image

31 Jan 2025 2:03 PM GMT

Opinion

വളർച്ചയിലെ തളർച്ച തുടരുന്നു

റ്റി.സി. മാത്യു

വളർച്ചയിലെ തളർച്ച തുടരുന്നു
X

ഭയപ്പെട്ടതു തന്നെ സംഭവിക്കുന്നു. അടുത്ത ധനകാര്യ വർഷവും രാജ്യത്തെ സാമ്പത്തികവളർച്ച മെച്ചപ്പെടുകയില്ല. ബജറ്റിനു മുന്നോടിയായി പാർലമെൻ്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ നൽകുന്ന മുന്നറിയിപ്പാണത്.

മാർച്ച് 31 ന് അവസാനിക്കുന്ന വർഷം ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം) 6.4 ശതമാനം വളരും. ഏപ്രിൽ ഒന്നിനു തുടങ്ങുന്ന വർഷം വളർച്ച 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലാകും വളർച്ച എന്നു സർവേ പറയുന്നു. ചുരുക്കം - ഇക്കൊല്ലത്തേതിലും കൂടുതൽ ആകില്ല അടുത്ത വർഷത്തെ വളർച്ച. ജിഡിപി വളർച്ച ജനങ്ങൾക്കു വരുമാനവും തൊഴിലും ആയാണ് അനുഭവപ്പെടുക. വളർച്ചനിരക്ക് കൂടുന്നില്ല എന്നു വന്നാൽ തൊഴിലും വരുമാനവും കൂടുകയില്ല എന്നർഥം.

വിലക്കയറ്റവും സാവധാനമേ കുറയൂ എന്നാണു സർവേ പറയുന്നത്. ഈ വർഷം ഏപ്രിൽ- ഡിസംബർ കാലത്തു ചില്ലറ വിലക്കയറ്റം 4.9 ശതമാനമായിരുന്നു. അടുത്ത വർഷം മാർച്ച് ആകുമ്പോഴേക്ക് വിലക്കയറ്റം നാലു ശതമാനമാകും എന്നാണ് പ്രതീക്ഷ. ഉൽപന്ന കയറ്റുമതിയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. എന്നാൽ സേവനമേഖലയിലെ കയറ്റുമതി മികച്ചതായി. ഏപ്രിൽ - ഡിസംബറിൽ സേവന കയറ്റുമതി 12.8 ശതമാനം വർധിച്ചു. സേവനങ്ങളും ഉൽപനങ്ങളും ചേർന്നു മൊത്തം കയറ്റുമതിയിൽ വർധന ആറു ശതമാനം മാത്രമാണ്. ഈ ധനകാര്യ വർഷം കാർഷിക വളർച്ച 3.8 ശതമാനം മാത്രമാണ്. വ്യവസായ വളർച്ച 6.2 ശതമാനം പ്രതീക്ഷിക്കുന്നു.

സർക്കാർ നയപരമായ മാറ്റം വരുത്തേണ്ടതിൻ്റെ ആവശ്യകതയാണ് സർവേയിൽ വെളിപ്പെടുന്നത്. ജനങ്ങളുടെ പക്കൽ കൂടുതൽ പണം എത്തിച്ചു വളർച്ചയും ജനക്ഷേമവും കൂട്ടുന്ന നയസമീപനമല്ല ഇപ്പോൾ കേന്ദ്ര സർക്കാരിൻ്റേത്. മറിച്ചു സർക്കാരും സ്വകാര്യമേഖലയും കൂടി മൂലധന നിക്ഷേപം നടത്തി അതുവഴി വളർച്ചയും ജനങ്ങളുടെ വരുമാനവും കൂട്ടുക എന്നതാണു നിലവിലെ കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാട്.

മൂലധനനിക്ഷേപത്തിലൂടെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിയും വ്യവസായങ്ങൾ വളർത്തിയും താഴോട്ട് വികസനം കിനിഞ്ഞിറങ്ങട്ടെ (Trickle down) എന്നു സിദ്ധാന്തം. പല സാഹചര്യങ്ങളിലും ഈ സിദ്ധാന്തം ശരിയാണ്. എന്നാൽ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാനം തീരെ കുറവായ സാഹചര്യങ്ങളിൽ ഇതു ശരിയോ പ്രായോഗികമോ അല്ലെന്നതാണ് വസ്തുത. ദാരിദ്ര്യത്തോടു നേരിട്ട് ഏറ്റുമുട്ടേണ്ടി വരുമ്പോൾ നേരിട്ടു പണം നൽകുന്നതാേ പൊതുഖജനാവിലെ പണം ഉപയോഗിച്ചു തൊഴിൽ നൽകുന്നതോ പോലുള്ള നടപടികളാണു ഫലപ്രദം.

1930 കളിലെ വലിയ സാമ്പത്തികത്തകർച്ചയുടെ കാലത്തു യുഎസ് പ്രസിഡൻ്റ് ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ഇങ്ങനെയാണ് അമേരിക്കയെ കരകയറ്റിയത്. 2008 -09 ലെ ആഗോള മാന്ദ്യകാലത്ത് ഇന്ത്യയെ തകർച്ചയിൽ നിന്നു രക്ഷിക്കാൻ ഡോ. മൻമോഹൻ സിംഗിൻ്റെ തൊഴിലുറപ്പ് പദ്ധതിക്കും കമ്മിപ്പണം ഉപയോഗിച്ചു നടത്തിയ വികസന പ്രവർത്തനങ്ങൾക്കും കഴിഞ്ഞതു സമീപകാല ചരിത്രം. പക്ഷേ ആ വഴികൾ സ്വീകരിക്കാൻ സർക്കാർ ഇനിയും തയാറായിട്ടില്ല. അതാണു കുറഞ്ഞ വളർച്ചയിലേക്കു രാജ്യത്തെ വീഴ്ത്തിയത്.