2 Oct 2023 12:40 PM GMT
Summary
- ആര്‍എന്‍എയിലേക്കു സന്ദേശം അയയ്ക്കുന്ന കെമിക്കല്‍ ട്വീക്ക് ( മെസേജ് ആര്‍എന്‍എ) ആണ് ഇരുവരും കണ്ടുപിടിച്ചത്.
2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിനു ഡോ.കാറ്റലിന്‍ കരീക്കോ, ഡോ. ഡ്രൂ വീസ്മാന്‍ എന്നിവരെ തെരഞ്ഞെടുത്തു. കോവിഡ് 19 വാക്‌സിനിലേക്ക് നയിച്ച കണ്ടുപിടുത്തത്തിനാണ് സമ്മാനം.
ആര്‍എന്‍എയിലേക്കു സന്ദേശം അയയ്ക്കുന്ന കെമിക്കല്‍ ട്വീക്ക് ( മെസേജ് ആര്‍എന്‍എ) ആണ് ഇരുവരും കണ്ടുപിടിച്ചത്. ഇതാണ് ഫൈസര്‍ -ബയോഎന്‍ടെക് കോവിഡ് വാക്‌സിനുകള്‍ കണ്ടുപിടിക്കുന്നതിലേക്ക് നയിച്ചത്.
ഹംഗറിയിലെ ഒരു കശാപ്പുകാരന്റെ മകളായ ഡോ.കരിക്കോ ലോകമെങ്ങും അറിയപ്പെടുന്ന ആര്‍ എന്‍എ സ്‌പെഷ്യലിസ്റ്റാണ്. ശാസ്ത്രജ്ഞയാകാനാഗ്രഹിച്ച കാറ്റ്‌ലിന്‍ ഹംഗറിയില്‍ ആര്‍എന്‍എയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ആ ഗവേഷണപദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ പണിമില്ലാതെ വന്നപ്പോഴാണ് കാറ്റ്‌ലിന്‍ ഭര്‍ത്താവും രണ്ടു വയസായ മകള്‍ സൂസനുമൊത്ത് 1985-ല്‍ യുഎസിലെത്തിയത്. ഫിലാഡല്‍ഫിയായിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ജോലി സ്വീകരിച്ചു. ( സൂസന്‍ റോവിംഗില്‍ രണ്ടു തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.)
ആ സമയെത്ത് ഫിസിഷ്യനും വൈറോളജിസ്റ്റുമായ ഡോ. വീസ്മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ 1988 മുതല്‍ എച്ച്‌ഐവി വാക്‌സിനുവേണ്ടിയുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഡോ. കരീക്കോയുമായി ചേര്‍ന്നാല്‍ എച്ചഐവി വാക്‌സിന്‍ രൂപപ്പെടുത്താമെന്നു ഡോ. വീസ്മാന്‍ കരുതുകയും അവര്‍ പങ്കുചേര്‍ന്ന് ഗവേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു എച്ച്‌ഐവി വാക്‌സിന്റെ കാര്യത്തില്‍ അവര്‍ക്കു നേരിടേണ്ടി വന്നത്.
ഇവരുടെ ഗവേഷണഫലങ്ങള്‍ എച്ച് ഐവി, ഇന്‍ഫ്‌ളുവന്‍സ, മലേറിയ തുടങ്ങിയവയ്‌ക്കെല്ലാം യോജിച്ച വാക്‌സിനുകള്‍ രൂപപ്പെടുത്തുന്നതിനു സഹായിക്കുമെന്നാണ് കരുതുന്നത്.