16 Nov 2023 6:27 AM GMT
Summary
- ആരാധകന് പിന്നില്‍ നിന്ന് അവനെ സമീപിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നടന് കോപം നഷ്ടപ്പെട്ട് ആരാധകന്റെ തലയ്ക്ക് പിന്നില്‍ ഇടിക്കുന്നതായി വീഡിയോയില്‍ കാണിക്കുന്നു
സെല്‍ഫിക്ക് വേണ്ടി സമീപിച്ച ആരാധകനെ തല്ലിയ സംഘവത്തില്‍ ക്ഷമാപണം നടത്തി ബോളിവുഡ് നടന് നാനാ പടേക്കര്‍. അബദ്ധത്തില്‍ തല്ലിപ്പോയതാണെന്ന് നടന്റെ കുറ്റസമ്മതം . ആരാധകനെ തല്ലുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിരുന്നു. നാനാ പടേക്കറിന്റെ അപമര്യാദയായ മനോഭാവത്തില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം നടക്കുകയാണ്.
താന്‍ പരുഷമായി പെരുമാറാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വരാനിരിക്കുന്ന ഒരു സിനിമയ്ക്കായി ഒരു രംഗം അഭിനയിക്കാന്‍ വേണ്ടി മാത്രമായിരുന്നു തല്ലിയ സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.
''ഞാന്‍ ഒരു ആണ്‍കുട്ടിയെ തല്ലുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഈ സീക്വന്‍സ് ഞങ്ങളുടെ സിനിമയുടെ ഭാഗമായിരുന്നു. ഞങ്ങള്‍ക്ക് ഒരു റിഹേഴ്സല്‍ ഉണ്ടായിരുന്നു. രണ്ടാമത്തെ റിഹേഴ്സല്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം റിഹേഴ്സല്‍ തുടങ്ങാന്‍ പോകുമ്പോള്‍ വീഡിയോയിലെ കുട്ടി വന്നു. അവന് ആരാണെന്ന് എനിക്കറിയില്ല, അവന് സിനിമയുടെ ഭാഗമായ ഒരാളാണെന്ന് ഞാന്‍ കരുതി. സീന്‍ അനുസരിച്ച് ഞാന്‍ അവനെ അടിച്ചു, ഞാന്‍ അവനോട് പോകാന്‍ പറഞ്ഞു. പിന്നീടാണ് മനസ്സിലായത്, അവന് ക്രൂവിന്റെ ഭാഗമല്ലെന്ന്,' എക്സിലൂടെയാണ് നാനാ പേടേക്കര് ഇക്കാര്യം വ്യക്തമാക്കി.
കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പടേക്കര്‍ പറയുന്നു . ഫോട്ടോയ്ക്കോ ഓട്ടോഗ്രാഫിനോ വേണ്ടി താന്‍ ഒരിക്കലും ആരാധകനെ നിരസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'പടേക്കര്‍ ആരെയും തല്ലിയിട്ടില്ല, അത് ഞങ്ങളുടെ സിനിമയില്‍ നിന്നുള്ള ഭാഗമാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ബഹളമുണ്ടാക്കുന്നത് ആളുകള്‍ക്ക് താല്പര്യമാണ്. 'ജേര്‍ണി എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഞങ്ങള്‍ ഇപ്പോള്‍ ബനാറസിലാണ്,' സംവിധാകയനാണ അനില്‍ ശര്‍മ പറഞ്ഞു.
പടേക്കറുടെ കഥാപാത്രത്തിന് ഡിമെന്ഷ്യയുണ്ടെന്നും ഒരു അപരിചിതന് അദ്ദേഹത്തെ സമീപിക്കുമ്പോള്‍ അദ്ദേഹം പ്രത്യേകിച്ച് അസ്വസ്ഥമായ മാനസികാവസ്ഥയാണ് ചിത്രീകരിച്ചതെന്നും സംവിധായകന് വെളിപ്പെടുത്തി.
10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, പടേക്കര്‍ സ്യൂട്ടും തൊപ്പിയും ധരിച്ചിരിക്കുന്നത്. ഒരു ആരാധകന് പിന്നില്‍ നിന്ന് അവനെ സമീപിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നടന് കോപം നഷ്ടപ്പെട്ട് ആരാധകന്റെ തലയ്ക്ക് പിന്നില്‍ ഇടിക്കുന്നതായി കാണിക്കുന്നു. ഒരു ക്രൂ അംഗം യുവാവിനെ കഴുത്തില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകുന്നതായി കാണിക്കുന്നു.