image

31 March 2025 9:35 AM

Opinion

കണ്ണഞ്ചിക്കുന്ന കയറ്റത്തിൽ മഞ്ഞലോഹം

റ്റി.സി. മാത്യു

കണ്ണഞ്ചിക്കുന്ന കയറ്റത്തിൽ മഞ്ഞലോഹം
X

അചിന്ത്യമായ നിലവാരത്തിലേക്കു സ്വർണവില കടക്കുകയാണ്. വെള്ളിയാഴ്ച ഒരു പവൻ സ്വർണം 66,720 രൂപയിൽ എത്തി. ശനിയാഴ്ച വില 66,880 രൂപയായി. ഇന്ന് ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില 67,000 കടന്നു. പവന് 320 രൂപ വർധിച്ച് 67,400 രൂപയായി.

കേരളത്തിൽ 24 കാരറ്റ് സ്വർണം10 ഗ്രാമിന് ഒരു ലക്ഷം രൂപ കടക്കുന്ന ദിവസം അകലെയല്ലെന്നു വിപണി കരുതുന്നു. 22 കാരറ്റ് ഒരു പവൻ 75,000 രൂപയിലും എത്താം.

രാജ്യാന്തര വിപണിയിൽ ഔൺസി (31.1 ഗ്രാം) ന് 3057 ഡോളർ ആയിരുന്നു വെള്ളിയാഴ്ച രാവിലെ. രാത്രി അമേരിക്കൻ വ്യാപാരത്തിൽ സ്വർണം 3085.70 ഡോളറിൽ ക്ലോസ് ചെയ്തു. അവധിവില 3118 ഡോളറിൽ എത്തി.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയങ്ങളാണു സ്വർണത്തെ ഇങ്ങനെ കയറ്റുന്നത്. രാജ്യാന്തര വ്യാപാര -സാമ്പത്തിക ക്രമീകരണങ്ങൾ അട്ടിമറിച്ച് ഏകപക്ഷീയ തീരുമാനങ്ങൾ നടപ്പാക്കുകയാണ് അദ്ദേഹം.

അമേരിക്കയിൽ നിന്നു പോയ വ്യവസായങ്ങളെ തിരിച്ചു കൊണ്ടുവന്ന് അവിടെ തൊഴിലും സമ്പത്തും വർധിപ്പിക്കുക എന്ന ലക്ഷ്യമാണു ട്രംപ് പറയുന്നത്. അതു സാധ്യമാണെന്ന് അധികമാരും കരുതുന്നില്ല. പക്ഷേ തൻ്റെ അനുയായികളെ അതു വിശ്വസിപ്പിച്ചും സംശയിക്കുന്നവരെ നിശബ്ദരാക്കിയും എതിർക്കുന്നവരെ ഒതുക്കിയും ട്രംപ് നയങ്ങൾ നടപ്പാക്കുന്നു.

അനിശ്ചിതത്വം കൂടി

രാജ്യം ഭീഷണിയിലാണെന്നു പ്രഖ്യാപിച്ച് അടിയന്തരാവസ്ഥാ അധികാരങ്ങൾ സ്വയം കൈയാളുന്ന പ്രസിഡൻ്റ് എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നടപ്പാക്കുന്ന കാര്യങ്ങൾ എന്തിലേക്കാണു നയിക്കുക എന്ന് ആർക്കും നിശ്ചയമില്ല. ഈ അനിശ്ചിതത്വമാണ് സ്വർണത്തെ ഇത്രയേറെ കയറ്റുന്നത്.

അനിശ്ചിതത്വവും ഭീതിയും ധനകാര്യ വിപണികൾക്ക് ഇഷ്ടമല്ല. ഭയമാണെന്നും പറയാം. അപ്പോൾ ഓഹരികൾ പോലെ ചാഞ്ചാടുന്ന ആസ്തികളിൽ നിക്ഷേപിക്കാൻ മടിക്കും. സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണക്കാക്കും. യുദ്ധങ്ങളും മഹാമാരികളും വലിയ തകർച്ചകളും വരുമ്പോൾ സ്വർണത്തിലേക്കു വലിയ നിക്ഷേപകർ തിരിയുന്നത് അതുകൊണ്ടാണ്.ഇപ്പോൾ അങ്ങനെയൊരു സമയമാണ്.

കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടുന്നു

സ്വർണത്തെ ഉയർത്തുന്ന മറ്റൊരു ഘടകം കേന്ദ്രബാങ്കുകളുടെ വാങ്ങലാണ്. കഴിഞ്ഞ മൂന്നു വർഷവും കേന്ദ്ര ബാങ്കുകൾ പ്രതിവർഷം ആയിരം ടൺ വീതം സ്വർണം വാങ്ങിക്കൂട്ടി. ലോകവിപണിയിൽ എത്തുന്ന സ്വർണത്തിൻ്റെ അഞ്ചിലൊരു ഭാഗം വരും ഇത്. ട്രംപ് വരുന്നതിനു മുൻപു തന്നെ കേന്ദ്രബാങ്കുകൾ ഈ വാങ്ങൽ തുടങ്ങിയിരുന്നു. ഇപ്പോഴും തുടരുന്നു.

ഡോളറിൻ്റെ ആധിപത്യം കുറയുന്നതും ക്രിപ്റ്റോ കറൻസികൾ വളരുന്നതും ആഗോള പണകൈമാറ്റം അസാധാരണ വേഗത്തിലും തോതിലും വർധിക്കുന്നതും കണക്കാക്കിയുള്ള സുരക്ഷാനീക്കമാണ് ഈ വാങ്ങൽ.

ലക്ഷ്യവില കൂട്ടുന്നു

സാമ്പത്തിക അനിശ്ചിതത്വം സ്വർണവില സംബന്ധിച്ച പ്രവചനങ്ങൾ തിരുത്താൻ വലിയ ബാങ്കുകളെ പ്രേരിപ്പിച്ചു. 2025 അവസാനം 3100 ഡോളർ എന്നു പറഞ്ഞിരുന്ന ഗോൾഡ്മാൻ സാക്സ് കഴിഞ്ഞ ആഴ്ച അത് 3300 ഡോളർ ആക്കി. സാക്സിലെ ലീന തോമസ് വില3680 ഡോളർ വരെ എത്താനുള്ള സാധ്യതയും ചുണ്ടിക്കാട്ടി. ബാങ്ക് ഓഫ് അമേരിക്ക 2026-ലെ വിലലക്ഷ്യം 3500 ഡോളറായി ഉയർത്തി.

തീരുവയുദ്ധത്തിൻ്റെ അടുത്തഘട്ടം വ്യക്തമാകുന്ന ഏപ്രിൽ രണ്ടിനു വീണ്ടും സ്വർണവിലയിൽ വലിയ മാറ്റം ഉണ്ടാകാം എന്നാണു വിപണിയിലെ സംസാരം.

കണക്കു തെറ്റിച്ച കയറ്റം

വിലക്കയറ്റത്തിനു ബദലായി സ്വർണത്തെ കാണുന്നവർ ഉണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഇതു ശരിയുമാകാം. എന്നാൽ കഴിഞ്ഞ വർഷം വിലക്കയറ്റം നിരന്തരം ഇടിഞ്ഞപ്പോൾ സ്വർണവില കുറയുകയല്ല കുതിക്കുകയാണു ചെയ്തത്. 2024-ൽ രാജ്യാന്തര സ്വർണവില 26.3 ശതമാനമാണു കൂടിയത്. ആഗോള വിലക്കയറ്റം 6.8 ൽ നിന്ന് 5.8 ശതമാനമായി കുറഞ്ഞപ്പോഴാണ് ഈ കയറ്റം. ഈ വർഷം ഇതുവരെ 17 ശതമാനം കയറ്റം ഉണ്ടായി.

ഡോളർ കരുത്തു നേടുമ്പോൾ സ്വർണം ഇടിയുന്നതാണു പതിവ്. പക്ഷേ 2024-ൽ സ്വർണവും ഡോളറും ഒന്നിച്ചു കയറി.

യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കൂടുമ്പോൾ സ്വർണവില താഴുന്നതാണു പതിവ്. പക്ഷേ 2024-25 ൽ രണ്ടും ഒരേപോലെ കയറി. സ്വർണവില അതിവേഗം കയറുമ്പോൾ ഏഷ്യൻ രാജ്യങ്ങളിലെ ഡിമാൻഡ് കുറയുന്നതാണു പതിവ്. ഇത്തവണ അതുണ്ടായില്ലെന്നു മാത്രമല്ല ഡിമാൻഡ് അസാധാരണമായി കൂടുകയും ചെയ്തു.

സ്വർണം, വെള്ളി വിലകൾ തമ്മിലുള്ള അനുപാതവും ഇപ്പോഴത്തെ ബുൾ കുതിപ്പിൽ പാലിച്ചു കാണുന്നില്ല.