image

24 Feb 2022 7:34 AM GMT

People

റഷ്യക്കെതിരെ 'സ്വിഫ്റ്റ്' ഉപരോധം: പേയ്‌മെന്റ് ശൃംഖലകൾ താറുമാറാകുമോ?

Myfin Editor

Summary

സ്വിഫ്റ്റ് എന്ന വാക്ക് ഇന്ന് സമൂഹമാധ്യമങ്ങളിലും മറ്റും ധാരാളമായി ഉപയോഗിച്ച് കാണുന്നുണ്ട്. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ സ്വിഫ്റ്റ് നിരോധനം ഏർപ്പെടുത്തുന്നു എന്നും നമ്മൾ കേൾക്കുന്നു. സ്വിഫ്റ്റ് ഉപരോധത്തിലൂടെ റഷ്യയെ അടിയറവു പറയിപ്പിക്കാമെന്നാണ് പാശ്ചാത്യ ശക്തികൾ ആഗ്രഹിക്കുന്നത്. ഈ പശ്ചാത്തലത്തിൽ എന്താണ് സ്വിഫ്റ്റ് എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. 1973 ൽ ബെൽജിയത്തിലെ ബാങ്കുകൾ ചേർന്നു രൂപീകരിച്ച സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർ ബാങ്ക് ഫിനാൻഷ്യൽ ടെലകമ്മ്യൂണിക്കേഷൻ അഥവാ സ്വിഫ്റ്റ് (SWIFT) ബാങ്കുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്കുള്ള ഒരു […]


സ്വിഫ്റ്റ് എന്ന വാക്ക് ഇന്ന് സമൂഹമാധ്യമങ്ങളിലും മറ്റും ധാരാളമായി ഉപയോഗിച്ച് കാണുന്നുണ്ട്. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ സ്വിഫ്റ്റ് നിരോധനം ഏർപ്പെടുത്തുന്നു എന്നും നമ്മൾ കേൾക്കുന്നു. സ്വിഫ്റ്റ് ഉപരോധത്തിലൂടെ റഷ്യയെ അടിയറവു പറയിപ്പിക്കാമെന്നാണ് പാശ്ചാത്യ ശക്തികൾ ആഗ്രഹിക്കുന്നത്. ഈ പശ്ചാത്തലത്തിൽ എന്താണ് സ്വിഫ്റ്റ് എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

1973 ൽ ബെൽജിയത്തിലെ ബാങ്കുകൾ ചേർന്നു രൂപീകരിച്ച സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർ ബാങ്ക് ഫിനാൻഷ്യൽ ടെലകമ്മ്യൂണിക്കേഷൻ അഥവാ സ്വിഫ്റ്റ് (SWIFT) ബാങ്കുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്കുള്ള ഒരു ഡിജിറ്റൽ മെസ്സേജിങ് സർവീസ് നെറ്റ്‌വർക്ക് ആണ്. അതായതു, ഇന്ത്യയിൽ 25 വർഷം മുൻപ് വരെ ഉപയോഗിച്ചിരുന്ന ടെലക്സ് സംവിധാനത്തിനു പകരം വന്ന ഒരു വിശാല ആഗോള നെറ്റ്‌വർക്ക്. യു എസ്, ഇംഗ്ലണ്ട്, യൂറോപ്യൻ യൂണിയൻ സെൻട്രൽ ബാങ്കുകളുടെ മേൽനോട്ടത്തിലാണ് ഇത് മുന്നോട്ടു പോകുന്നത്.

ആഗോള വ്യാപാരത്തിനു ആവശ്യമായ ഏതു കറൻസിയിലും പണം
കൈമാറുന്നതിനു വളരെ സംരക്ഷണം നൽകുന്ന എൻക്രിപ്റ്റഡ് മെസ്സേജിങ് ശൃംഖലയിലെ ഒരു മെസ്സഞ്ചർ ആയി പ്രവർത്തിക്കുന്ന സ്വിഫ്റ്റ് നേരിട്ട് പണം കൈകാര്യം ചെയ്യുന്നില്ല. അത് ബാങ്കുകളാണ് ചെയ്യുന്നത്; കറൻസി കോൺവെർട് ചെയ്യുന്നത് ഉൾപ്പടെ.

അന്താരാഷ്ട്ര ബിസിനസിന്റെ (കയറ്റുമതി /ഇറക്കുമതി )
സെറ്റിൽമെന്റ് നടക്കുന്നത് 200 ഓളം വരുന്ന എല്ലാ രാജ്യങ്ങളിലെയും/ ടെറിറ്ററികളിലെയും 11,000 -ഓളം ബാങ്കുകൾ അംഗങ്ങളായിട്ടുള്ള സ്വിഫ്റ്റ് വഴിയാണ്.

2022 ഫെബ്രുവരി മാസം 385 മില്യൺ മെസ്സേജ് സ്വിഫ്റ്റ് വഴി നടന്നിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഫോറിൻ എക്സ്ചേഞ്ച് കൈകാര്യം ചെയ്യുന്ന ഷെഡ്യൂൾഡ് ബാങ്കുകളും ഇതിലെ മെംബേർസ് ആണ്.

ഓപ്പറേഷൻസ്
എല്ലാ ബാങ്കുകളുടെയും ഫോറിൻ എക്സ്ചേഞ്ച് ബ്രാഞ്ച്കൾക്കു
ഓരോ സ്വിഫ്റ്റ് മെഷീനുകൾ സ്വന്തമായിട്ടുണ്ടാവും. രാജ്യം, ബാങ്ക്, ബ്രാഞ്ച് ഇവയെ സൂചിപ്പിക്കുന്ന സ്വിഫ്റ്റ് കോഡ് എന്ന് അറിയപ്പെടുന്ന ഒരു 11 അക്ക യൂണിക് ഐഡന്റിഫിക്കേഷൻ കോഡ് ഓരോ സ്വിഫ്റ്റ് മെഷീനും കൊടുത്തിട്ടുണ്ട്. ബാങ്കുകൾക്കു കോഡ് വഴി പരസ്പരം മനസ്സിലാക്കി മെസ്സേജിന്റെ ആധികാര്യത അറിയാൻ ഇതിലൂടെ സാധിക്കും. മെസ്സേജ് എൻക്രൈപ്റ്റഡ് ആയി അയക്കുന്നതിനാൽ ഹാക്ക് ചെയ്യാൻ സാധ്യമല്ല.

ഫണ്ട്‌ ട്രാൻസ്ഫർ കൂടാതെ, ലെറ്റർ ഓഫ് ക്രെഡിറ്റ്‌, സ്റ്റാൻഡ്ബൈ ക്രെഡിറ്റ്‌, ഗ്യാരണ്ടീ, തുടങ്ങി എല്ലാ സാമ്പത്തികേതര ആവശ്യങ്ങൾക്കും ഈ സംവിധാനം ഉപയോഗിക്കുന്നു. ഓരോരോ ആവശ്യങ്ങൾക്കും പ്രത്യേകം നമ്പർ ചെയ്ത ഫോർമാറ്റ്‌ ഉള്ളത് കൊണ്ട് സുതാര്യവും കൈകാര്യം ചെയ്യാൻ അനായാസവും ആണ്.

ഉദാ. MT 101 - പണം അയക്കുന്നതിനു ബാങ്കിന്റെ കസ്റ്റമർ ബാങ്കിനോട്
നിർദ്ദേശിക്കുന്ന ഫോർമാറ്റ്‌…

MT 103 - ഒരു ബാങ്ക് മറ്റൊരു ബാങ്കിനോട് നിർദ്ദേശിക്കുന്ന ഫോർമാറ്റ്‌…
അങ്ങിനെ…

എന്നാൽ രണ്ടു കമ്പനികൾ തമ്മിൽ മെസ്സേജ് അയക്കാൻ പറ്റില്ല. ബാങ്കുകളിലൂടെ മാത്രമേ അയക്കാൻ പറ്റുകയുള്ളു, വിശ്വാസ്യതയും പക്വതയും ഉറപ്പ് വരുത്താൻ ഇത് സഹായിക്കുന്നു.

ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സൊസൈറ്റി ആണെങ്കിലും ചിലവുകളിലേക്കായി ഓരോ മെസ്സേജിനും നിശ്ചിത ഫീ സ്വിഫ്റ്റ് ഈടാക്കുന്നുണ്ട്.

സ്വിഫ്റ്റിനെ ഒരു ഇന്റർഫെയ്സിലൂടെ ഓരോ ബ്രാഞ്ചിന്റെയും കോർബാങ്കിംഗ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചു, എല്ലാ മെസ്സേജ്കളും ബ്രാഞ്ചിന്റെ മറ്റു ബിസിനസിന്റെ ഭാഗമായി ഉൾപെടുത്തേണ്ടതാണ്.

ബാങ്ക് ഫണ്ട്‌ ട്രാൻസ്ഫർ
ആഗോള വ്യാപാരങ്ങളുടെ സെറ്റിൽമെന്റിനായി ബാങ്കുകൾ വിവിധ
കറൻസികളിൽ അന്താരാഷ്ട്ര ഫിനാൻഷ്യൽ സെന്ററുകളിൽ അക്കൗണ്ടുകൾ തുറന്നു ആവശ്യത്തിനുള്ള ബാലൻസ് സൂക്ഷിക്കുന്നു

ഉദാ: ഇന്ത്യയിലെ ബാങ്കുകൾ അമേരിക്കയിലെ കറസ്പോൺഡന്റ് ബാങ്കിൽ യുഎസ് ഡോളർ അക്കൗണ്ട്, ബ്രിട്ടനിൽ പൗണ്ട് സ്റ്റെർലിംഗ് അക്കൗണ്ട്, ഫ്രാങ്ക്‌ഫർട്ടിൽ യൂറോ അക്കൗണ്ട്, എന്നിങ്ങനെ.

ഒരു ഇന്ത്യൻ ഇമ്പോർട്ടർക്കു വേണ്ടി പേയ്‌മെന്റ് നടത്താൻ ഇന്ത്യൻ ബാങ്ക്, തങ്ങളുടെ കറസ്പോൺഡന്റ് ബാങ്കിന് സ്വിഫ്റ്റ് മെസ്സേജ് കൊടുക്കുന്നു.

മെസ്സേജിൽ തുക, കൊടുക്കേണ്ട തീയതി കൂടാതെ, എക്സ്പോർട്ടർ, അവരുടെ ബാങ്ക്, ബാങ്കിന്റെ കറസ്പോൺഡന്റ് ബാങ്ക് എന്നിവരുടെ അക്കൗണ്ടു വിവരങ്ങൾ കൊടുക്കുന്നു

ഒരു മാനുഷിക ഇടപെടലുമില്ലാതെ മുഴുവൻ ഓട്ടോമാറ്റഡ് ആയ സ്ട്രൈറ് ത്രു സിസ്റ്റത്തിൽ, രണ്ടു ബാങ്കുകളിലൂടെ, എക്സ്പോർടർക്കു അയാളുടെ അക്കൗണ്ടിൽ പണം എത്തും, നമ്മുടെ RTGS /NEFT പോലെ.

ഓൺ ലൈൻ ആയ ഈ പ്രോസസ്സിന് മിനുട്ടുകൾ മതിയെങ്കിലും, ഒരു ദിവസത്തെ എല്ലാ മെസ്സേജ്കളും ഒന്നിച്ചു അയക്കാനായി ബിസിനസ്‌ സമയം കഴിഞ്ഞു അയക്കുന്നത് കൊണ്ടും ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും സമയ വ്യത്യാസം മൂലവും, മിക്കവാറും അടുത്ത ദിവസത്തിലായിരിക്കും പണം അക്കൗണ്ടിൽ കിട്ടുന്നത്. എന്നാൽ അപേക്ഷ കിട്ടുന്ന മുറക്ക് രാവിലെ തന്നെ അയച്ചാൽ
മിനിറ്റുകൾക്കകം ഇമ്പോർട്ടറുടെ അക്കൗണ്ടിൽ ക്രെഡിറ്റ്‌ കിട്ടാനും സാധ്യത ഉണ്ട്.

2016 മുതൽ ഇന്ത്യക്കുള്ളിൽ റുപീ ട്രാൻസ്ഫർ ചെയ്യുവാനുള്ള ഒരു സംവിധാനം, സ്വിഫ്റ്റ് ഇന്ത്യ തുടങ്ങിയിട്ടുണ്ട്. ഈ ജോയിന്റ് വെൻചുവറിന്റെ 45% ഓഹരി ഇന്ത്യയിലെ ബാങ്ക്കളാണ് മുടക്കിയിട്ടുള്ളത്. ഇപ്പോൾ 44 ബാങ്കുകൾ ഇതു
പ്രയോജനപെടുത്തുന്നുണ്ട്.

റഷ്യക്കുള്ള ഉപരോധം
റഷ്യയുടെ പ്രധാനപെട്ട ബാങ്കുകളെ സ്വിഫ്റ്റിൽ നിന്നും ബാൻ ചെയ്തെന്നും സെൻട്രൽ ബാങ്കിനെ ബാൻ ചെയ്യുമെന്നും റിപ്പോർട്ട്‌ ചെയ്യുന്നു.

റഷ്യയുടെ മൊത്തം വരുമാനത്തിന്റെ 40% ക്രൂഡ് ഓയിൽ /ഗ്യാസിൽ നിന്നും ആണെന്നും, ഇവയാണ് റഷ്യയുടെ എക്സ്പോർട്ടിന്റെ 60% വും എന്നാണ് റിപ്പോർട്ട്‌. സ്വിഫ്റ്റിൽ നിന്നും റഷ്യയെ ബാൻ ചെയ്താൽ, റഷ്യക്കു കിട്ടേണ്ട അന്താരാഷ്ട്ര പേമെൻറ്കൾ എല്ലാം മുടങ്ങും. ഇതു മൂലം അവരുടെ ജിഡിപി വളരെ കുറയുമെന്നാണ് റഷ്യയുടെ മുൻ ഫിനാൻസ് മിനിസ്റ്റർ പറയുന്നത്.

എന്നാൽ, മറ്റു രാജ്യങ്ങൾക്കു റഷ്യയിൽ നിന്ന് കിട്ടേണ്ടവയും തടസ്സപ്പെടും. നീണ്ടുപോയാൽ ഇതിന്റെ ഒരു കണ്ടെജിയൻ എഫക്ട് മൂലം, ഇതുമായി ബന്ധമില്ലാത്ത പല രാജ്യങ്ങളിൽ തമ്മിലുള്ള പേയ്‌മെന്റ് ശൃംഖലകൾ താറുമാറാകൻ സാധ്യതയുണ്ട്. ലോകമാകെ ഇതിന്റെ ദുർഫലം അനുഭവിക്കേണ്ടി വരും.

റഷ്യൻ സെൻട്രൽ ബാങ്കിനെ ബാൻ ചെയ്താൽ, 630 ബില്യൻ ഡോളർ വരുന്ന ഫോറിൻ കറൻസി റിസേർവ് ഉപയോഗിക്കുന്നതിനും അവരുടെ റൂബിൾ കറൻസി സ്റ്റബിലൈസേഷൻ ഓപ്പറേഷൻ മുതലായ മോണിട്ടറി പോളിസിയും നടത്താൻ പറ്റാതെ വരും,

കാരണം ഈ റിസേർവ് മറ്റു രാജ്യങ്ങളിലെ കറൻസികളിലായിരിക്കും.

അവർ സ്വന്തം ഡിജിറ്റൽ കറൻസിയോ (CBDC) ക്രിപ്റ്റോ കറൻസിയോ, സ്വന്തം പേയ്‌മെന്റ് ശൃങ്ഗലയോ ഒക്കെ ഉപയോഗിക്കുമെന്ന് കേൾക്കുന്നെങ്കിലും അതിനൊക്കെ ഒരുപാടു പരിധിയും അപ്രായോഗികതയും ഉണ്ട്.

(ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ള ആശയങ്ങളും അഭിപ്രായങ്ങളും ലേഖകന്റെ മാത്രമാണ്. ഇത് വായിച്ചിട്ടു നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് മൈഫിൻ പോയിന്റ്.കോം ഉത്തരവാദിയായിരിക്കുന്നതല്ല. വായനക്കാർ താന്താങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം മാത്രം നിക്ഷേപങ്ങൾ നടത്തുക.).

Tags: