image

13 Sep 2023 8:07 AM GMT

People

വഴിവിട്ട ബന്ധങ്ങള്‍ വിനയായി; ബിപി സിഇഒ രാജിവെച്ചിറങ്ങി

MyFin Desk

astray relationships bp ceo resigns
X

Summary

  • ഇന്ത്യയില്‍ റിലയന്‍സുമായുള്ള പങ്കാളിത്തത്തിലാണ് പ്രവര്‍ത്തനം
  • എക്സിക്യൂട്ടിവുകളുടെ സ്വകാര്യ ജീവിതം യുകെയില്‍ ചര്‍ച്ചയാകുന്നു


ആഗോള എണ്ണ വ്യവസായത്തിലെ പ്രമുഖരായ ബ്രിട്ടീഷ് പെട്രോളിയത്തിന്‍റെ (ബിപി) സിഇഒ ബെർണാഡ് ലൂണി രാജിവെച്ചു. സഹപ്രവർത്തകരുമായുള്ള ചില മുന്‍ ബന്ധങ്ങള്‍ ആഭ്യന്തര അന്വേഷണത്തില്‍ വെളിപ്പെട്ടതോടെയാണ് ലൂണിക്ക് കസേര വിട്ടിറങ്ങേണ്ടി വന്നത്. 2020 മുതൽ കമ്പനിയെ നയിച്ചിരുന്ന ബെർണാഡ് ലൂണിയുടെ രാജി ഉടന്‍ പ്രാബല്യത്തിലാക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ലൂണിക്ക് സഹപ്രവർത്തകരുമായി ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് അടുത്തിടെ അന്വേഷണം ആരംഭിച്ചിരുന്നു, രണ്ട് വർഷത്തിനിടെ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ അന്വേഷണമായിരുന്നു ഇത്.

തന്‍റെ ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്ന കാര്യത്തില്‍ താന്‍ മുമ്പ് വേണ്ടത്ര സുതാര്യത പുലര്‍ത്തിയിട്ടില്ല എന്ന കുറ്റസമ്മതവും അന്വേഷണ സംഘത്തിനു മുന്‍പാകെ ലൂണി നടത്തി. കമ്പനിക്ക് ശക്തമായ മൂല്യങ്ങളുണ്ടെന്നും, കമ്പനിയിലെ എല്ലാവരും ആ മൂല്യങ്ങൾക്ക് അനുസൃതമായി പെരുമാറുമെന്ന് ബോർഡ് പ്രതീക്ഷിക്കുന്നുവെന്നും ബിപി വക്താവ് ലൂണിയുടെ രാജിയോട് പ്രതികരിച്ചു. നേതൃസ്ഥാനങ്ങളിലുള്ളവര്‍ മാതൃകാപരമായി പ്രവർത്തിക്കണമെന്നും മറ്റുള്ളവരുടെ വിശ്വാസം നേടുന്ന വിധത്തിൽ നല്ല വിവേചനാധികാരം പ്രയോഗിക്കണമെന്നും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയർലണ്ടിൽ ജനിച്ച ലൂണി 1991ൽ എഞ്ചിനീയറായി ബിപിയില്‍ എത്തി. 2010 ൽ അദ്ദേഹം അതിന്റെ എക്സിക്യൂട്ടീവ് ടീമിൽ അംഗമായി. സിഇഒ സ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പ് സഹപ്രവര്‍ത്തകരുമായി തനിക്കുണ്ടായിട്ടുള്ള ചില ബന്ധങ്ങള്‍ അദ്ദേഹം വിശദീകരിച്ചെങ്കിലും ഒട്ടേറെ കാര്യങ്ങള്‍ മറച്ചുവെക്കപ്പെട്ടു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബിപിയുടെ അടുത്ത ചീഫ് എക്‌സിക്യൂട്ടീവായി ആരെ നിയമിക്കും എന്ന കാര്യത്തില്‍ ഓഹരിയുടമകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ മുറെ ഓച്ചിൻക്ലോസ് ഇടക്കാലാടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവായി പ്രവർത്തിക്കും. ഇന്ത്യയില്‍ റിലയന്‍സുമായുള്ള പങ്കാളിത്തത്തിലാണ് ബിപി പ്രവര്‍ത്തിക്കുന്നത്.

അടുത്തിടെ വ്യക്തി ജീവിതത്തിലും ബന്ധങ്ങളിലുമുള്ള പാകപ്പിഴകളുടെ അടിസ്ഥാനത്തില്‍ യുകെയില്‍ എക്സിക്യൂട്ടിവുകള്‍ക്ക് സ്ഥാനചലനം നേരിടുന്ന വാര്‍ത്ത തുടര്‍ക്കഥയാകുന്നുണ്ട്. യുകെയിലെ ഏറ്റവും വലിയ ബിസിനസ് ലോബി ഗ്രൂപ്പായ സിബിഐയുടെ മേധാവി ടോണി ഡാങ്കറെ ജോലിസ്ഥലത്തെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതിയുടെ പേരിൽ ഏപ്രിലിൽ പുറത്താക്കി. 13 സ്ത്രീകളുടെ ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന്, താൻ സ്ഥാപിച്ച ഹെഡ്ജ് ഫണ്ടിൽ നിന്ന് പുറത്തിറങ്ങാന്‍ ജൂണിൽ ക്രിസ്പിൻ ഒഡെ നിർബന്ധിതനായി. ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.