14 Aug 2022 10:29 PM GMT
Summary
ദലാൽ സ്ട്രീറ്റ് എക്കാലവും അപകടസാധ്യത നിറഞ്ഞതായിരുന്നു. അവിടെ വലിയ സമ്പത്ത് ഉണ്ടാക്കിയവർ പലപ്പോഴും അഴിമതിക്കാർ എന്ന പേരിൽ വാർത്താ തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചു.. അതുകൊണ്ട് തന്നെ ഉദാരവൽക്കരണാനന്തര ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഓഹരി വിപണിയെ സംശയത്തോടെ മാത്രം വീക്ഷിച്ചു പോന്നു. അവിടേക്കാണ് രാകേഷ് ജുൻജുൻവാല എത്തുന്നത്. അതേ വിപണിയിൽ നിന്നാണ് അദ്ദേഹം 5.8 ബില്യൺ ഡോളർ (ഏകദേശം 46,000 കോടി രൂപ) സമ്പത്ത് സ്വരൂപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകൻ എന്ന പദവിയിലേക്ക് ഉയർന്നത്- അതും അഴിമതി ആരോപണങ്ങളുടെ നിഴൽ പോലും തീണ്ടാതെ. […]
ദലാൽ സ്ട്രീറ്റ് എക്കാലവും അപകടസാധ്യത നിറഞ്ഞതായിരുന്നു. അവിടെ വലിയ സമ്പത്ത് ഉണ്ടാക്കിയവർ പലപ്പോഴും അഴിമതിക്കാർ എന്ന പേരിൽ വാർത്താ തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചു.. അതുകൊണ്ട് തന്നെ ഉദാരവൽക്കരണാനന്തര ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഓഹരി വിപണിയെ സംശയത്തോടെ മാത്രം വീക്ഷിച്ചു പോന്നു.
അവിടേക്കാണ് രാകേഷ് ജുൻജുൻവാല എത്തുന്നത്. അതേ വിപണിയിൽ നിന്നാണ് അദ്ദേഹം 5.8 ബില്യൺ ഡോളർ (ഏകദേശം 46,000 കോടി രൂപ) സമ്പത്ത് സ്വരൂപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകൻ എന്ന പദവിയിലേക്ക് ഉയർന്നത്- അതും അഴിമതി ആരോപണങ്ങളുടെ നിഴൽ പോലും തീണ്ടാതെ.
ഓഹരി കുഭകോണ കഥകളിലെ നായകന്മാരായ ഹർഷദ് മേത്ത, കേതൻ പരേഖ് തുടങ്ങിയ പേരുകളിൽ നിന്ന് വ്യത്യസ്തമായി ഓഹരി വിപണിയുടെ ചരിത്രത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തപ്പെട്ട പേരാണ് രാകേഷ് ജുൻജുൻവാലയുടേത്. ഒരു മാന്ത്രികനെപോലെ ശൂന്യതയിൽ നിന്ന് സമ്പത്തിൻറെ സാമ്രാജ്യം സൃഷ്ടിച്ചവൻറെ ചരിത്രമാണത്. വിപണിയിൽ പിച്ച വയ്ക്കുന്ന വരുംതലമുറ ശ്രദ്ധയോടെ പഠിക്കേണ്ട ചരിത്രം.
രാകേഷ് ജുൻജുൻ വാലയുടെ വിപണിയിലെ ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കപ്പെട്ടു. ഒട്ടേറെ പേർ അദ്ദേഹത്തിൻറെ സഞ്ചാര പഥങ്ങൾ പിൻപറ്റി. ആ പോർട്ട്‌ഫോളിയോ ഇന്ത്യൻ ഓഹരി വിപണിയിലെ പുതുനിക്ഷേപകർക്ക് ഒരു പാഠപുസ്തകമായിരുന്നു.
ബിഗ് ബുള്ളിന്റെ തിരഞ്ഞെടുപ്പുകളിൽ കാര്യമായ പാളിച്ചകളുണ്ടായില്ല. ചില മേഖലകളിൽ, പ്രത്യകിച്ച് അടിസ്ഥാനസൗകര്യ മേഖലയിൽ ചെറിയ തോൽവികളുണ്ടായത് മറക്കുന്നില്ല.
എന്നാൽ ജുൻജുൻവാലയുടെ വിജയങ്ങൾ അതിലും എത്രയോ മഹത്തരമായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ തോൽവികൾ നിസ്സാരമായിരുന്നു. അദ്ദേഹം കൈവച്ച ഓഹരികൾ താണ്ടിയ ഉയരങ്ങളാണ് ആ വിജയങ്ങളുടെ നേർ സാക്ഷ്യങ്ങൾ.
ആഴമേറിയ ഗവേഷണമായിരുന്നു രാകേഷ് ജുൻജുൻ വാലയുടെ കരുത്ത്. ഓരോ ഓഹരിയെ കുറിച്ചും സാധ്യമായ അത്ര വിവരങ്ങൾ ശേഖരിച്ചു. കമ്പനികളെകുറിച്ച് വ്യക്തമായ ധാരണകളുണ്ടാക്കി. വിപണിയെകുറിച്ച് മാത്രമല്ല, വ്യവസായത്തിൻറെ വിവിധ വശങ്ങളെകുറിച്ച് അദ്ദേഹം പൊതുജനങ്ങളുമായി സംവദിക്കാൻ എപ്പോഴും തയ്യാറായിരുന്നു. ഓഹരി വിപണിയിൽ മാത്രം തലപൂഴ്ത്തിയിരിക്കുന്ന മറ്റ് നിക്ഷേപകരിൽ നിന്ന് വ്യത്യസ്തമായി ക്ഷണിച്ച പൊതുപരിപാടികളിലെല്ലാം പങ്കെടുത്തു. കമ്പോളങ്ങൾക്കപ്പുറമുള്ള വിവിധ വിഷയങ്ങളെപറ്റി ആവേശത്തോടെ സംസാരിച്ചു.
ഒടുവിൽ, സ്വന്തമായ വിമാന കമ്പനി തുടങ്ങിയ സമയത്താണ്, 62-ാം വയസ്സിൽ, ക്ഷണിക്കപ്പെടാത്ത അതിഥിയായി മരണമെത്തിയത്. എങ്കിലും, കാലാവസ്ഥയെയും, മരണത്തെയും, സ്ത്രീകളെയും കുറിച്ച് ആർക്കും ഒരിക്കലും പ്രവചിക്കാനാവില്ലെന്ന് എപ്പോഴും പറയുമായിരുന്ന രാകേഷ് ജുൻജുൻവാല പടിയിറങ്ങുന്നത് ജീവിതത്തിന്റെ ഗ്രാഫിൽ വിജയത്തിൻറെ പച്ച മെഴുതിരികൾ കത്തിച്ചു വെച്ചാണ്.
ആ ബാലൻസ്ഷീറ്റിൽ വിജയത്തിൻറെ പെരുക്ക പട്ടിക മാത്രമാണ് ബാക്കിയാവുന്നത്.
ഓഹരി വിപണിയിലെ ബിഗ് ബുള്ളിന് വിട.