image

22 Nov 2023 5:38 AM GMT

People

മലയാള സാഹിത്യത്തിന്റെ മറ്റൊരു നഷ്ടം; പി വത്സലയ്ക്ക് പ്രണാമം

MyFin Desk

A tribute to P Vatsala, another loss of Malayalam literature
X

Summary

  • തിരുനെല്ലിയുടെ കഥാകാരി എന്നറിയപ്പെടുന്നു.


മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷയുമായ പി വത്സലയുടെ മരത്തോടെ മലയാള സാഹിത്യത്തിന് മറ്റൊരു തീരാ നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ്. 85 കാരിയായ വത്സല 1960 കള്‍ മുതല്‍ മലയാള സാഹിത്യ രംഗത്ത് സജീവമായിരുന്നു. തിരുനെല്ലിയുടെ കഥാകാരി എന്നാണ് പി ത്സല അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പത്ത് മണിക്കായിരുന്നു മരണം. വിദേശത്തുള്ള മകൻ എത്തിയ ശേഷം സംസ്കാരം നാളെ കോഴിക്കോട്ടു നടക്കും.

വയനാട്ടിലെ ആദിവാസി വിഭാഗത്തിന്റെ ജീവിതം അടിസ്ഥാനമാക്കിയെഴുതിയ നെല്ല് എന്ന നോവലാണ് പി വത്സലയെ ശ്രദ്ധയയാക്കിയത്. ഈ നോവല്‍ പിന്നീട് രാമു കാര്യാട്ട് സിനിമയാക്കി. വത്സല തന്നെയാണ് ഇതിന് തിരക്കഥ എഴുതിയത്. 1969 ല്‍ പുറത്തിറങ്ങിയ തകര്‍ച്ചയാണ് ആദ്യ നോവല്‍.

നെല്ല് (1972), ആഗ്നേയം (1974), അരക്കില്ലം (1977), വേനല്‍ (1979), കനല്‍ (1979), നിഴലുറങ്ങുന്ന വഴികള്‍ (1979), നമ്പരുകള്‍ (1980), പാളയം (1981), കൂമന്‍കൊല്ലി (1984), ഗൗതമന്‍ (1986), ആരും മരിക്കുന്നില്ല (1987), ചാവേര്‍ (1991), റോസ്‌മേരിയുടെ ആകാശങ്ങള്‍ (1993), വിലാപം (1997), ആദിജലം (2004) എന്നിവയാണ് പ്രധാന നോവലുകള്‍. തിരക്കിലല്പം സ്ഥലം (1969), ഉച്ചയുടെ നിഴല്‍ (1976), പഴയപുതിയ നഗരം (1979), ആനവേട്ടക്കാരന്‍ (1982), 'ഉണിക്കോരന്‍ ചതോപാധ്യായ (1985), കറുത്ത മഴപെയ്യുന്ന താഴ് വര (1988), അന്നാമേരിയെ നേരിടാന്‍ (1988), ചാമുണ്ടിക്കുഴി (1989), വത്സലയുടെ കഥകള്‍ (1989), അരുന്ധതി കരയുന്നില്ല (1991), പംഗരുപുഷ്പത്തിന്റെ തേന്‍ (1996), കോട്ടയിലെ പ്രേമ (2002), പൂരം (2003), കഥായനം (2003), വത്സലയുടെ സ്ത്രീകള്‍ (2005), വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ (2005), അശോകനും അയാളും (2006), ഉഷാറാണി, പുലിക്കുട്ടന്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. നെല്ല് ഹിന്ദിയിലേക്കും ആഗ്‌നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങളാണ്. അമ്മുത്തമ്മയാണ് പ്രധാന ബാലസാഹിത്യകൃതി.

കേരള സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം 2021 ലാണ് നേടി. വസ്തലയുടെ ശ്രദ്ധേയമായ കൃതി നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. മുട്ടത്ത് വര്‍ക്കി അവാര്‍ഡ്, എസ്.പി.സി.എസിന്റെ അക്ഷരപുരസ്‌കാരം, നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്‌കാരം, പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വിലാപത്തിന് സി.എച്ച്. അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെപേരിലുള്ള അക്ഷരപുരസ്‌കാരം, പി.ആര്‍. നമ്പ്യാര്‍ അവാര്‍ഡ്, എം.ടി. ചന്ദ്രസേനന്‍ അവാര്‍ഡ്, ഒ. ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവന അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ക്ക് സ്വന്തമാക്കിയിട്ടുണ്ട്.

1975ല്‍ പ്രസിദ്ധീകരിച്ച നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനാണ് പി വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. കൂടാതെ കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പിനും അര്‍ഹയായിട്ടുണ്ട്. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും പി വത്സല മലയാള സാഹിത്യത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

കോഴിക്കോട് വെള്ളിമാടുകുന്നില്‍ കാനങ്ങോട്ട് ചന്തുവിന്റേയും എലിപ്പറമ്പത്ത് പത്മാവതിയുടേയും മകളായി 1939 ഓഗസ്റ്റ് 28 ന് ജനനം. ഹൈസ്കൂൾ പഠനകാലം മുതല്‍ കഥയും കവിതയും എഴുതിത്തുടങ്ങി. അധ്യാപികയായി ജോലി ചെയ്തിരുന്ന പി വൽസല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു.