26 Feb 2024 6:59 AM GMT
Summary
- ഷൂ ക്ലീന്‍ ചെയ്യാന്‍ ഈടാക്കുന്നത് 250-350 രൂപ വരെ
- ക്ലോഗ്‌സ്, ലോഫേഴ്‌സ്, സ്ലൈഡ്‌സ്, ലക്ഷ്വറി ബാഗ്, സ്യൂട്ട്‌കേസ് എന്നിവ ക്ലീന്‍ ചെയ്തു നല്‍കുന്നു
- വൈപ്പിനിലും തിരുവല്ലയിലും ഇത്തരത്തില്‍ ഫ്രാഞ്ചൈസി ഉടന്‍ തുടങ്ങുകയാണ്
ഓരോ ചുവടിലും ആത്മവിശ്വാസം നിറച്ച് മുന്നേറാന്‍ നിരവധി പേരെ സഹായിക്കുകയാണു 25-കാരി കൃഷ്ണ.
10 മാസങ്ങള്‍ക്കു മുന്‍പു കൊച്ചിയില്‍ പാടിവട്ടത്ത് തുടക്കമിട്ട ' ഹിദ ദ ഷൂ ഷൈനി ' (HIDHA THE SHOE SHINY) എന്ന സ്റ്റാര്‍ട്ടപ്പിലൂടെ ഇതിനോടകം പതിനായരിക്കണക്കിനു പേരുടെ പാദരക്ഷകളാണ് കൃഷ്ണ വെണ്‍മയുള്ളതാക്കി തീര്‍ത്തത്. എത്ര ചെളി പുരണ്ട ഷൂസും തിളക്കമുള്ളതാക്കാന്‍ നിമിഷ നേരംമതി കൃഷ്ണയ്ക്ക്.
ആദ്യം ഷൂസ് മാത്രമാണ് ക്ലീന്‍ ചെയ്തിരുന്നത്. സംഗതി ക്ലിക്ക് ആയതോടെ ഇപ്പോള്‍ ലക്ഷ്വറി ബാഗുകളും, സ്യൂട്ട്‌കേസുകളുമൊക്കെ ഇത്തരത്തില്‍ കൃഷ്ണ വൃത്തിയാക്കി നല്‍കുന്നുണ്ട്. എളിയ നിലയില്‍ തുടങ്ങിയ ചെറുസംരംഭം ഇന്ന് മൂന്ന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമായി വളര്‍ന്നു.
ഇന്റീരിയര്‍ ഡിസൈനിംഗ് വഴി എന്‍ട്രിപ്രീണറിലേക്ക്
ഡിഗ്രിക്ക് ഇന്റീരിയര്‍ ഡിസൈനിംഗ് പഠിച്ചതിനു ശേഷം സിനിമാട്ടോഗ്രഫി-ഫോട്ടോഗ്രഫി മേഖലയിലേക്കാണു കൃഷ്ണ പ്രവേശിച്ചത്. കൊച്ചിയില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യവേ അവിചാരിതമായി പരിചയപ്പെട്ട ഒരു വ്യക്തിയാണു കൃഷ്ണയെ സംരംഭകയാക്കി തീര്‍ത്തത്.
ഷൂ ലോണ്‍ട്രി
ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കൃഷ്ണയ്ക്ക് ചെറുപ്രായം മുതല്‍ ഷൂസിന്റെയും ചെരുപ്പുകളുടെയുമൊക്കെ വലിയ കളക്ഷനുണ്ടായിരുന്നു. അവ നല്ല പോലെ സൂക്ഷിക്കാനും കൃഷ്ണ ശ്രമിച്ചിരുന്നു. പക്ഷേ, അവയൊക്കെ എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ സമയം ലഭിച്ചിരുന്നില്ല. ഈ പ്രശ്‌നം താന്‍ മാത്രമല്ല, മറ്റ് നിരവധി പേരും അഭിമുഖീകരിക്കുന്നുണ്ടാവില്ലേ എന്നു കൃഷ്ണ ചിന്തിച്ചു. അതാണ് ഷൂ ലോണ്‍ട്രി എന്ന ആശയത്തിലേക്ക് കൃഷ്ണയെ നയിച്ചതും. ഷൂ ലോണ്‍ട്രി എന്ന ആശയം സുഹൃത്തുമായി ചര്‍ച്ച ചെയ്തു. ആദ്യം സുഹൃത്തിന് സംശയമുണ്ടായിരുന്നു. എന്നാല്‍ കൃഷ്ണയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു സംരംഭം വിജയിക്കുമെന്ന്. സംരംഭം തുടക്കമിടാന്‍ സാമ്പത്തികമായി സഹായിച്ച സുഹൃത്തിന് ഒരു മാസത്തിനകം കൃഷ്ണ പണം തിരികെ നല്‍കി അദ്ദേഹത്തെ ഞെട്ടിക്കുകയും ചെയ്തു.
ആദ്യം കസ്റ്റമേഴ്‌സായത് സുഹൃത്തുക്കള്‍
ഷൂ ലോണ്‍ട്രി ബിസിനസ് തുടങ്ങിയപ്പോള്‍ കൃഷ്ണ ആദ്യം സുഹൃത്തുക്കളുടെ ഷൂസുകളാണ് ക്ലീന്‍ ചെയ്യാന്‍ തിരഞ്ഞെടുത്തത്. സ്വന്തമായി പാകപ്പെടുത്തിയെടുത്ത ഓര്‍ഗാനിക് ലോഷനുകള്‍ ഉപയോഗിച്ച് ഷൂസ് ക്ലീന്‍ ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തത് വിജയമായി. അത് കൃഷ്ണയ്ക്ക് വലിയ ആത്മവിശ്വാസവും നല്‍കി. പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ ഷൂ വൃത്തിയാക്കി നല്‍കുന്ന കാര്യം സൂചിപ്പിച്ച് ഒരു വീഡിയോ ചെയ്ത് സ്വന്തം അക്കൗണ്ടില്‍ അപ് ലോഡ് ചെയ്തു.
ആ വീഡിയോയ്ക്ക് നല്ല പ്രതികരണം ലഭിച്ചു. ഏഴ് ലക്ഷത്തോളം വ്യൂസ് ലഭിക്കുകയും ചെയ്തു. പിന്നീട് ഓര്‍ഡറുകളുടെ വലിയ പ്രളയം തന്നെയായിരുന്നു. ബിസിനസ് മുന്നേറുന്നതായി ബോധ്യപ്പെട്ടതോടെ പാടിവട്ടത്ത് ഒരു ഔട്ട്‌ലെറ്റ് തുടങ്ങി. സമീപപ്രദേശമായ വെണ്ണലയില്‍ വെയര്‍ഹൗസും വാടകയ്‌ക്കെടുത്തു. ജീവനക്കാരായി മൂന്ന് പേരെ നിയമിക്കുകയും ചെയ്തു.
സംരംഭം ആരംഭിക്കാന്‍ രണ്ട് ലക്ഷത്തോളം രൂപ മുടക്കി. മെഷിനറികള്‍ അധികമൊന്നും വേണ്ടി വന്നില്ല. ക്ലിനിംഗ് കൂടുതലും മാന്വലായിട്ടാണ് ചെയ്യുന്നത്. ആവശ്യമുള്ള ലോഷനുകള്‍ സ്വന്തമായി പാകപ്പെടുത്തിയെടുക്കുകയാണു ചെയ്യുന്നത്.
സെലിബ്രിറ്റികളും കസ്റ്റമേഴ്‌സ്
ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ ഓടുന്ന പ്രേമലു എന്ന സിനിമയിലെ യുവനായകന്‍ നസ്‌ലിന്‍ ഒരിക്കല്‍ കൃഷ്ണയുടെ ഷോപ്പില്‍ പ്രീമിയം ബാഗ് ക്ലീന്‍ ചെയ്യാന്‍ എത്തി.
ഷൂ ക്ലീന്‍ ചെയ്യാന്‍ സാധാരണയായി ഈടാക്കുന്നത് 250-350 രൂപ വരെയാണ്. പ്രതിമാസം 1 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമായി ലഭിക്കുന്നുണ്ട്.
ക്ലീനിംഗിനു പുറമെ പോളിഷിംഗ്, സ്റ്റിച്ചിംഗ് പോലുള്ള സേവനങ്ങളും നല്‍കുന്നുണ്ട്. ബിസിനസ് തുടങ്ങിയ ആദ്യ ഘട്ടത്തില്‍ പ്രതിദിനം 30-ജോഡി ഷൂസുകള്‍ ലഭിച്ചിരുന്നെന്നു കൃഷ്ണ പറയുന്നു.വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവര്‍ ഉപയോഗിക്കുന്ന ഷൂസുകളെല്ലാം ക്ലീന്‍ ചെയ്തു നല്‍കുന്നുണ്ട്. കൂടുതലായി എത്തുന്നത് യുവാക്കളുടെ ഷൂസാണ്.
ക്ലോഗ്‌സ്, ലോഫേഴ്‌സ്, സ്ലൈഡ്‌സ്, ലക്ഷ്വറി ബാഗ്, സ്യൂട്ട്‌കേസ് എന്നിവ ക്ലീന്‍ ചെയ്തു നല്‍കുന്നുണ്ട്. ഓരോ ഷൂസിന്റെയും പ്രത്യേകത അനുസരിച്ചാണ് ക്ലീനിംഗ് ചെയ്യുന്നത്. ഫോം വാഷ്, സ്‌പ്രേ വാഷ് തുടങ്ങിയ വാഷിംഗുകളാണു പൊതുവേ ചെയ്യുന്നത്.
ബിസിനസ് വിപുലീകരിക്കുന്നു
സംരംഭം ആരംഭിക്കാന്‍ പലരും താല്‍പര്യപ്പെട്ട് കൃഷ്ണയെ സമീപിക്കുന്നുണ്ട്. ഇവര്‍ക്ക് ഫ്രാഞ്ചൈസി നല്‍കാനാണ് കൃഷ്ണ തീരുമാനിക്കുന്നത്. വൈപ്പിനിലും തിരുവല്ലയിലും ഇത്തരത്തില്‍ ഫ്രാഞ്ചൈസി ഉടന്‍ തുടങ്ങുകയാണ്. അതുപോലെ വിദേശരാജ്യങ്ങളായ യുഎഇ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ കൃഷ്ണ ആലോചിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
കൃഷ്ണയുടെ സംരംഭത്തിന്റെ ഇന്‍സ്റ്റാഗ്രാം
https://www.instagram.com/hidha_the_shoe_shiny/related_profiles/