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ട്, എച്ച്എസ്ബിസി അസെറ്റ് മാനേജ്മെന്റ് (ഇന്ത്യ) എന്നിവയ്ക്കു കീഴിലാകും.
2021 ഡിസംബറിലാണ് ഏറ്റെടുക്കല്‍ പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് സെബിയുടെ അനുമതി ലഭിച്ചത്.നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തിലെ ഇരു കമ്പനികളുടെയും കൈകാര്യം ചെയ്യുന്ന ആസ്തി കണക്കിലെടുക്കുമ്പോള്‍, ലയനത്തോടെ എച്ച്എസ്ബിസി രാജ്യത്തെ ഏറ്റവും വലിയ 14-ാമത്തെ ഫണ്ട് ഹൗസാകും. മുന്‍ പാദത്തില്‍ ഇരു കമ്പനികളും സംയുക്തമായ കൈകാര്യം ചെയ്ത ആസ്തി 85,000 കോടി രൂപയായിരുന്നു.