25 Jun 2022 6:50 AM GMT
Summary
മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച നിക്ഷേപ അവസരമായി ആളുകള്‍ അംഗീകരിച്ചു കഴിഞ്ഞിട്ട് കുറച്ചു നാളുകളായി. ഇതിൽ ലംപ്‌സം (lump sum) ആയി നിക്ഷേപം നടത്തുന്നവരും, എസ്‌ഐപിയായി (SIP) നിക്ഷേപം നടത്തുന്നവരുമുണ്ട്. വിപണിയുടെ നൂലാമാലകളിൽ നിന്ന് രക്ഷനേടി വിദഗ്ദ്ധന്മാർ തെരഞ്ഞെടുക്കുന്ന ഓഹരികളിൽ പണം നിക്ഷേപിക്കുമ്പോൾ മാനസിക സമ്മർദ്ദം ഒഴിവാക്കാമെന്നതാണ് മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ ഏറ്റവും വലിയ ആശ്വാസം. എന്നാൽ, അവിടെയും ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ലാഭം ഉണ്ടായെന്നു വരില്ല. പക്ഷേ, ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നഷ്ട സാദ്ധ്യതകൾ ഒരു […]
മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച നിക്ഷേപ അവസരമായി ആളുകള്‍ അംഗീകരിച്ചു കഴിഞ്ഞിട്ട് കുറച്ചു നാളുകളായി. ഇതിൽ ലംപ്‌സം (lump sum) ആയി നിക്ഷേപം നടത്തുന്നവരും, എസ്‌ഐപിയായി (SIP) നിക്ഷേപം നടത്തുന്നവരുമുണ്ട്. വിപണിയുടെ നൂലാമാലകളിൽ നിന്ന് രക്ഷനേടി വിദഗ്ദ്ധന്മാർ തെരഞ്ഞെടുക്കുന്ന ഓഹരികളിൽ പണം നിക്ഷേപിക്കുമ്പോൾ മാനസിക സമ്മർദ്ദം ഒഴിവാക്കാമെന്നതാണ് മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ ഏറ്റവും വലിയ ആശ്വാസം. എന്നാൽ, അവിടെയും ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ലാഭം ഉണ്ടായെന്നു വരില്ല. പക്ഷേ, ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നഷ്ട സാദ്ധ്യതകൾ ഒരു പരിധിവരെ അകറ്റി നിര്‍ത്താം.
പ്രകടനം: ഏത് ഫണ്ടാണോ തെരഞ്ഞെടുക്കാനുദ്ദേശിക്കുന്നത് ആ ഫണ്ടിനെ അതേ കാറ്റഗറിയില്‍ വരുന്ന മറ്റു ഫണ്ടുകളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. എത്ര കാലത്തേക്കാണ് നിക്ഷേപം നടത്തുന്നത്, എത്ര രൂപ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്് എന്നിവയെല്ലാം കണക്കാക്കി വേണം ഫണ്ടുകളുടെ പ്രകടനം താരതമ്യം ചെയ്യാന്‍.
റിസ്‌ക്: ഒരു പരിധിവരെ എല്ലാ നിക്ഷേപങ്ങള്‍ക്കും റിസ്‌കുണ്ട്. പൊതുവേ റിസ്‌ക് കൂടുമ്പോള്‍ റിട്ടേണും കൂടും എന്നാണ് പറയാറ്. മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ റിട്ടേണ്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെയ്ക്കണമെന്നില്ല. ഒരു ഫണ്ടിന് അത് എടുക്കുന്ന അപകടസാധ്യതയെ ന്യായീകരിക്കുന്ന തരത്തിലുള്ള റിട്ടേണ്‍ നല്‍കുന്നുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.
മ്യൂച്വല്‍ ഫണ്ട് റിട്ടേണുകള്‍ അളക്കാന്‍ അത്ര എളുപ്പമല്ല. അതിന് ഉപയോഗിക്കാവുന്ന വൈവിധ്യമാര്‍ന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ടെക്‌നിക്കുകള്‍ ഉണ്ട്. ഒരു ഫണ്ടിന്റെ റേറ്റിംഗ് നാലോ അഞ്ചോ ആണെങ്കില്‍ അതിനര്‍ത്ഥം ഫണ്ട്, സമാനമായ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍, അതിന്റെ റിസ്‌ക് ലെവല്‍ കണക്കിലെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നാണ്. അടുത്തിടെ സെബി മ്യൂച്വല്‍ ഫണ്ടുകളുടെ റിസ്‌ക് കണക്കാക്കാന്‍ റിസ്‌കോ മീറ്റര്‍ അവതരിപ്പിച്ചിരുന്നു. അസോസിയോഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയാണ് ഈ ഗ്രാഫ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
പോര്‍ട്‌ഫോളിയോ: ഫണ്ടുകളുടെ പ്രകടനവും, റിസ്‌കും പോലെയല്ല പോര്‍ട്‌ഫോളിയോ, അത് ഫണ്ടിനുള്ളില്‍ അടങ്ങിയിരിക്കുന്ന ഘടകമാണ്. പോര്‍ട്‌ഫോളിയോ നല്ലതാണെങ്കില്‍ അത് നല്ല രീതിയില്‍ ഫണ്ടിന്റെ പ്രകടനത്തെയും, റിട്ടേണിനെയും ബാധിക്കും. മോശമാണെങ്കില്‍ അങ്ങനെ. ഒരു ഫണ്ട് അതിന്റെ നിക്ഷേപത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ഓപ്ഷനുകളാണ് പോര്‍ട്‌ഫോളിയോകള്‍. അത് കമ്പനി ഓഹരികള്‍, പണവും, പണ ഉപകരണങ്ങളുമൊക്കെയാകാം. ഓഹരികളാണെങ്കില്‍ അതില്‍ ഏതൊക്കെ മേഖലയിലെ ഓഹരികളുണ്ടെന്നും പരിശോധിക്കാം.
ഉദാഹരണത്തിന് ഇക്വിറ്റി ഫണ്ടുകളാണെങ്കില്‍ പോര്‍ട്‌ഫോളിയോയില്‍ കൂടുതലുള്ളത് വലുത്, ഇടത്തരം, ചെറുകിട കമ്പനികളില്‍ ഏതിന്റെ ഓഹരികളാണെന്നുള്ളത് നിക്ഷേപകര്‍ക്ക് മനസിലാക്കാം. അല്ലെങ്കില്‍ ഒരു ഫണ്ട് കൂടുതല്‍ വിലയുള്ളതും എന്നാല്‍ വേഗത്തില്‍ വളരുന്നതുമായ കമ്പനികളെയാണോ അതോ സാവധാനം, എന്നാല്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചനേടുന്ന കമ്പനികളുടെ ഓഹരികളാണോ ഇഷ്ടപ്പെടുന്നതെന്നും പരിശോധിച്ച് പോര്‍ട്‌ഫോളിയോ മനസിലാക്കാം.
മാനേജ്‌മെന്റ്: മ്യൂച്വല്‍ ഫണ്ടുകളുടെ ഫണ്ട് മാനേജ്‌മെന്റ് എങ്ങനെയാണെന്നതാണ് ഒരു ഫണ്ടിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ഘടകം. ചിലപ്പോള്‍ ഹ്രസ്വകാല ഫിക്‌സഡ്-ഇന്‍കം ഫണ്ടുകള്‍, ഇന്‍ഡെക്‌സ് ഫണ്ടുകള്‍ തുടങ്ങിയ തരത്തിലുള്ള ഫണ്ടുകളെ സംബന്ധിച്ച് അത് വലിയ കാര്യമായിരിക്കില്ല. എന്നാല്‍ ഓഹരിയധിഷ്ടിത ഫണ്ടുകളുടെ മാനേജ്‌മെന്റ് ഫണ്ട് മാനേജര്‍മാരുടെ കലയാണെന്നാണ് പറയാറ്.
ഒരാള്‍ ഒരു ഫണ്ട് തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഫണ്ടിനെക്കുറിച്ച് പഠിക്കുമ്പോള്‍ ഫണ്ട് മാനേജര്‍ ആരാണെന്നും, അവരുടെ ട്രാക്ക് റെക്കോഡും എന്താണെന്നും പരിശോധിക്കണം അവരിലാണ് ആ ഫണ്ടിന്റെ ഭാവി. ഫണ്ടിന്റെ മുന്നോട്ടുള്ള വളര്‍ച്ച അറിയണമെങ്കില്‍ ഇതുവരെ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതറിഞ്ഞിരിക്കണം. അതിനുള്ള മാര്‍ഗം ഫണ്ട് മാനേജര്‍മാര്‍ എങ്ങനെ ഫണ്ടിനെ മാനേജ് ചെയ്യുന്നു എന്നതാണ്.
ചെലവ്: മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുമ്പോഴും വിട്ടു പോകാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. അതാണ് മ്യൂച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ട ചെലവുകള്‍. ഫണ്ടുകള്‍ ഒരിക്കലും നിക്ഷേപകര്‍ക്ക് സൗജന്യ സേവനങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ എല്ലാ ഫണ്ടുകളും ഒരേ വിലയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. പലപ്പോഴും വ്യത്യസ്ത ഫണ്ടുകളുടെ ചെലവുകള്‍ തമ്മില്‍ നേരിയ വ്യാത്യാസങ്ങളെ ഉണ്ടാകാറുള്ളു.
പ്രധാനമായും നിക്ഷേപകരുടെ കയ്യില്‍ നിന്നും ഈടാക്കുന്ന തുകയാണ് എക്‌സപെന്‍സ് റേഷ്യോ. ഇതില്‍ ഉള്‍പ്പെടുന്നതാണ് അഡൈ്വസറി ഫീസ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ഫീസ്, ഓപറേഷണല്‍ കോസ്റ്റ്, ലീഗല്‍ ഓഡിറ്റ് ഫീസ് തുടങ്ങിയവയൊക്കെ.
മ്യൂച്വല്‍ ഫണ്ടുകള്‍ ആരംഭിക്കണമെങ്കില്‍ ഡിമാറ്റ് അക്കൗണ്ടുകള്‍ വേണമെന്നറിയമാല്ലോ. അവ തുറക്കുന്നതിന് ചെലവുണ്ട്. കൂടാതെ ബ്രോക്കറേജ് ഹൗസുകള്‍ക്ക് ഫീസ് നല്‍കേണ്ടതുണ്ട്.
എന്‍ട്രി ലോഡും, എക്‌സിറ്റ് ലോഡുമാണ് മറ്റ് പ്രധാനപ്പെട്ട ചെലവുകള്‍.
എന്‍ട്രി ലോഡ് ഫണ്ടിൽ നിക്ഷേപം ആരംഭിക്കുമ്പോഴാണ് ഈടാക്കുന്നത്.
എക്‌സിറ്റ് ലോഡ് ഒരു നിക്ഷേപം അവസാനിക്കുമ്പോള്‍ നല്‍കേണ്ടതാണ്. പലപ്പോഴും കാലാവധിക്കു മുമ്പ് നിക്ഷേപം പിന്‍വലിക്കുമ്പോഴാണ് എക്‌സിറ്റ് ലോഡ് നല്‍കേണ്ടത്. മിക്ക കമ്പനികളും ഒരു വര്‍ഷം വരെയായ നിക്ഷേപങ്ങള്‍ക്ക് എക്‌സിറ്റ് ലോഡ് ഈടാക്കാറില്ല.
ഇത്രയൊക്കെ കാര്യങ്ങളിൽ മനസ്സുവെച്ചാൽ നിക്ഷേപത്തിനായി മാറ്റി വെക്കുന്ന തുക നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് വളരുന്നത് നോക്കി നിൽക്കാം.