ഇന്ത്യ ബജറ്റ് 2025-2026, ഒരു മിഡിൽ ക്ലാസ് ബഡ്‌ജറ്റ് ആണ് എന്ന് പറയാം. പ്രത്യക്ഷ നികുതിയിളവ് ഏഴു ലക്ഷത്തിൽ നിന്ന് 12 ലക്ഷമാക്കി ഉയർത്തിയാണ്, ഇന്നത്തെ ബജറ്റ് പ്രഖ്യാപനങ്ങളുടെ ഹൈലൈറ്റ്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടെ കുട്ടിയാൽ ഇത് 12:75 ലക്ഷം ആവും. ഇത് മിഡിൽ ക്ലാസ്സിന്റെ കൈയിലുള്ള തുക വർധിപ്പിക്കുകയും അവരുടെ പർച്ചെസിങ് പവർ കൂട്ടുകയും ചെയ്യും. വീടുകളിൽ വാങ്ങി ഉപയോഗിക്കുന്ന സാധനങ്ങൾ കൂടും. സേവിങ്‌സ് കൂടും. നിക്ഷേപങ്ങൾ കുടും. ജിഡിപി കുറഞ്ഞിരിക്കുവാൻ ഒരു കാരണം പ്രൈവറ്റ് കോൺസംപ്ഷൻ കുറഞ്ഞിരിക്കുന്നതാണ് എന്ന് പരക്കെ വിമർശനമുണ്ടായിരുന്നു. ഈ കാരണത്തെ കുറച്ചെങ്കിലും അഡ്രസ് ചെയ്യുവാൻ പ്രത്യക്ഷ നികുതിയിളവിലെ വർദ്ധനവിന് കഴിയും.
സാധാരണക്കാരുടെ കൈയ്യിൽ അധികം വരുന്ന തുകയിൽ ഒരു ഭാഗം സേവിങ്സ് ആയി മാറും. അപ്പോൾ ഹൗസ് ഹോൾഡ് സേവിങ്സ് വർദ്ധിക്കും. ബാങ്കുകളുടെ നിക്ഷേപ സമാഹരണ ലക്ഷ്യങ്ങൾക്ക് ഇത് സപ്പോർട്ട് ആവും. കൂടുതൽ വായ്പകൾ നൽകാൻ കഴിയും. ഇതിൽ ഒരു പങ്ക് തീർച്ചയായും സ്റ്റോക്ക് മാർക്കറ്റിലും എത്തും. അതിനാൽ ഈ തീരുമാനം ജിഡിപി യുടെ വളർച്ചക്ക് സഹായകമാവും.
ഡെപോസിറ്റിൻമേൽ ലഭിക്കുന്ന പലിശക്കുള്ള നികുതിയിൽ ഇളവ് നൽകണമെന്നായിരുന്നു ബാങ്കുകൾ ആവശ്യപ്പെട്ടിരുന്ന മറ്റൊരു കാര്യം ഇത് ഭാഗികമായി സാധിച്ചിട്ടുണ്ട്. അറുപത് വയസ്സിന് മേലെയുള്ള ഇടപാടുകാരുടെ ഡെപോസിറ്റിന്മേൽ ഉള്ള നികുതിയിളവ് അൻപതിനായിരത്തിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഇത് മുതിർന്ന പൗരന്മാർക്ക് സന്തോഷം നൽകും. ബാങ്കുകളിൽ ഈ വിഭാഗം ഇടപാടുകാരുടെ നിക്ഷേപം വർദ്ധിക്കും. പലിശയിനത്തിൽ മുതിർന്ന പൗരന്മാരുടെ കൈയ്യിൽ കൂടുതൽ തുക വന്നു ചേരും. ഇതും ഹൗസ്ഹോൾഡ് ഉപഭോഗം വർദ്ധിപ്പിക്കും. എന്നാൽ അറുപത് വയസ്സിന് താഴെയുള്ള വലിയ വിഭാഗം ഇടപാടുകാർക്ക് ഇക്കാര്യത്തിൽ കൂടുതൽ ആനുകൂല്യമൊന്നും നൽകിയിട്ടില്ല. അവർ തുടർന്നും നാല്പതിനായിരം രൂപയ്ക്കു മേൽ ലഭിക്കുന്ന പലിശക്ക് നികുതി നൽകണം.
ഷെയർ മാർക്കറ്റിൽ ഉള്ള നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിന് ഈടാക്കുന്ന നികുതി നിരക്കുകളിലേക്ക് ബാങ്ക് പലിശയുടെ നികുതി നിരക്കുകളും താഴ്ത്തികൊണ്ടുവരണം എന്ന ആവശ്യം ഇത്തവണയും ബജറ്റ് പരിഗണിച്ചിട്ടില്ല. പ്രത്യക്ഷ നികുതിയിലെ സ്ളാബുകളിൽ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങളും അഭിലഷണീയമാണ്. പതിനഞ്ചു ലക്ഷത്തിനു മുകളിൽ 30 ശതമാനായിരുന്ന നികുതി നിരക്ക്, ഇനി മുതൽ 24 ലക്ഷത്തിന് മുകളിൽ ആയിരിക്കും. ഇതും ആളുകളുടെ കൈയ്യിൽ കൂടതൽ പണം നീക്കിയിരിക്കാൻ സഹായിക്കും.
ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്ത് വിദ്യാഭ്യാസ ആവശ്യത്തിന് വിദേശത്തേക്ക് അയക്കുന്ന തുകക്ക് നികുതി ഒഴിവാക്കിയതും വാടക ഇനത്തിലെ വരുമാനത്തിന് ഉള്ള ടി ഡി എസ് രണ്ടു ലക്ഷത്തി നാല്പതിനായിരം രൂപയിൽ നിന്ന് ആറു ലക്ഷമായി ഉയർത്തിയതും നല്ല തീരുമാനമായി. ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി വർധിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളിൽ ഇപ്പോഴുള്ള 20 ശതമാനത്തിൽ വർദ്ധനവ് പ്രഖ്യാപിക്കുമെന്ന് ഒരു വിഭാഗം കരുതിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ മാറ്റമില്ല.
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കു സഹായകരമാവുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന്, സ്റ്റാർട്ടപ്പുകൾക്കുള്ള വായ്പകൾക്ക് നൽകിയിരുന്ന ക്രെഡിറ്റ് ഗാരന്റി 10 കോടിയിൽ നിന്ന് 20 കോടിയായി വർധിപ്പിച്ചതാണ്. ഇത് സ്റ്റാർട്ടപ്പുകൾക്കുള്ള ബാങ്ക് വായ്പകൾ എളുപ്പമാക്കും. ഇതുവഴി ഈട് നല്കാനില്ലാത്ത സ്റ്റാർട്ടപ്പുകൾക്കു സംരംഭത്തിന്റെ ഗുണമനുസരിച്ച് 20 കോടി വരെയുള്ള വായ്പകൾ നൽകാൻ ബാങ്കുകൾക്ക് കഴിയും. msme കളുടെ വളർച്ചക്കും ബാങ്കുകളുടെ വർദ്ധിച്ച വായ്പ വിതരണത്തിനും ഇത് വഴിവെക്കും. കൂടാതെ msme കളുടെ നിക്ഷേപ തുകയിലും 2.5 മടങ്ങും വിറ്റു ടേൺ ഓവർ ലിമിറ്റിൽ 2 മടങ്ങും വർദ്ധവ് ഉണ്ടാകും. ഇത് msme കളുടെ വളർച്ചക്ക് ഉതകും. മാത്രമല്ല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. msme കൾക്ക് സവിശേഷമായി ക്രെഡിറ്റ് കാർഡ് നൽകുമെന്നും പ്രഖ്യാപനമുണ്ട്.
കാർഷിക മേഖലക്ക് ഊന്നൽ നൽകുന്ന ചില പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. കയറ്റുമതി ഇറക്കുമതി രംഗത്തും ഡ്യൂട്ടി ഇനത്തിലും മറ്റും തിരഞ്ഞെടുത്ത വസ്തുക്കൾക്കു നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് തീമിൽ നിലവിലുള്ള നിയമങ്ങളിലും മറ്റും ആവശ്യമായ മാറ്റങ്ങൾ തുടർന്നും കൊണ്ട് വരും. അർബൻ ചലഞ്ചിന്റെ ഭാഗമായി വരുന്ന വികസന പ്രവർത്തനങ്ങളിൽ ബാങ്കുകൾക്ക് വായ്യ സാധ്യതകൾ ഉണ്ട്. ഡിജിറ്റിലൈസേഷൻ, ഫ്രോഡ് പ്രിവൻഷൻ, അസറ്റ് ക്വാളിറ്റി എന്നീ പ്രധാനപ്പെട്ട മേഖലകൾ ബഡ്ജറ്റിന്റെ പരിധിയിൽ വന്നില്ല.
സമ്പത് ഘടനയുടെ വിവിധ തുറകളിലേക്കു ചെറിയ ചെറിയ തുകകൾ വകയിരുത്തി ചില പദ്ധതികൾ പ്രഖ്യാപിച്ചുണ്ടെങ്കിലും അവയെല്ലാം വലിയ ഇമ്പാക്റ്റുകൾ ഉണ്ടാക്കുവാൻ പര്യാപ്തമല്ല. അടിസ്ഥാന സൗകര്യ വികസനത്തിന് ഉള്ള കാപ്പെക്സ് പ്രതീക്ഷിച്ചത്ര ഉയർന്നിട്ടില്ല. കഴിഞ്ഞ ബജറ്റിൽ വിലയിരുത്തിയ 11.11 ലക്ഷം കോടി പുതുക്കിയ കണക്കനുസരിച്ച് 10.18 ലക്ഷം കൂടിയായിരിക്കും. 2025 - 26 ലേക്ക് ഇത് 11.20 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേതിൽ നിന്നും 0.81 ശതമാനം വർദ്ധനവ്. പുതുക്കിയ കണക്കിൽ നിന്ന് 1.10 ശതമാനം വർദ്ധനവ് ഇക്കണോമിക് സർവ്വേ അനുസരിച്ച് 2025 26 സാമ്പത്തിക വർഷം 63 മുതൽ 68 ശതമാനം വരെയാണ് ജി ഡി പി വളർച്ച പ്രതീക്ഷിക്കുന്നത്. ഈ വളർച്ചക്ക് ഊർജം നൽകുവാൻ കാപ്പെക്സ് 11.20 ലക്ഷം കോടി മതിയോ എന്ന ചോദ്യം പ്രസക്തമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു രാജ്യം നൽകുന്ന പ്രാധാന്യം തന്നെയാണ് സനത് വ്യവസ്ഥയുടെ വളർച്ചയ്ക്കും ഉത്പാദന മേഖലയുടെ ഉന്മേഷത്തിനും തൊഴിൽ അവസരത്തിനും കാതലായിട്ടുള്ളത് എന്ന വസ്തുത ഈ പോദ്യം വീണ്ടും പ്രസക്തമാക്കുന്നുണ്ട്.