image

22 Feb 2022 9:37 PM GMT

People

സാമൂഹ്യ നീതിയും സാമാന്യ യുക്തിയും

സാമൂഹ്യ നീതിയും സാമാന്യ യുക്തിയും
X

Summary

ജന്മ വാസനകൾ ഒരു വശത്ത്. സംസ്കാരത്തിന്റെ ഉത്തമ മാതൃകകൾ ഉയർത്തി കാട്ടുന്ന ആശയസംഹിതകൾ മറു വശത്ത്. ഇവയ്ക്കിടയിലെ സംഘർഷമാണ് മനുഷ്യജീവിതം. എല്ലാ മേഖലകളിലും ഇതിന്റെ ഉദാഹരണങ്ങൾ കാണാം. സാമൂഹ്യ നീതിയുടെ കാര്യത്തിലും ഇതിന്റെ പ്രതിഫലനം കാണാം. സാമൂഹ്യ നീതി എന്ന ആശയം തന്നെ രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രയോഗത്തിൽ വന്നതാണ്. ഗോത്രങ്ങളായി ജീവിക്കുന്ന ആദികാലങ്ങളിൽ തൊഴിൽ എന്നത് അതത് ഗോത്രങ്ങൾക്കുള്ളിൽ തന്നെ ഒതുങ്ങുന്ന കാര്യമായിരുന്നു. പിന്നീട് സമൂഹങ്ങളായി മാറിയപ്പോഴും തൊഴിൽ എന്നത് അതിരുകൾക്കുളിൽ ഒതുങ്ങുന്ന പ്രവർത്തിയായിരുന്നു. അന്ന് […]


ജന്മ വാസനകൾ ഒരു വശത്ത്. സംസ്കാരത്തിന്റെ ഉത്തമ മാതൃകകൾ ഉയർത്തി കാട്ടുന്ന ആശയസംഹിതകൾ മറു വശത്ത്. ഇവയ്ക്കിടയിലെ സംഘർഷമാണ് മനുഷ്യജീവിതം. എല്ലാ മേഖലകളിലും ഇതിന്റെ ഉദാഹരണങ്ങൾ കാണാം.

സാമൂഹ്യ നീതിയുടെ കാര്യത്തിലും ഇതിന്റെ പ്രതിഫലനം കാണാം. സാമൂഹ്യ നീതി എന്ന ആശയം തന്നെ രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രയോഗത്തിൽ വന്നതാണ്.

ഗോത്രങ്ങളായി ജീവിക്കുന്ന ആദികാലങ്ങളിൽ തൊഴിൽ എന്നത് അതത് ഗോത്രങ്ങൾക്കുള്ളിൽ തന്നെ ഒതുങ്ങുന്ന കാര്യമായിരുന്നു. പിന്നീട് സമൂഹങ്ങളായി മാറിയപ്പോഴും തൊഴിൽ എന്നത് അതിരുകൾക്കുളിൽ ഒതുങ്ങുന്ന പ്രവർത്തിയായിരുന്നു. അന്ന് നിലനിന്നത് ഫ്യുഡൽ വ്യസ്ഥിതിയായിരുന്നത് കൊണ്ട് തൊഴിലും ആനുകൂല്യങ്ങളും മുകളിൽ നിന്ന് താഴേക്ക് എന്ന ക്രമത്തിൽ വിതരണം ചെയ്യപ്പെട്ടിരുന്നു.

തലപ്പത്തുള്ളവരുടെ താത്പര്യങ്ങൾക്കനുസരിച്ചായിരുന്നു ഇത് എങ്കിലും മനുഷ്യസഹജമായ അനുകമ്പയുടെ ബലത്തിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിരുന്നു.

വ്യാവസായിക വിപ്ലവത്തോടെയാണ് വർഗ്ഗപരമായ അതിരുകൾ വ്യതിരിക്തമായി വരുന്നത്. അതിലൂടെ നിലവിൽ വന്ന തൊഴിൽപരമായ അസമത്വങ്ങളാണ് വർഗ്ഗപരമായ ബോധത്തിന്ന് കാരണമായതും സംഘടനാ രീതിയിലേക്ക് മാറുവാൻ പ്രേരകമായതും.

സമൂഹത്തിലെ എല്ലാ വിഭാഗമാളുകൾക്കും ലിംഗ വർഗ്ഗ ഭേദമന്യേ തുല്യമായി വിഭവലഭ്യത ഉറപ്പാക്കുക, തുല്യ നീതി ഉറപ്പാക്കുക എന്നതൊക്കെയാണ് സാമൂഹ്യ നീതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
ആശയപരമായി ഇത് സോഷ്യലിസ്റ്റ് ചിന്താധാരയുടെ ഭാഗമായിട്ടാണ് കരുതപ്പെടുന്നത്. ഉള്ളവൻ തൻ്റെ വിഭവങ്ങൾ ഭരണകൂടത്തിന്റെ ആവശ്യമില്ലാതെതന്നെ അതില്ലാത്തവനുമായി സ്വമേധയാ പങ്ക് വെക്കുന്ന അവസ്ഥയാണ് കമ്മ്യുണിസം വിഭാവന ചെയുന്നത്. കഴിവും കാര്യപ്രാപ്തിയും ഉള്ളവ മാത്രം വിജയിക്കുക എന്നത് ജന്തുക്കൾക്കും സസ്യങ്ങൾക്കും പൊതുവായ പരിണാമ സത്യമാണ്. നമ്മുടെ ജനിതക ഘടന തന്നെ അത്തരത്തിലുള്ളതാണ്. അതിൻ്റെ ഭാഗമാണ് സ്വാർത്ഥത എന്ന് പറയാം. സോഷ്യലിസ്റ്റ് രാജ്യങ്ങൾ എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളിലും ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഈ വിവേചനം കാണാം. അധികാര സ്ഥാനമാണ് അതിൻറെ അളവുകോൽ എന്ന് മാത്രം. എല്ലാവർക്കും തുല്യ നീതി എന്നത് സമൂഹം എത്തിച്ചേരാനുള്ള സങ്കൽപ്പ ലക്ഷ്യമായി തന്നെ നിലനിൽക്കാനുള്ള സാധ്യതയാണ് ഇതിലൂടെ ഊന്നുന്നത്.

മത്സരാധിഷ്ടമായ ഇന്നത്തെ സമൂഹത്തിൽ ഈ വിവേചനം കൂടുതൽ സങ്കീർണമാണ്. ഉള്ളവരുടെ ശതമാനം കുറയുകയും അവരുടെ നിയന്ത്രണത്തിലുള്ള ധന, വിഭവങ്ങളുടെ തോത് വർധിക്കുകയും ചെയുമ്പോൾ സമൂഹത്തിലെ അസമത്വം കൂടുതൽ പ്രകടമായി വരുന്നു. സംഘടിതമല്ലാത്ത തൊഴിൽ മേഖലകളിൽ ഇത് കൂടുതൽ രൂക്ഷമായും പ്രതിഫലിക്കും.

ലോകത്തിൽ തൊഴിൽ ചെയുന്ന 60 % ആളുകളും അസംഘടിത മേഖലിയിൽ ഉള്ളവരാണെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) കണക്കുകൾ പറയുന്നത്. വികസ്വര അവികസിത രാജ്യങ്ങളിൽ ഇതിന്റെ തോത് ഏറെ ഉയർന്നതാണ്. അസംഘടിത തൊഴിൽ ചെയുന്നവർ ഏറ്റവും കൂടുതൽ ഉള്ളത് ആഫ്രിക്കയിലും (ഏകദേശം 85 %) കുറവ് യൂറോപ്യൻ രാജ്യങ്ങളിലുമാണ് (ഏകദേശം 25%) എന്നാണ് കണക്ക്. ഇന്ത്യയിലെ 75 ശതമാനത്തിൽ അധികവും തൊഴിലാളികൾ അസംഘടിത മേഖലകളിൽ ഉള്ളവരാണ്. തൊഴിൽ ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളെല്ലാം ഇവർക്ക് വറുതിയുടെ ദിനങ്ങളാണ് സമ്മാനിക്കുന്നത്.

മഹാമാരി പോലെയുള്ള സാമൂഹ്യ പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് അസംഘടിതമായി നിൽക്കുന്ന തൊഴിൽ വരുമാന മേഖലകളെയാണ്. കഴിഞ്ഞ രണ്ട് വർഷമായി വരുമാനം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്നവരുടെ അവസ്ഥയാണ് 2022 ലെ സാമൂഹ്യ നീതി ദിനം അസംഘടിത തൊഴിൽ മേഖലയിൽ ഉള്ളവർക്ക് വേണ്ടി സമർപ്പിക്കാൻ ഐക്യ രാഷ്ട്ര സഭയെ പ്രേരിപ്പിച്ചത്. 2030 ആവുമ്പോഴേക്കും എല്ലാ വിഭാഗം തൊഴിലും സംഘടിത മേഖലയിലേക്ക് കൊണ്ട് വരുവാനും അവർക്ക് സാമൂഹ്യപരമായ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഐക്യ രാഷ്ട്ര സഭയുടെ തന്നെ പദ്ധതിയോട് ചേർന്ന് പോകുന്നതാണ് ഇക്കൊല്ലത്തെ സാമൂഹ്യ നീതി ദിനം.

നടേ സൂചിപ്പിച്ച വസ്തുതകളുടെ പശ്ചാത്തലത്തിൽ ആദർശപരമായ ഔന്നിത്യം പ്രതിഫലിക്കുന്ന ആചാരങ്ങൾ എത്രത്തോളം ഫലപ്രാപ്തി നേടും എന്നത് കണ്ടറിയേണ്ടതാണ്.

(അഭിപ്രായങ്ങൾ വ്യക്തിപരം, മൈഫിൻപോയി​ന്റി​ന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല)