25 Oct 2022 8:37 AM GMT
Summary
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കൺസർവേറ്റീവ് പാർട്ടി എംപി റിഷി സുനക് 10 ഡൗണിംഗ് സ്ട്രീറ്റിലെത്തുമ്പോൾ നിരവധി കടമ്പകളാണ് അദ്ദേഹത്തിന് കടക്കാനുള്ളത്. രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ കെട്ടുറപ്പുള്ളതാക്കാനും പാർട്ടിയെ ഒരുമിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ഈ 42 കാരന്റെ മുന്നിലുള്ളത് ആകെ കുത്തഴിഞ്ഞു കിടക്കുന്ന ബ്രിട്ടന്റെ സാമ്പത്തിക മേഖലയാണ്; ഇത് നേരെയാക്കിയെടുക്കുന്നത് അത്ര നിസാരമായ കാര്യമല്ല. 2015-ൽ റിച്ച്മണ്ട് (യോർക്ക്) മണ്ഡലത്തിൽ നിന്ന് ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുനക് 2017ലും 2019ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2020 ഫെബ്രുവരിയിൽ, ബോറിസ് ജോൺസൻ മന്ത്രിസഭയിൽ […]
പുതിയ പ്രധാനമന്ത്രി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പണപ്പെരുപ്പമാണ്. യുകെ-യുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 9.9% ൽ നിന്ന് 2022 സെപ്റ്റംബറിൽ 10.1% ആയി; ഇത് 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. വിപണി പ്രതീക്ഷകളെ മറികടന്ന് ദൈനം ദിന ജീവിതച്ചെലവ് കുതിച്ചുയരുന്നത് തടയുന്നതിൽ റിഷി സുനാക്കിന് എത്രമാത്രം വിജയിക്കാനാവുമെന്നത് രാഷ്ട്രീയ നിരീക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ്.
മൂഡീസ് ഇൻവെസ്‌റ്റേഴ്‌സ് സർവീസ് കഴിഞ്ഞയാഴ്ച യുകെ-യുടെ സോവറിൻ ക്രെഡിറ്റ് റേറ്റിംഗ് "സ്ഥിരത"യിൽ നിന്ന് "നെഗറ്റീ"വായി താഴ്ത്തുകയും ഡെറ്റ് ഗ്രേഡ് 'Aa3'-ൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ദുർബലമായ വളർച്ചാ സാധ്യതയും ഉയർന്ന പണപ്പെരുപ്പവും അസ്ഥിരമായ ആഭ്യന്തര രാഷ്ട്രീയ ചുറ്റുപാടുകളും, ഉയരുന്ന കട ബാധ്യതകളുമാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളായി മൂഡീസ് ചൂണ്ടിക്കാണിക്കുന്നത്. ഇതിനും ദിവസങ്ങൾക്കു മുൻപ് മിനി ബജറ്റിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ കടത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഫിച്ച് "സ്ഥിര"ത്തിൽ നിന്ന് "നെഗറ്റീവായി" കുറച്ചു. സ്റ്റാൻഡേർഡ് ആൻഡ് പുവറിന്റെ ക്രെഡിറ്റ് റേറ്റിംഗ് നെഗറ്റീവ് വീക്ഷണത്തോടെ AA-യിലാണ് ഇപ്പോഴുള്ളത്. ഇങ്ങനെ പ്രധാനപ്പെട്ട റേറ്റിംഗ് ഏജൻസികളൊക്കെ യുകെ-യുടെ സമ്പദ് ഘടന തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് എന്ന് താക്കീതു നൽകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിഷി സുനക് ബ്രിട്ടന്റെ സാരഥിയാകുന്നത്.
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിട്ട വൻതോതിലുള്ള തൊഴിലില്ലായ്മ ഒഴിവാക്കാൻ സുനക്ക് ഏറ്റെടുത്ത സാമ്പത്തിക രക്ഷാ പാക്കേജ് വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം പ്രധാനമായും അതാണ്.
എന്നാൽ, കോവിഡ് കഴിഞ്ഞു പുനർനിർമാണത്തിലേക്ക് ലോക രാജ്യങ്ങൾ നീങ്ങി തുടങ്ങുമ്പോഴാണ് റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. മാന്ദ്യം അതിന്റെ കൂർത്ത ദംഷ്ട്രങ്ങൾ പുറത്തു കാട്ടിത്തുടങ്ങി. കുതിച്ചു കയറുന്ന ജീവിതച്ചെലവ്, ഊർജച്ചെലവിലെ വൻ വർദ്ധനവ് തുടങ്ങി ആഭ്യന്തര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു പുറമേ, യൂറോപ്പും മറ്റു രാജ്യങ്ങളുമായുള്ള പ്രധാന മേഖലകളിലെ ബന്ധങ്ങൾ വളർത്തിയെടുക്കാനും സുനക് ശ്രമിക്കേണ്ടതുണ്ട്. രാഷ്ട്രീയ സഹകരണം, പ്രതിരോധവും സുരക്ഷയും, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം എന്നിങ്ങനെ നിരവധിയാണ് മുന്നിലുള്ള വിഷയങ്ങൾ.
കഴിഞ്ഞ തിങ്കളാഴ്ച ലിസ് ട്രസിന്റെ മിനി ബജറ്റിലെ ഒട്ടുമിക്ക നിർദ്ദേശങ്ങളും ചാൻസലർ ജെറമി ഹണ്ട് പുറംതള്ളിയിരുന്നു. ചാൻസലറുടെ പ്രഖ്യാപനത്തെ നിക്ഷേപകർ സ്വാഗതം ചെയ്തതിനാൽ തിങ്കളാഴ്ച പൗണ്ട് ഉയരുകയും സർക്കാർ വായ്പാ ചെലവ് കുറയുകയും ചെയ്തു. യുകെയുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനുമാണ് ചാൻസലർ ഈ തീരുമാനങ്ങൾ എടുത്തത്.
രാജ്യത്തിൻറെ പൊതുമേഖലാ ബാങ്കുകൾ ഒഴികെയുള്ള സർക്കാരിന്റെ അറ്റ വായ്‌പ 2022 സെപ്റ്റംബറിൽ 20 ബില്യൺ പൗണ്ടായിരുന്നു; 1993 ന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന വായ്പയാണിത്. കഴിഞ്ഞ മാസം സർക്കാർ ചെലവ് 79.3 ബില്യൺ പൗണ്ടായിരുന്നു; വരുമാനം 71.2 ബില്യൺ പൗണ്ടും, കടപ്പലിശ 7.7 ബില്യൺ പൗണ്ടും; 1997 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്നതാണിത്. ഇതിൽ നികുതി വരവ് 52.0 ബില്യൺ പൗണ്ട് ആയിരുന്നു
സൂര്യനസ്തമിക്കാത്ത രാജ്യത്തിൻറെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇന്ത്യൻ വംശജനായ ഒരാൾ ഒരുങ്ങിയിറങ്ങിയത് തികച്ചും യാദൃച്ഛികമായാണ്. റിഷി എപ്പോഴും തന്റെ കുടിയേറ്റ വേരുകളെക്കുറിച്ചു വാചാലനായിരുന്നു. കഴിഞ്ഞ ദീപാവലിക്ക് ചാൻസിലർ ആയി സ്ഥാനമേറ്റപ്പോൾ 11 ഡൗണിംഗ് സ്ട്രീറ്റിൽ അലങ്കാര വിളക്കുകൾ കൊളുത്തി ആഘോഷിച്ച അദ്ദേഹം ഒരു ഹിന്ദുവായി തന്നെയാണ് ജീവിച്ചു പോന്നത്.
എന്റെ നാനിജി കെനിയയിൽ നിന്നും അറുപത് വർഷങ്ങൾക്ക് മുൻപ് ഇവിടെ വന്നിറങ്ങിയെങ്കിൽ അവരുടെ കൊച്ചുമകൾ, അതായത് എന്റെ കുട്ടികൾ, ഇവിടെ തെരുവിൽ രംഗോലി വരക്കുന്നു, ഏതാനും മാസങ്ങൾക്ക് മുമ്പ് തന്റെ പ്രചാരണ വീഡിയോയിൽ സുനക് പറഞ്ഞു.
മൂന്നു തലമുറ മുൻപ് പഞ്ചാബിൽ നിന്നും ആഫ്രിക്കയിലെ ടാൻസാനിയയിലേക്കു കുടിയേറിപ്പാർത്ത റെയിൽവേ എഞ്ചിനീയറായ രഘുബീറിന്റെയും ടാൻസാനിയയിൽ തന്നെ ജനിച്ചു വളർന്ന പഞ്ചാബിൽ കുടുംബ വേരുള്ള ശ്രാക്ഷയുടെയും മകളായ ഉഷയാണ് റിഷി സുനക്കിന്റെ അമ്മ. അച്ഛനാകട്ടെ ഇപ്പോഴത്തെ പാകിസ്താനിലെ ഗുജ്‌രംഗ്‌വാലയിൽ നിന്നും 30 -കളിൽ കെനിയയിലേക്കു കുടിയേറിയ രാംദാസ് സുനാക്കിന്റെയും സുഹജ് റാണിയുടേയും മകനായ യശ്‍വീർ സുനക്കും. 1930-കളിൽ ഗുജ്‌രംഗ്‌വാലയിൽ നടന്ന കലാപത്തിൽ വീടും സ്ഥലവും ഉപേക്ഷിച്ചു ഒട്ടനവധി ഹിന്ദു-സിഖ് കുടുംബങ്ങൾ ആഫ്രിക്കയിലേക്ക് രക്ഷപ്പെട്ടിരുന്നു.
ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയ റിഷി സ്റ്റാൻഫോർഡ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോഴാണ് അക്ഷത മൂർത്തിയെ കണ്ടുമുട്ടുന്നത്. ഇൻഫോസിസിന്റെ സ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകളെ 2009-ൽ ഭാര്യയാക്കുമ്പോഴേക്കും റിഷി ഒരു എണ്ണപ്പെട്ട ഫണ്ട് മാനേജർ ആയിക്കഴിഞ്ഞു. ഇപ്പോൾ ബ്രിട്ടനിലെ 700 മില്യൺ പൗണ്ടിലധികം ആസ്തിയുള്ള ശത കോടീശ്വരന്മാരിൽ ഒരാളാണ് റിഷി സുനക്.
ഒക്‌ടോബർ 31-ന് ചാൻസലർ ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റ് പ്ലാനിൽ ചെലവ് ചുരുക്കലും നികുതി വർദ്ധനയും ഉൾപ്പെടാനിടയുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്. എന്തായാലും, ഉയർന്ന പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന കടമെടുപ്പ് ചെലവുകൾ, ആസന്നമായ മാന്ദ്യം എന്നിവയെ അഭിമുഖീകരിക്കാൻ റിഷി സുനക്കിന് കഴിയുമെന്ന പ്രത്യാശയിലാണ് സാമ്പത്തിക വിദഗ്ധർ.