image

15 Nov 2022 4:59 AM GMT

Travel & Tourism

സ്ഥിരമായി വിദേശ യാത്ര നടത്താറുണ്ടോ? ഫോറെക്സ് കാര്‍ഡ് കരുതാം

MyFin Desk

how to use forex card
X

how to use forex card 

Summary

നമ്മുടെ നാട്ടില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു പോലെ ഫോറെക്സ് കാര്‍ഡുകള്‍ വിദേശ രാജ്യത്തും ഉപയോഗിക്കാം. ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാം, കാര്‍ഡ് പേമെന്റ് ചെയ്യാം. ഇന്ത്യയിലെ മിക്ക ബാങ്കുകളും വിവിധ സവിശേഷതകളോടെ ഫോറെക്സ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നുണ്ട്.


കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശ യാത്രകള്‍ക്ക് സര്‍ക്കാര്‍ ഒട്ടേറെ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കോ, വിനോദ യാത്രയായോ ഒക്കെ വിദേശ യാത്ര നടത്തുന്നവരുടെ എണ്ണത്തിലും വര്‍ധന വന്നു. അമേരിക്കയായാലും, ചൈനയായാലും അവിടെ എത്തിക്കഴിഞ്ഞാല്‍ ഒരു ചായ കുടിക്കണമെങ്കില്‍ പോലും അവിടുത്തെ കറന്‍സി തന്നെ വേണം. കൈയ്യില്‍ ഒരു വലിയ തുകയുമായി യാത്ര ചെയ്യുക എന്നത് അല്‍പം റിസ്‌കുള്ള കാര്യമാണ്. അവിടെയാണ് ഫോറെക്സ് കാര്‍ഡുകള്‍ എന്ന സുരക്ഷിതവും, എളുപ്പവുമുള്ള മാര്‍ഗ്ഗം പ്രയോജനപ്പെടുത്താവുന്നത്.

നമ്മുടെ നാട്ടില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു പോലെ ഫോറെക്സ് കാര്‍ഡുകള്‍ വിദേശ രാജ്യത്തും ഉപയോഗിക്കാം. ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാം, കാര്‍ഡ് പേമെന്റ് ചെയ്യാം. ഇന്ത്യയിലെ മിക്ക ബാങ്കുകളും വിവിധ സവിശേഷതകളോടെ ഫോറെക്സ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നുണ്ട്. യാത്രക്കാര്‍ക്ക് അവര്‍ ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് അതിനനുസരിച്ച് ആ രാജ്യത്തെ കറന്‍സി ഫോറക്‌സ് കാര്‍ഡില്‍ ലോഡ് ചെയ്യാവുന്നതാണ്. അതിനു തുല്യമായ ഇന്ത്യന്‍ രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം എന്നുമാത്രം. നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ക്ക് ലോകത്ത് എവിടെ നിന്നും കാര്‍ഡ് ലോഡ് ചെയ്യാവുന്നതാണ്.

ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്ക് ഫോറെക്സ് കാര്‍ഡ് സ്വന്തമാക്കാം. ഇന്ത്യയില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ക്ക് ഫോറെക്സ് കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കില്ല. അപേക്ഷകന് 12 വയസ് പിന്നിടുകയും എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമാണെങ്കില്‍ മാതാപിതാക്കളോ, രക്ഷകര്‍ത്താവോ അപേക്ഷയില്‍ ഒപ്പുവെച്ചാല്‍ കാര്‍ഡ് ലഭിക്കും. ബാങ്കുകളില്‍ ഓണ്‍ലൈനായോ, ഓഫ്ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം. ചിലപ്പോള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ വിസയുടെയും, ടിക്കറ്റിന്റെയും, കോപ്പി ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കാം.

ബാങ്കില്‍ നിന്നും കാര്‍ഡ് സ്വന്തമാക്കുന്നതിനു മുമ്പ് കാര്‍ഡ് ഇഷ്യു ചെയ്യല്‍, പണം ലോഡ് ചെയ്യല്‍, എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍, ബാലന്‍സ് പരിശോധിക്കല്‍ എന്നിവയ്ക്ക് ചാര്‍ജ് ഈടാക്കുമോയെന്നും, ഈടാക്കുമെങ്കില്‍ എത്രയെന്നും ചോദിച്ച് ഉറപ്പു വരുത്തണം. സാധാരണയായി ഫോറെക്സ് കാര്‍ഡുകള്‍ക്ക് ഇഷ്യു ചെയ്തതിനുശേഷം 5 വര്‍ഷത്തെ കാലാവധിയാണുള്ളത്. കാര്‍ഡില്‍ പണം ലോഡ് ചെയ്തതിനുശേഷം 60 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം.

വിദേശ സന്ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും കാരണവശാല്‍ പണം ഉപയോഗിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ തിരിച്ചെത്തി 180 ദിവസത്തിനുള്ളില്‍ ബാങ്കില്‍ തിരികെ നല്‍കണം. മിക്ക ഫോറെക്സ് കാര്‍ഡുകളിലും ഒന്നിലധികം വിദേശ കറന്‍സികള്‍ ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. മിക്ക ബാങ്കുകളും ഫോറെക്സ് കാര്‍ഡ് ഇഷ്യു ചെയ്യുന്നതിനൊപ്പം ട്രാവല്‍ ഇന്‍ഷുറന്‍സും നല്‍കും.