image

25 April 2022 4:19 AM GMT

People

ഡോളര്‍ ആധിപത്യം തകര്‍ച്ചയിലോ?

Raj Kumar Nair

ഡോളര്‍ ആധിപത്യം തകര്‍ച്ചയിലോ?
X

Summary

യുക്രെയ്ന്‍ ആക്രമണത്തോടെ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യ കക്ഷികളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം ഡോളറിനും അമേരിക്കന്‍ ആധിപത്യത്തിനും തിരിച്ചടിയാകുമോ? അന്താരാഷ്ട്ര വ്യാപാരത്തില്‍ ഏതാണ്ട് 88 ശതമാനവും ഡോളറില്‍ ആയതുകൊണ്ടാണ് റഷ്യയ്ക്ക് എതിരായ ഉപരോധങ്ങള്‍ ഇത്രയെങ്കിലും ഫലപ്രാപ്തിയിലെത്തിയത്. റിസര്‍വ് കറന്‍സിയായി ഡോളറിനുള്ള അംഗീകാരവും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. കൂടാതെ, ആഗോളതലത്തില്‍ ആശ്രയിക്കുന്ന ഫിനാന്‍ഷ്യല്‍ മെസ്സേജിങ് സംവിധാനമായ സ്വിഫ്റ്റ് എന്ന സംവിധാനവും ഇതിന് കാരണമാണ്. സ്വിഫ്റ്റ്, ബെല്‍ജിയത്തിലെ ഒരു സൊസൈറ്റി ആയി രൂപം കൊണ്ടതാണെങ്കിലും, അമേരിക്കയുടെയും ചില യൂറോപ്യന്‍ രാജ്യങ്ങളുടെയും നിയന്ത്രണത്തിലാണ്. […]


യുക്രെയ്ന്‍ ആക്രമണത്തോടെ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യ കക്ഷികളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം ഡോളറിനും അമേരിക്കന്‍ ആധിപത്യത്തിനും തിരിച്ചടിയാകുമോ? അന്താരാഷ്ട്ര വ്യാപാരത്തില്‍ ഏതാണ്ട് 88 ശതമാനവും ഡോളറില്‍ ആയതുകൊണ്ടാണ് റഷ്യയ്ക്ക് എതിരായ ഉപരോധങ്ങള്‍ ഇത്രയെങ്കിലും ഫലപ്രാപ്തിയിലെത്തിയത്. റിസര്‍വ് കറന്‍സിയായി ഡോളറിനുള്ള അംഗീകാരവും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. കൂടാതെ, ആഗോളതലത്തില്‍ ആശ്രയിക്കുന്ന ഫിനാന്‍ഷ്യല്‍ മെസ്സേജിങ് സംവിധാനമായ സ്വിഫ്റ്റ് എന്ന സംവിധാനവും ഇതിന് കാരണമാണ്. സ്വിഫ്റ്റ്, ബെല്‍ജിയത്തിലെ ഒരു സൊസൈറ്റി ആയി രൂപം കൊണ്ടതാണെങ്കിലും, അമേരിക്കയുടെയും ചില യൂറോപ്യന്‍ രാജ്യങ്ങളുടെയും നിയന്ത്രണത്തിലാണ്.

റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിന്റെ കരുതല്‍ മരവിപ്പിച്ചു എന്ന അപ്രതീക്ഷിത നടപടി എല്ലാ രാജ്യങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. യുക്രെയ്ന്‍ ആക്രമിക്കപ്പെട്ടതില്‍ റഷ്യയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും നാറ്റോ ഒഴിച്ചുള്ള പല രാജ്യങ്ങളും കറന്‍സി, സ്വിഫ്റ്റ്, റിസര്‍വ് എന്നിവയെ പ്രത്യക്ഷത്തില്‍ തന്നെ ആയുധങ്ങളാക്കിയതില്‍ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് ആര്‍ക്കുനേരെയും ഉപയോഗിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഒരു ബദല്‍ സംവിധാനത്തിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചും തുടങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ തന്നെ ഡോളര്‍, ഇതര കറന്‍സികളില്‍ ബില്‍ ചെയ്യാന്‍ തുടങ്ങി എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. ഡോളറില്‍ ആണ് കൂടുതല്‍ റിസര്‍വ് എങ്കിലും, യൂറോ, പൗണ്ട് , യെന്‍, കനേഡിയന്‍ ഡോളര്‍ , ഫ്രാങ്ക്, യുവാന്‍ എന്നിവയും പല രാജ്യങ്ങളും റിസര്‍വ് കറന്‍സി ആയി ഉപയോഗിക്കുന്നുണ്ട് . ചൈനയുടെ യുവാന്‍ 2016 ല്‍ മൊത്തം കരുതല്‍ധനത്തില്‍ 2.5 ശതമാനം മാത്രമായിരുന്നു. എന്നാല്‍ പിന്നീട് കഥ മാറുന്ന അവസ്ഥയാണ് കാണുന്നത്. ഏതാണ്ട് 75 രാജ്യങ്ങള്‍ ചൈനയുടെ റെന്‍മിന്‍ബിയില്‍ ( ചൈനയുടെ കറന്‍സിയ്ക്ക് രണ്ട് പേരുകളുണ്ട്. യുവാനും പീപ്പിള്‍സ് റെന്‍മിന്‍ബിയും. ഫോറക്‌സ് മാര്‍ക്കറ്റില്‍ ഔദ്യോഗിക കറന്‍സിയായി ഉപയോഗിക്കുന്നത് റെന്‍മിന്‍ബി ആണ്. എന്നാല്‍ രാജ്യത്തെ സാമ്പത്തിക സംവിധാനത്തില്‍ ഉപയോഗിക്കുമ്പോള്‍ ഇത് യുവാന്‍ ആയി മാറും) നിക്ഷേപിയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കൂടാതെ ആഗോള ബില്ലിങില്‍ യുവാന്‍ ഇപ്പോള്‍ നാലാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ചൈനയുടെ മെസ്സേജിങ് സിസ്റ്റം ആയ സിപ്‌സ് (CIPS) 1200 ധനകാര്യ സ്ഥാപനങ്ങളെ ഇപ്പോള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. വളരെ കാലമായി തങ്ങളുടെ കറന്‍സിക്കു മുന്‍തൂക്കം കിട്ടന്‍ പല ദീര്‍ഘകാല പദ്ധതികളും പ്ലാന്‍ ചെയ്തിരിക്കുന്ന ഈ സമയത്താണ് അമേരിക്കയുടെ എടുത്തു ചട്ടം. അപ്പോഴും ഒരു പ്രശ്‌നം അവശേഷിക്കുന്നു. ഒരു അന്താരാഷ്ട്ര കറന്‍സി എന്ന നിലയില്‍ മറ്റ് രാജ്യങ്ങളുടെ വിശ്വാസം പിടിച്ച് പറ്റാന്‍ ചൈനയക്കാവുന്നില്ല.

അമേരിക്കന്‍ ഉപരോധങ്ങള്‍ ഭൂമിയെ തകര്‍ത്തു കളഞ്ഞുവെന്നാണ്് അമേരിക്കന്‍ ട്രഷറിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ജോണ്‍ സ്മിത്ത് വിശേഷിപ്പിച്ചത്. ഇത്തരം ഉപരോധത്തിനെതിരെ അമേരിക്കയില്‍ നിന്ന് തന്നെ ശബ്ദങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുവെന്ന് സാരം. വ്യാപാരം ,മറ്റ് സാമ്പത്തിക ഇടപാടുകള്‍, സെന്‍ട്രല്‍ ബാങ്ക് കരുതല്‍ നാണയം എന്നിങ്ങനെ വ്യാപകമായി ഉപയോഗിക്കുന്ന കറന്‍സി ആയിട്ടും, ഡോളറിനെ പ്രത്യക്ഷമായി ആയുധമാക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇത് ഡോളറിനെ ദുര്‍ബലപെടുത്തുകയും ആഗോള സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യും.

ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീത ഗോപിനാഥ് പറയുന്നത് ഉപരോധം ഡോളറിന്റെ സ്വാധീനത്തെ ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നുവെന്നാണ്. ഷാങ് യാന്‍ലിംഗ്, ബാങ്ക് ഓഫ് ചൈനയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പറഞ്ഞത് ഉപരോധം 'യുഎസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഡോളറിന്റെ ആധിപത്യത്തെ തകര്‍ക്കുകയും ചെയ്യും' എന്നാണ്. പക്ഷെ, മൂല്യത്തില്‍ സ്ഥിരതയുള്ളതും, മറ്റുള്ള രാജ്യങ്ങള്‍ക്ക് വിശ്വാസ്യതയുള്ളതുമായ ഒരു കറന്‍സിയായി ഇപ്പോഴും ഡോളര്‍ നിലനില്‍ക്കുന്നു എന്നൊരു മറുവശവുമുണ്ട്. പക്ഷെ, എത്രനാള്‍ എന്നതാണ് യുക്രെയ്ന്‍ -റഷ്യ യുദ്ധം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.