25 April 2022 11:30 AM IST
Summary
മൈസൂരിൽ നിന്നും ചുരമിറങ്ങിയാണ് കണ്ണൂരിന്റെ ഒരു കോണിൽ തൊടുന്നത്. കാഴ്ചയുടെ വിസ്മയാനുഭവം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.സുഹൃത്ത് ലിജിന്റെ വീട്ടിൽ നിന്ന് രണ്ട് നേരത്തെ ഭക്ഷണം ഒറ്റത്തവണയിൽ തീർപ്പാക്കിയ ശേഷം ഞങ്ങൾ പൈതൽമലയിലേക്ക് യാത്ര ആരംഭിച്ചു.ഞങ്ങൾ എന്ന് പറഞ്ഞാൽ ലിജിൻ ജിൽസ് പിന്നെ ഞാൻ.ശ്രീകണ്ഠാപുരത്ത് നിന്നും പൈതൽ മലയിലേയ്ക്ക് 20 കിലോ മീറ്ററിൽ താഴെ മാത്രമാണ് ദൂരം. അരമണിക്കൂറിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്ന് വിചാരിച്ചാണ് യാത്ര ആരംഭിച്ചത്.വെയിൽ കടുത്തതു കൊണ്ടാവും വഴിമധ്യേ രണ്ടു മൂന്നിടങ്ങളിൽ വണ്ടി നിർത്തി ദാഹം […]
മൈസൂരിൽ നിന്നും ചുരമിറങ്ങിയാണ് കണ്ണൂരിന്റെ ഒരു കോണിൽ തൊടുന്നത്. കാഴ്ചയുടെ വിസ്മയാനുഭവം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.സുഹൃത്ത് ലിജിന്റെ വീട്ടിൽ നിന്ന് രണ്ട് നേരത്തെ ഭക്ഷണം ഒറ്റത്തവണയിൽ തീർപ്പാക്കിയ ശേഷം ഞങ്ങൾ പൈതൽമലയിലേക്ക് യാത്ര ആരംഭിച്ചു.ഞങ്ങൾ എന്ന് പറഞ്ഞാൽ ലിജിൻ ജിൽസ് പിന്നെ ഞാൻ.ശ്രീകണ്ഠാപുരത്ത് നിന്നും പൈതൽ മലയിലേയ്ക്ക് 20 കിലോ മീറ്ററിൽ താഴെ മാത്രമാണ് ദൂരം.
അരമണിക്കൂറിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്ന് വിചാരിച്ചാണ് യാത്ര ആരംഭിച്ചത്.വെയിൽ കടുത്തതു കൊണ്ടാവും വഴിമധ്യേ രണ്ടു മൂന്നിടങ്ങളിൽ വണ്ടി നിർത്തി ദാഹം ശമിപ്പിച്ചു.നേരം ഉച്ചയോടുത്തു.ചൂടിനൊപ്പം വിശപ്പും കനക്കുകയാണ്.ബ്രഡും പഴവും വെള്ളവും വാങ്ങാമെന്ന സുപ്രധാന തീരുമാനം ലിജിന്റെ വകയായിരുന്നു.ഭക്ഷണ കാര്യത്തിൽ ഇത്രമേൽ കരുതലുള്ള ഒരാളെ അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ല എന്നതാണ് സത്യം.
അൽപ നേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര ആരംഭിച്ചു.വളവുകളും തിരിവുകളും കുത്ത് കയറ്റങ്ങളുമുള്ള വഴിയേ യാത്ര മുന്നോട്ട് പോവുകയാണ്.കയറ്റത്തിന്റെ കാഠിന്യം കൊണ്ട് ഞാനും ജിൽസും സഞ്ചരിച്ച ബൈക്ക് ഇടക്ക് ഊർദ്ധം വലിച്ച് നിന്നു.അൽപ നേരം വണ്ടി മാൻപവറിൽ കയറ്റം കയറി.ഒരു പാട് കിതച്ചും അൽപം മാത്രം കുതിച്ചും പൈതൽ മലയുടെ വാതിലിൽ ഞങ്ങൾ എത്തി. പ്രവേശന ഫീസ് വാങ്ങുന്നതിനിടയിൽ ബ്രഡും പഴവും ഇരിക്കുന്ന പ്ലാസ്റ്റിക് കുടിലേക്കായിരുന്നു ഗാർഡിന്റെ നോട്ടം. കാര്യം മനസ്സിലായി.വെള്ളക്കുപ്പി മാത്രം എടുത്ത്,ബ്രഡും പഴവും ഗാർഡിനെ ഏൽപിച്ച് വന്യതയുടെ രൗദ്രതയിലേക്ക് ഇറങ്ങുകയാണ്.
കയറ്റമാണ്,ഉച്ചയാണ്,എങ്കിലും പച്ചത്തണുപ്പിന്റെ കുടപിടിച്ച് ഉയർന്നു നിൽക്കുകയാണ് വനമുത്തശ്ശി. നടന്ന് പഴകിയ ഒറ്റയടി പാതയിലൂടെ ചുവടുവയ്ക്കുമ്പോൾ കാഴ്ചയുടെ വസന്തമുണ്ടവരുടെ മടക്കയാത്രകൾ നല്കുന്ന ആവേശം ചെറുതല്ല. ഓരോ വളവുകളിലും തിരിവുകളിലും കൽപടവുകളിലും ചുവടറ്റ് വീണ മരങ്ങളിൽ പോലും വിസ്മയം നിറയ്ക്കുകയാണ് ഭൂമിയുടെ ഈ പച്ചക്കുട.
കുത്തനെയുള്ള കയറ്റമാണ്. നടപ്പ് മുന്നോട്ട് പോകുന്തോറും കിതപ്പേറുന്നുണ്ട്. കതപ്പാറ്റാൻ രണ്ടിടത്ത് ഇരുന്നു.റൈഡർ എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള ലിജിൻ പോലും അൽപനേരം വിശ്രമിച്ചു(സാധാരണ കയറ്റങ്ങളും നടപ്പ് ദൂരങ്ങളും ഒന്നും അവനെ കാര്യമായി തളർത്താത്തതാണ്). അപ്പോഴും യാതൊരു മടുപ്പും ഇല്ലാതെ ജിൽസ് മുന്നിൽ കുതിച്ച് പായുകയാണ്.അത്ര നേരം കാട് നൽകിയ വിസ്മയങ്ങൾ മറ്റൊരു ഭാവത്തിലേയ്ക്ക് രൂപാന്തരപ്പെടുകയാണ്. കാട് അവസാനിക്കുകയല്ല, കാടിന്റെ മറുവാതിൽ ആകാശത്തേക്ക് തുറക്കുകയാണ്.
നട്ടുച്ചവെയിലിലേക്ക് ഇറങ്ങുമ്പോഴും തണുത്ത കുപ്പായമിട്ട കാറ്റ് ഞങ്ങളെ പൊതിഞ്ഞു നിൽക്കയാണ്. ഇനിയിറക്കമാണ്.അൽപ നേരത്തെ പടം പിടുത്തത്തിന് ശേഷം കാഴ്ചയുടെ അടുത്ത ഘട്ടത്തിലേക്ക്.
ചെറിയ കല്ലുകൾ നിറഞ്ഞ കുന്നിൽ ചെരുവിലൂടെ താഴെക്ക് ഇറങ്ങുകയാണ്. ഓരോ ഘട്ടത്തിലും പ്രകൃതി കാഴ്ച്ചയുടെ വൈവിധ്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ഉണങ്ങിയ ഇലയിൽ പോലും വിസ്മയം തീർക്കുന്ന പ്രകൃതി,പച്ചപ്പുകൊണ്ടും നട്ടുച്ചക്കത്തെ തണുത്ത കാറ്റു കൊണ്ടും വിസ്മയിപ്പിക്കുകയാണ്.വളരെ പ്രിയപ്പെട്ട ആസ്വാദനത്തിന്റെ ഇത്തിരി നേരത്തിന് ശേഷമുള്ള മടക്കയാത്രയിൽ മനസ്സിൽ ഉയർന്ന ചോദ്യം ഇതായിരുന്നു, കാഴ്ചകളും അനുഭവങ്ങളും കൊണ്ട് സമ്പന്നമായ ഈ വനപർവ്വതത്തെ എങ്ങനെയാണ് പൈതൽ എന്ന് വിളിക്കാൻ പറ്റുക.
എബി ജോൺതോമസ്-