1 May 2022 6:29 AM GMT
Summary
ഡെല്‍ഹി: നവീകരിച്ച ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി പുതിയ ഫോം ഇറക്കി ആദായ നികുതി വകുപ്പ്. നികുതിദായകര്‍ ഇനി മുതല്‍ നവീകരിച്ച റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അതിനുള്ള കാരണം കൂടി വെളിപ്പെടുത്തണം. 2019- 20, 2020- 21 സാമ്പത്തിക വര്‍ഷങ്ങളിലെ പുതുക്കിയ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായാണ് ഫോം പുറത്തിറക്കിയത്. ഐ.ടി.ആര്‍- യു എന്നാണ് പുതിയ ഫോമിന്റെ പേര്. ഈ ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്ക്, ബന്ധപ്പെട്ട മൂല്യനിര്‍ണയ വര്‍ഷത്തിന്റെ അവസാനം മുതല്‍ […]
ഡെല്‍ഹി: നവീകരിച്ച ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി പുതിയ ഫോം ഇറക്കി ആദായ നികുതി വകുപ്പ്.
നികുതിദായകര്‍ ഇനി മുതല്‍ നവീകരിച്ച റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അതിനുള്ള കാരണം കൂടി വെളിപ്പെടുത്തണം. 2019- 20, 2020- 21 സാമ്പത്തിക വര്‍ഷങ്ങളിലെ പുതുക്കിയ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായാണ് ഫോം പുറത്തിറക്കിയത്. ഐ.ടി.ആര്‍- യു എന്നാണ് പുതിയ ഫോമിന്റെ പേര്. ഈ ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്ക്, ബന്ധപ്പെട്ട മൂല്യനിര്‍ണയ വര്‍ഷത്തിന്റെ അവസാനം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഫയല്‍ ചെയ്യാവുന്നതാണ്.
കൂട്ടിച്ചേര്‍ക്കുന്നതോ ഒഴിവാക്കുന്നതോ ആയ വരുമാനം, മുമ്പ് ഫയല്‍ ചെയ്തിട്ടില്ലാത്ത വരുമാനം, തെറ്റായ മൂല്യനിര്‍ണയം, തെറ്റായ വിഭാഗങ്ങളിലെ ഉള്‍പ്പെടുത്തലുകള്‍ എന്നീ സാഹചര്യങ്ങളില്‍ റിട്ടേണ്‍ പുതുക്കുന്നതിന് കാരണം വ്യക്തമാക്കിയിരിക്കണം.
ആഗിരണം ചെയ്യപ്പെടാത്ത മൂല്യത്തകര്‍ച്ച, 115 ജെ.ബി/ 115 ജെ.സി. സെക്ഷനുകള്‍ക്കു കീഴിലെ നികുതി ക്രെഡിറ്റ്, തെറ്റായ നികുതി നിരക്ക്, നികുതിദായകര്‍ നല്‍കിയ മറ്റേതെങ്കിലും കാരണങ്ങള്‍ എന്നിവയുണ്ടെങ്കിലും പുതുക്കിയ ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. എന്നാൽ കാരണങ്ങള്‍ വ്യക്തമാക്കുകയും വേണം.
2022- 23 ബജറ്റില്‍ നികുതിദായകര്‍ക്ക് അവരുടെ ആദായനികുതി റിട്ടേണുകള്‍ (ഐ.ടി.ആര്‍) ഫയല്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ പുതുക്കാനുള്ള സംവിധാനം നടപ്പാക്കുമെന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം നികുതിദായകന് ഒരു അസസ്‌മെന്റ് വര്‍ഷത്തില്‍ ഒരു പുതുക്കിയ റിട്ടേണ്‍ മാത്രമേ ഫയല്‍ ചെയ്യാന്‍ അനുവദിക്കൂ. റിട്ടേണുകളിലെ പിഴവുകളും മറ്റും തിരുത്താന്‍ അവസരം നല്‍കുന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണു വിലയിരുത്തല്‍.
സാധാരണക്കാരനുള്‍പ്പടെ എല്ലവർക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നു. സാധാരണ ഐ.ടി.ആര്‍. ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി വരുമാനത്തിന്റെ ഇടിവോ വിശദ വിവരങ്ങളോ സമര്‍പ്പിക്കേണ്ടതില്ല.