2 Feb 2024 10:49 AM GMT
Summary
- പൊതുവേയുള്ള അഭിപ്രായത്തെയല്ല പരിഗണിക്കേണ്ടത്. മറിച്ച് നമ്മള്‍ ചെയ്യുന്നത്, നമ്മള്‍ അറിയുന്നത്, അതാണ് യാഥാര്‍ഥ്യം, അതാണ് പരിഗണിക്കേണ്ടത്.
- അന്ന് കമ്പനി 150 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. ഇന്നാകട്ടെ 4500 കോടി രൂപ അറ്റ ആസ്തിയുള്ള ഒരു കമ്പനിയായി കൊച്ചിന്‍ ഷിപ്യാഡ് മാറിക്കഴിഞ്ഞു.
- സൗത്തേഷ്യയിലെ തന്നെ ഏറ്റവും വലിയ മാരിടൈം ഹബ്ബാക്കാനാണ് ലക്ഷ്യം.
'ഫയര്‍ ഇന്‍ ദ ബെല്ലി, ഡ്രീം ഇന്‍ ദ ഹാര്‍ട്ട്' എന്ന ചിന്തയുമായി നടക്കുന്നവരാണ് സംരംഭകര്‍. വിജയം എന്നു പറയുന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. ഏറ്റവും നല്ല പഠനം എന്നു പറയുന്നത് അനുഭവത്തില്‍ നിന്നുള്ള പഠനമാണ്. സംരംഭകരാകാനാഗ്രഹിക്കുന്നവര്‍ മുന്‍പില്‍ വരുന്ന കാര്യങ്ങളെ മനസിലാക്കി അത് അവസരങ്ങളാണോയെന്ന് തിരിച്ചറിയണം കൊച്ചിന്‍ ഷിപ്പ്യാഡ് എംഡി മധു എസ് നായര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ വിജയീ ഭവ അലുംനി സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജോലിക്കായി എത്തി
ഞാന്‍ കൊച്ചിന്‍ ഷിപ്യാഡിന്റെ ഭാഗമായിട്ട് മുപ്പത്തിയഞ്ചിലധികം വര്‍ഷമായി. ഇരുപത്തിരണ്ടാമത്തെ വയസിലാണ് ഷിപ്പിയാഡില്‍ ചേരുന്നത്. അന്ന് ഒരു ജോലി എന്നതില്‍ കവിഞ്ഞ് എനിക്ക് ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഷിപ്യാഡില്‍ നിന്നും രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇറങ്ങണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. നെഗറ്റീവ് ആസ്തിയുമായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനമായിരുന്നു അന്ന് കൊച്ചിന്‍ ഷിപ്യാഡ്. പൊതുമേഖല സ്ഥാപനങ്ങളെക്കുറിച്ചുള്ള ആളുകളുടെ ചിന്തയാകട്ടെ അവിടെ ജോലി കിട്ടണമെങ്കില്‍ അത് ആരുടെയെങ്കിലും സഹായത്തോടെയാകുമെന്നുമായിരുന്നു. അക്കാലത്ത് എങ്ങനെയെങ്കിലും പുറത്ത് പോകണം എന്നൊരു ചിന്ത കൂടിയുണ്ടായിരുന്നു. പക്ഷേ, ക്രമേണ ആ ചിന്തകളൊകക്കെ മാറി.
കാഴ്ച്ചപ്പാടല്ല യാഥാര്‍ഥ്യം
1993 ലാണ് കൊച്ചിന്‍ ഷിപ്യാഡിലെ ജീവനക്കാരും ജനങ്ങളും ഷിപ്യാഡിനായി ഒരുമിക്കുന്നത്. അപ്പോഴേക്കും പൊതുവേയുള്ള അഭിപ്രായത്തെയല്ല പരിഗണിക്കേണ്ടത്. മറിച്ച് നമ്മള്‍ ചെയ്യുന്നത്, നമ്മള്‍ അറിയുന്നത്, അതാണ് യാഥാര്‍ഥ്യം, അതാണ് പരിഗണിക്കേണ്ടത് എന്ന ചിന്തയിലേക്ക് എത്തിയിരുന്നു. പൊതുവേ പൊതുമേഖല സ്ഥാപനങ്ങളെക്കുറിച്ചുള്ള അഭിപ്രായം അത് അഴിമതിയുള്ള, കെടുകാര്യസ്ഥത നിലനില്‍ക്കുന്ന് സ്ഥാപനമാണ് എന്നായിരിക്കും. പക്ഷേ, കൊച്ചിന്‍ ഷിപ്യാഡിലെ ജീവനക്കാര്‍ ഒരു തരത്തിലുള്ള അഴിമതിയും ഉള്ളവരായിരുന്നില്ല എന്നത് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും.
നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്ക്
1993 ല്‍ കപ്പല്‍ ശാല മൂലധനം റീസ്ട്രക്ച്ചര്‍ ചെയ്തു. അന്ന് കമ്പനി 150 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. ഇന്നാകട്ടെ 4500 കോടി രൂപ അറ്റ ആസ്തിയുള്ള ഒരു കമ്പനിയായി കൊച്ചിന്‍ ഷിപ്യാഡ് മാറിക്കഴിഞ്ഞു. ഇത് നടന്നത് കേരളത്തിലാണ്. ഒരു പൊതുമേഖല സ്ഥാപനത്തിലാണ്. കാഴ്ച്ചപ്പാടുകള്‍ മാറണമെങ്കില്‍ ഒന്നു നില്‍ക്കാന്‍ പറ്റണം. കൊച്ചിന്‍ ഷിപ്യാഡിന്റെ യാത്രയ്‌ക്കൊപ്പം ജപ്പാനിലെ ഒസാക്ക യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദം ചെയ്യാന്‍ ചേര്‍ന്നു. അവിടെ പഠിച്ചിറങ്ങിയവര്‍ക്ക് അവിടെ ജോലി കിട്ടുമായിരുന്നു. പക്ഷേ, അതു വേണ്ട എന്നു തീരുമാനിച്ചു ഞാൻ കേരളത്തിലേക്ക് തിരിച്ചു പോന്നു.
നമ്മുടെ നാട്ടിലൊരു രീതിയുണ്ട് വെള്ളക്കാര്‍ എന്തെങ്കിലും അംഗീകരിച്ചാല്‍ മാത്രമേ നാട്ടിലും അംഗീകാരം കിട്ടു. അങ്ങനെ കൊച്ചിന്‍ ഷിപ്യാഡ് കപ്പലുകള്‍ കയറ്റി അയക്കാന്‍ തുടങ്ങി. സത്യസന്ധത, ഗുണമേന്മയിലെ സ്ഥിരത എന്നിവയുണ്ടെങ്കില്‍ മാത്രമേ വിജയവും തുടരാനാകു.
പരാജയങ്ങളുണ്ടാകും, പക്ഷേ പിന്മാറരുത്
എന്ത് പ്രശ്‌നം വന്നാലും നേരിടണം. ലക്ഷ്യങ്ങള്‍ നേടാന്‍ ഏതറ്റം വരെയും പരിശ്രമിക്കണം. പലപ്പോഴും തോല്‍വിയായിരിക്കും ഫലം. തളരരുത്. തുടക്കത്തിലുള്ള അതേ ഊര്‍ജ്ജത്തോടെ വീണ്ടും പരിശ്രമിക്കണം. എനിക്ക് ഇഷ്ടമുള്ള ജോലിയാണ് ഞാന്‍ ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഓരോ ദിവസവും പുതിയ ഊര്‍ജ്ജത്തോടെയാണ് മുന്നോട്ട് പോകുന്നത്. ലക്ഷ്യബോധമുണ്ടായിരിക്കുക എന്നതാണ് പ്രധാനം. ഫലത്തിനായി കാത്തിരിക്കണം.
കഴിഞ്ഞ മാസമാണ് 2800 കോടി രൂപയുടെ പദ്ധതി പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തത്. അതുവഴി 3000 തൊഴിലവസരങ്ങളാണുണ്ടാകുന്നത്. സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്ക് ജോലി ലഭിക്കുന്നത് ഒരു സാമൂഹ്യപരിവര്‍ത്തനമാണ്. എപ്പോഴും നമ്മളെ താരതമ്യം ചെയ്യാന്‍ ആളുണ്ടാകും. പക്ഷേ, നമുക്കാവുന്നത് ചെയ്യുക എന്നതാണ് പ്രധാനം. ഗുണമേന്മയില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക.
നമ്മുടെ ചുറ്റുമല്ല ലോകം തിരിയുന്നതെന്ന് ഓര്‍ക്കുക. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ ഒരേ സമയം ആറ് കപ്പലുകള്‍ റിപ്പയര്‍ ചെയ്യുന്ന ഡ്രൈ ഡോക്കാണുള്ളത്. അത് വികസിപ്പിക്കുക എന്ന ലക്ഷ്യം കപ്പല്‍ശാലയ്ക്കുണ്ട്. സൗത്തേഷ്യയിലെ തന്നെ ഏറ്റവും വലിയ മാരിടൈം ഹബ്ബാക്കാനാണ് ലക്ഷ്യം. പ്രതിവര്‍ഷം 250 ഷിപ്പ് റിപ്പയര്‍ ചെയ്യുകയാണ് ലക്ഷ്യം. കേരള സര്‍ക്കാര്‍ മികച്ച പിന്തുണയുമായി ഒപ്പമുണ്ട്.