15 Dec 2022 2:36 PM GMT
Summary
- 2016 മുതൽ നിരവധി അവസരങ്ങളാണ് സംരംഭകർക്കായിട്ട് കേരളത്തിൽ തെളിയുന്നതെന്ന് മുഖ്യമന്ത്രി.
- ഡിസംബര്‍ 15, 16 തീയതികളില്‍ ദി ലീല, രാവിസ് കോവളം ഹോട്ടലിലാണ് സംഗമം നടക്കുന്നത്.
തിരുവനന്തപുരം : ലോകത്തിലെ വലിയ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റങ്ങളിലൊന്നായി കേരളം വളരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരോ സംസ്ഥാനത്തിനും രാജ്യത്തെ സ്റ്റാർട്ടപ്പ് മിഷന്‍ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുണ്ട്. ഉയർന്നുവരുന്ന സാമ്പത്തിക വളർച്ചയിൽ കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷന് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനായി സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യത്യസ്ത ആശയങ്ങളിലും രൂപത്തിലുമുള്ള നിരവധി പുതു സംരംഭങ്ങളാണ് രാജ്യത്തിനകത്തും പുറത്തും നിന്ന് പരിപാടിയിൽ പങ്കാളികളാകുന്നത്.
ഗവൺമെൻറ് തലത്തിൽ സംരംഭകർക്കായി അനേകം പുതിയ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.
2016 മുതൽ നിരവധി അവസരങ്ങളാണ് സംരംഭകർക്കായിട്ട് കേരളത്തിൽ തെളിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിന്‍ഫ്രയിലും അല്ലാതെയും നിരവധിപേർ പുതിയ സംരംഭങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ട്.
ടൂറിസം വകുപ്പുമായി ചേര്‍ന്ന് സ്റ്റാര്‍ട്ട് അപ്പ് എക്കോ സിസ്റ്റത്തെ വളര്‍ത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഡിസംബര്‍ 15, 16 തീയതികളില്‍ ദി ലീല, രാവിസ് കോവളം ഹോട്ടലിലാണ് സംഗമം നടക്കുന്നത്. ജി ടെക് ചെയര്‍മാന്‍ വി കെ. മാത്യൂസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം.എബ്രഹാം, കെഎസ് യുഎം സിഇഒ അനൂപ് അംബിക എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു.. തുടര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 ഉം മുഖ്യമന്ത്രി പുറത്തിറക്കി.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. വിജയിയാകുന്ന സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ ലഭിക്കും.
തമിഴ്നാട് സര്‍ക്കാര്‍ വിവര സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി ടി. മനോ തങ്കരാജ്, കേരള സര്‍ക്കാര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ അവതരിപ്പിക്കും. യുവ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ മെന്‍റര്‍മാരായെത്തും. വ്യാവസായിക പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.