image

29 May 2023 10:00 AM GMT

Travel & Tourism

നഷ്ട പ്രതാപത്തിന്റെ സ്വര്‍ണ നഗരം; പോക്കറ്റ് കാലിയാകാതെയൊരു ഹംപി യാത്ര

Swarnima Cherth Mangatt

നഷ്ട പ്രതാപത്തിന്റെ സ്വര്‍ണ നഗരം; പോക്കറ്റ് കാലിയാകാതെയൊരു ഹംപി യാത്ര
X

Summary

  • സ്‌റ്റോണ്‍ ചാരിയറ്റ്, വിജയ വിത്തല രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ ഒരു പ്രധാനിയാണ്.


792 കിലോമീറ്റര്‍, ഒരു രാത്രിയും ഒരു പകലും കടന്ന് ഒരു യാത്ര. ചരിത്രത്തിലേയ്ക്കുള്ള തിരിച്ചു നടത്തമാണ്. വിജയനഗരത്തിന്റെ അവശേഷിപ്പുകള്‍ പേറുന്ന ഹംപിയിലേയ്ക്ക്.

കേരളവും തമിഴ്‌നാടും കടന്ന് കന്നട മണ്ണിലൂടെ വടക്കന്‍ കര്‍ണാടകയിലേയ്ക്ക് കൊച്ചിയില്‍ നിന്നുള്ള ഒരു ബജറ്റ് ഫ്രണ്ട്‌ലി യാത്രയുടെ കഥപറയാം. വീഡിയോകളും ചിത്രങ്ങളും മാത്രം കണ്ട് ഹംപിയെന്ന വിശ്വസുന്ദരിയെ പ്രണയിച്ചു തുടങ്ങിയ കാലത്തിന്റെ മാധുര്യമാണ് ഈ യാത്രയുടെ വശ്യത. 1500 ലെ സുവര്‍ണ നഗരത്തിലേയ്ക്ക് ഒരു മടക്കം.

എറണാകുളം ബെംഗളൂരു ഇന്റര്‍സിറ്റിയ്ക്ക് 299 രൂപയുടെ സിറ്റിംഗ് സീറ്റ് ബുക്ക് ചെയ്ത് കൊച്ചിയില്‍ നിന്ന് രാവിലെ 9.10 ന് സൈഡ് സീറ്റ് പിടിച്ചൊരു പോക്കാണ്. രാത്രി 8.30 ഓടെ അവസാന സ്‌റ്റോപ്പായ ബെംഗളുരു കെഎസ്ആര്‍ സ്‌റ്റേഷനില്‍ വണ്ടി വന്നു നിന്നു. വടക്കന്‍ കര്‍ണാടകയ്ക്കുള്ള അടുത്ത ട്രെയ്‌നില്‍ കേറേണ്ടത് യശ്വന്ത്പൂരില്‍ നിന്നാണ്. 9.30 യ്ക്കാണ് ട്രെയ്ന്‍ സമയം. ഒന്നാം ദിവസത്തിന്റെ അവസാനം ഒരല്‍പ്പം ഓട്ടത്തിലാണ് അവസാനിച്ചത്. ഓട്ടം മാത്രമല്ല സാഹസികതയും. മെട്രോ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍ എന്നു വേണ്ട സ്ഥല പരിചയം ഇല്ലാത്തത് കൊണ്ട് ബെംഗളൂരു നഗരം മൊത്തം ചുറ്റിക്കറങ്ങിയാണ് സ്റ്റേഷനിലെത്തിയത്. അതോടെ ഹോസ്‌പേട്ടിലേയ്ക്ക് ബുക്ക് ചെയ്ത ട്രെയ്ന്‍ ഗുദാ ഹവാ... പ്ലാറ്റ്‌ഫോമിലൂടെ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിക്കുന്ന ഓട്ടമോടിയിട്ടും അത് പോയി. ഇനിയുള്ളത് അടുത്ത ട്രെയ്നിനെ പറ്റി ചിന്തിക്കുക എന്നത് മാത്രമാണ്. അന്വേഷിച്ച് വന്നപ്പോള്‍ ഹംപിയിലേയ്ക്കുള്ള ലാസ്റ്റ് ട്രെയ്ന്‍ അരമണിക്കൂറിനുള്ളില്‍ യശ്വന്ത്പൂരിലെത്തും. ടിക്കറ്റ് കൗണ്ടിറിലെ ക്യൂവും പരിമിതമായ ഭാഷ പരിജ്ഞാനവും എല്ലാം ചക്കകുഴയുന്ന പരുവമാക്കി തന്നു. അവസാനം ഒരു വിധത്തില്‍ ജനറല്‍ ടിക്കറ്റെടുത്തു.

യശ്വന്ത്പൂരില്‍ നിന്നും ഹോസ്‌പേട്ട് വരെ ജനറല്‍ ടിക്കറ്റിന് മൂന്ന് പേര്‍ക്ക് 405 രൂപ. തല ഒന്നിന് 135 രൂപ. ഹംപി എക്‌സ്പ്രസ്. ഹംപിയിയ്ക്ക് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനാണ് ഹോസ്‌പേട്ട്. ബെംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് ട്രെയിനുണ്ട്.

പാതി രാത്രിയില്‍ ഞെങ്ങി ഞെരങ്ങി ട്രെയിന്‍ വന്നു മുന്നില്‍ നിന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കേറികൂടാമെന്ന് സ്വപ്‌നത്തില്‍ പോലും കരുതാന്‍ പറ്റാത്ത തിരക്ക്. ഇനി എന്ത് ചെയ്യും. ഹംപിയെന്ന മോഹം അങ്ങനെ ഊര്‍ന്നുപോകുമെന്ന തോന്നലൊക്കെ ഒരു നിമിഷം തലയില്‍ മിന്നിമാഞ്ഞു. ഇനി എന്ത് ചെയ്യും. മൂന്നു പേര്‍ക്കും ഒരേ തീരുമാനം. ഒന്നും നോക്കാനില്ല, സ്ലീപ്പര്‍ കോച്ചില്‍ കേറുന്നു, ടിടിഇയെ കാണുന്നു, കാലുപിടിക്കുന്നു. രണ്ടും കല്‍പ്പിച്ച് സ്ലീപ്പറില്‍ കേറി. ഒഴിഞ്ഞ് കിടന്ന സീറ്റ് കണ്ണില്‍പെട്ടപ്പോള്‍ പതിയെ അടുത്ത് കിടന്നിരുന്ന ചേച്ചിയോട് ആഗ്യഭാഷയൊക്കെ കാണിച്ച് ഇരിക്കാനുള്ള പെര്‍മിഷന്‍ വാങ്ങി. വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ അവരുടെ തന്നെ സീറ്റ്, റിസര്‍വ് ചെയ്ത് ആളുകേറാതെ കാലിയായതാണ്. ചേച്ചിയുടെ സമ്മതം കിട്ടിയതോടെ ഒരാള്‍ നിലത്തും രണ്ട് പേര്‍ ആര്‍എസി കണക്കെയും കിട്ടിയ സ്ഥലത്ത് ചുരുണ്ടുകൂടി. ഇനി ഉണരുന്നത് ഹംപി മണ്ണില്‍.

നഷ്ട നഗരത്തിലെ പുലരി

ഞങ്ങളുടെ യാത്രയുടെ രണ്ടാം ദിവസമാണിത്. ഹൊസ്‌പേട്ടിലെ തണുത്ത പ്രഭാതത്തില്‍ വണ്ടി ചെന്നു നിന്നു. 14 കിലോമീറ്ററോളം, അരമണിക്കൂറിലധികം യാത്ര ചെയ്താല്‍ ഹംപിയിലെത്താം. ട്രെയിനില്‍ ഇരുന്ന് റൂം ബുക്ക് ചെയ്തത് കൊണ്ട് അവര്‍ തന്നെ യാത്രാ സൗകര്യവും ഒരുക്കി തന്നിരുന്നു.

ഹംപിയിലോട്ട് അടുക്കുമ്പോള്‍ പൊട്ടിച്ചിതറിയ പാറക്കൂട്ടങ്ങള്‍ പോലെയുള്ള മല നിരകള്‍ നാല് പാടും കണ്ട് തുടങ്ങി. രാമായണ ചിന്തുകള്‍ പാടുന്ന മലകള്‍ സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്നു. തുംഗഭദ്ര നദിക്കരയിലുള്ള വിരുപക്ഷ ക്ഷേത്രത്തിനടുത്താണ് താമസം. കാഴ്ചകള്‍ തുടങ്ങുന്നത് ഇവിടെ നിന്നുമാണ്.

ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. പരമശിവന്റെ മറ്റൊരു രൂപമാണ് വിരുപക്ഷ. നിരവധി ക്ഷേത്രങ്ങളുണ്ടിവിടെ. ഹംപിയിലെ ഉത്സവ ദിവസമാണ് ഞങ്ങള്‍ എത്തുന്നത്. ലോക്കല്‍ കടകളില്‍ നിന്നും ഹംപിയുടെ ടൂറിസം മാപ്പ് നമുക്ക് വാങ്ങാന്‍ കിട്ടും. മികച്ചൊരു യാത്രാ സഹായിയാണിത്. കല്ലില്‍ തീര്‍ത്ത വിസ്മയങ്ങളാല്‍ വിജയ നഗര സാമ്രാജ്യം പ്രതാപകാലത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ശവപ്പറമ്പ് പോലെ തോന്നിക്കും. ഓരോ കല്ലുകളും ഭൂതകാലത്തിന്റെ ശീതം പേറുന്നുണ്ടിവിടെ.

കൃഷ്ണ ക്ഷേത്രത്തിന് മുന്നിലുള്ള കൃഷ്ണ ബസാര്‍ അഥവാ ഹംപി ബസാര്‍ യാത്രയുടെ അവസാനം വരെ എന്നെ ആകര്‍ഷിച്ചത് ആ കുളവും ചുറ്റുമുള്ള കരിങ്കല്‍ മണ്ഡപങ്ങളുമാണ്. ചരിത്രം റീക്രിയേറ്റ് ചെയ്യപ്പെടുന്ന പോലെ തോന്നിപ്പോകും, നമുക്കിടയിലൂടെ പുരാതന ഹംപി വാസികള്‍ ചലിക്കുന്ന പോലെ. കണ്ണില്‍ നിറയെ കാഴ്ചകളാണ് ഹംപിയില്‍. മുഗള്‍ വാസ്തുകലയോട് ചേര്‍ന്ന് നില്‍ക്കുന്ന ലോട്ടസ് മഹല്‍, എലഫന്റ് സ്റ്റാബിള്‍, വിജയദേവരായരുടെ ദസറാ മണ്ഡപം... നീണ്ട നിരയുണ്ട്. കൃത്യമായി പ്ലാനിംഗുള്ള ഒരു നഗരമാണിത്. ടിപ്പുവും കൂട്ടരും പടയോട്ടത്തില്‍ കാര്യമായി ക്ഷതം ഏല്‍പ്പിച്ചിട്ടുണ്ട്. ആ അസ്ഥിവാരം പെറുക്കി കൂട്ടി ആര്‍ക്കിയോളജി വകുപ്പ് വിജയനഗരത്തെ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

50 രൂപയിലെ വിത്തലയും കിഷ്‌കിന്ധാ കാണ്ഡവും

സ്‌റ്റോണ്‍ ചാരിയറ്റ്, വിജയ വിത്തല രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ ഒരു പ്രധാനിയാണ്. പുതിയ 50 രൂപ നോട്ടില്‍ ഹംപിയെ പ്രതിനിധീകരിക്കുന്നത് ഈ സ്റ്റോണ്‍ ചാരിയറ്റാണ്.

രാമായണത്തിലെ കിഷ്‌കിന്ധയാണ് വിജയനഗരം. രാമായണത്തില്‍ പമ്പയെന്നറിയപ്പെടുന്ന നദിയാണ് തുംഗഭദ്ര. സുഗ്രീവഗുഹയും ബാലികേറാമലയും ഹനുമാന്റെ ജന്മദേശവുമെല്ലാം തുംഗഭദ്രയുടെ തീരങ്ങളില്‍ ഇന്നും പരന്നു കിടക്കുന്നു. ബാലികേറാമല, ഒരു ചെറിയ കോട്ടവാതില്‍ കടന്ന് നമ്മള്‍ ചെന്നെത്തുന്നത് കാലുകുത്തിയാൽ ബാലിയുടെ തലപൊട്ടിത്തെറിക്കുമെന്ന് ശാപം കിട്ടിയ മലയിലാണ്. കെട്ടുകഥകളായിരിക്കാം എല്ലാം, പക്ഷേ ആ കാഴ്ചകളെല്ലാം മനോഹരമാണ്. യാത്രയുടെ മൂന്നാം ദിവസമാണ് ബാലികേറാമലയിലെത്തുന്നത്.

വിശ്വാസങ്ങളില്‍ ടൂറിസം സാധ്യത കണ്ടെത്തിയവരാണ് ഹംപിക്കാര്‍. തൊട്ട് തൊട്ട് ക്ഷേത്രങ്ങള്‍, അവയ്‌ക്കെല്ലാം വിജയനഗരത്തിന്റെ ശില്‍പ്പ ചാരുത, ഇവിടെയെല്ലാം സന്ദര്‍ശനം. പക്ഷേ വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് ഫീസ് ഈടാക്കുന്നത്. മങ്കി ടെമ്പിള്‍ അഥവാ ഹനുമാന്റെ ജന്മസ്ഥലം- 550 പടികള്‍ കേറണം കുന്നിന്‍ മുകളിലെത്താന്‍. ഹില്‍ ട്രക്കിംഗിന് പറ്റിയ സ്ഥലമാണ്.


പോക്കറ്റ് കീറാതെ മടക്കം

ഒരു ദിവസം മുഴുവനായി ഹംപി കണ്ട് തീര്‍ക്കാന്‍ 1800 രൂപയ്ക്ക് ഓട്ടോറിക്ഷാ സര്‍വീസ് ലഭിക്കും (ഒരാള്‍ 600 രൂപ അത്ര നഷ്ടമല്ല). അവര്‍ തന്നെ ഏതാണ്ട് എല്ലാ ചരിത്രവും ഹിന്ദിയിലും ഇംഗ്ലീഷിലും വെടിപ്പായി നമുക്ക് പറഞ്ഞ് തരും. ഓട്ടോ മാത്രമല്ല, ബൈക്കും, കാറും വാടകയ്ക്ക് എടുക്കാനും സാധിക്കും. രണ്ട് ദിവസത്തേയ്ക്കും ഞങ്ങള്‍ ഓട്ടോയാണ് വിളിച്ചത്. മാത്രമല്ല തിരിച്ച് ഹോസ്‌പേട്ട് വരെ ഞങ്ങള്‍ ഓട്ടോ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു. റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള രണ്ട് ദിവസത്തെ സമ്പൂര്‍ണ്ണ ഓട്ടത്തിന് 4300 രൂപയാണ് ചെലവായത്. ഒരാള്‍ക്ക് 1433 രൂപ എന്നു കോള്‍ക്കുമ്പോള്‍ ഞെട്ടണ്ട. ഹോസ്‌പേട്ട് ഇറങ്ങിയത് മുതല്‍ ഇതിലാണ് കറക്കം. തിരിച്ച് അതേ റെയ്ല്‍വേ സ്റ്റേഷനില്‍ തിരിച്ച് കൊണ്ട് വന്ന് വിടുന്നത് വരെ വെയിറ്റിംഗ് അടക്കമുള്ള യാത്ര ഒരു നഷ്ടമല്ല. നമ്മുടെ സമയനമ്മുടെ സമയം ഫലപ്രദമായി വിനിയോഗിക്കാനായത് ഈ ഓട്ടോ യാത്രവഴിയാണ്. ഹോസ്‌പേട്ടില്‍ നിന്നുള്ള ബസ് രാത്രിയായതിനാല്‍ തുംഗഭദ്ര ഡാം കൂടെ സന്ദര്‍ശിക്കാന്‍ സമയം കിട്ടിയിരുന്നു.


ഹോസ്‌പേട്ട മുതല്‍ ബെംഗളൂരു വരെ കര്‍ണാടകയുടെ ഗവണ്‍മെന്റ് ആര്‍ടിസിയില്‍ സീറ്റ് ബുക്ക് ചെയ്തു. സരിഗേ ബസില്‍ 410 രൂപ ഒരാള്‍ക്ക്. വെളുപ്പിന് ബംഗളൂരുലെത്തി അവിടെ നിന്നും ബെഗളൂരു-എറണാകുളം ഇന്റര്‍സിറ്റിയ്ക്ക് 200 രൂപയുടെ ജനറല്‍ ടിക്കറ്റെടുത്ത് ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറി വൈകുന്നേരത്തോടെ കൊച്ചിയെത്തി. ചെലവുകള്‍ കൂട്ടിയും കുറച്ചും നോക്കിയപ്പോള്‍ മൂന്നു പേരടങ്ങുന്ന യാത്രയില്‍ ഒരാള്‍ക്ക് ഭക്ഷണവും താമസവുമടക്കം 4500 രൂപയാണ് ചെലവായത്.

ബസ് റൂട്ട്

ഉത്തര കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവില്‍ നിന്ന് എന്‍എച്ച് നാലിലൂടെ ചിത്രദുര്‍ഗയിലെത്തിയാല്‍ അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് എന്‍എച്ച് 13ലൂടെ ഹോസ്പെട്ടിലെത്താം. അവിടെ നിന്ന് 14 കിലോമീറ്റര്‍ കൂടി യാത്ര ചെയ്യുമ്പോള്‍ ഹംപിയിലെത്തും. മാത്രമല്ല ബെംഗളൂരുവില്‍ നിന്ന് അനന്ദ്പൂര്‍ ബെല്ലാരി വഴിയും ഹംപിയിലെത്താം. ബസ് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകളെ ആശ്രയിക്കാം. ബെംഗളൂരു, മൈസൂരു, ഗോകര്‍ണ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഹോസ്പെട്ടിലേക്ക് എല്ലാ ദിവസവും ബസുകളുണ്ട്. ഹോസ്പെട്ടില്‍ നിന്ന് ലോക്കല്‍ ബസില്‍ കയറിയാലും ഹംപിയിലിറങ്ങാം.

അവസാനിക്കുന്നിടത്തു നിന്നും തുടങ്ങുന്നതാണല്ലോ ഓരോ യാത്രകളും, അതിനാല്‍ ഹംപി നല്‍കിയ ഓര്‍മ്മകളും ഊര്‍ജ്ജവും അടുത്ത യാത്രയ്ക്കുള്ള മൂലധനമായി മാറിയിരിക്കുകയാണ്.