21 May 2022 4:13 AM GMT
Summary
രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍, ടെക്നോളജി, മേക്കര്‍ ഫെസ്റ്റായ കേരള ഇനോവേഷന്‍ വീക്ക് ഞായറാഴ്ച തുടങ്ങും. ഡിസൈന്‍, നൂതനാശയങ്ങള്‍, സാങ്കേതികരംഗത്തെ പുത്തന്‍ പ്രവണതകള്‍ എന്നിവ നേരിട്ടറിയാനും അതില്‍ പങ്കെടുക്കാനുമുള്ള അസുലഭ അവസരമാണ് ഇനോവേഷന്‍ വീക്കിലൂടെ കൈവരുന്നത്. ഞായറാഴ്ച രാവിലെ ആറ് മണിക്ക് തുടങ്ങുന്ന സൈക്കിള്‍ സവാരിയോടെയാണ് ഇനോവേഷന്‍ വീക്കിന് തുടക്കമാകുന്നത്. കളമശ്ശേരിയിലെ കേരള ടെക്നോളജി ഇനോവേഷന്‍ സോണില്‍ നിന്നും ഇന്‍ഫോപാര്‍ക്ക് വരെ പോയി തിരികെ വരുന്ന രീതിയിലാണ് ഉദ്ഘാടന സൈക്കിള്‍ സവാരി ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ […]
ഞായറാഴ്ച രാവിലെ ആറ് മണിക്ക് തുടങ്ങുന്ന സൈക്കിള്‍ സവാരിയോടെയാണ് ഇനോവേഷന്‍ വീക്കിന് തുടക്കമാകുന്നത്. കളമശ്ശേരിയിലെ കേരള ടെക്നോളജി ഇനോവേഷന്‍ സോണില്‍ നിന്നും ഇന്‍ഫോപാര്‍ക്ക് വരെ പോയി തിരികെ വരുന്ന രീതിയിലാണ് ഉദ്ഘാടന സൈക്കിള്‍ സവാരി ക്രമീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതനാശയദാതാക്കളുള്‍പ്പെടെ 5000 ല്‍പരം പേരാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ നൂതനാശയദാതാക്കള്‍, 40 ലധികം പ്രഭാഷകര്‍, 30 ഓളം പങ്കാളികള്‍, 25 ല്‍പരം നൂതനാശയ സമൂഹങ്ങള്‍ 20 ലധികം പരിപാടികള്‍ എന്നിവയുണ്ടാകും.
മെയ് 28 ന് നടക്കുന്ന സമാപന ദിനത്തില്‍ വൈവിദ്ധ്യമാര്‍ന്ന പ്രദര്‍ശനം, യുവ സംരംഭകര്‍ക്കുള്ള ഡിസൈന്‍ ആഘോഷപരിപാടികള്‍ എന്നിവ നടക്കും.
ഡിസൈന്‍-ടെക്നോളജി-മേക്കര്‍-ഷീ പവര്‍ ഉച്ചകോടികള്‍, പരിശീലന കളരികള്‍, ഹാക്കത്തോണ്‍, വിമന്‍ ഇന്‍ ടെക്, വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍, ഇന്‍വസ്റ്റെര്‍ കഫെ, കലാപരിപാടികള്‍, ഫുഡ് ഫെസ്റ്റിവല്‍, തുടങ്ങിയവ ഈ മേളയുടെ ഭാഗമാണ്.
പരസ്പര സഹകരണത്തോടെയുള്ള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ് യുഎം ഈ പരിപാടി അവതരിപ്പിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ കൊച്ചിയിലെ ഗ്ലോബല്‍ ഷേപ്പേഴ്സിന്‍റെ സഹകരണവും ഈ ഉദ്യമത്തിനുണ്ട്. കേരളത്തിലെ സാമ്പത്തിക രംഗത്തെ നൂതനത്വം നയിക്കുന്ന ഒന്നാക്കി മാറ്റാനുളള പരിശ്രമങ്ങളുടെ ഭാഗമാണിത്.